റോക്ക് സംഗീത ഇതിഹാസം ഡേവിഡ് ബോവി അന്തരിച്ചു

ലണ്ടന്‍: റോക്ക് സംഗീതത്തിലെ പിക്കാസോയെന്നറിയപ്പെട്ട വിഖ്യാത ഗായകന്‍ ഡേവിഡ് ബോവി (69) അന്തരിച്ചു. ബോവി ഒന്നര വര്‍ഷമായി അര്‍ബുദത്തിനു ചികില്‍സയിലായിരുന്നുവെന്നു മകനും ഹോളിവുഡ് സിനിമാ സംവിധായകനുമായ ഡങ്കന്‍ ജോണ്‍സ് അറിയിച്ചു.
നിരവധി ഹിറ്റ് ഗാനങ്ങളിലൂടെ ജനമനസ്സുകളില്‍ ഇടംപിടിച്ച റോക്ക് സംഗീതത്തിന്റെ ആത്മാവെന്നു ലോകം വിശേഷിപ്പിച്ച ബോവി ഇക്കഴിഞ്ഞ വെള്ളിയാഴ്ച തന്റെ ജന്മദിനത്തോടനുബന്ധിച്ച് ഏറ്റവും പുതിയ ആല്‍ബം പുറത്തിറക്കിയിരുന്നു. പുതുതലമുറയെ വളരെയധികം സ്വാധീനിച്ച റോക്ക് ഗായകരില്‍ ഒരാളാണ് ബോവി. നാല്‍പതു വര്‍ഷമായി റോക്ക് സംഗീതരംഗത്തുള്ള ബോവി ഗായകന്‍, സംഗീത സംവിധായകന്‍, ഗാന രചയിതാവ് എന്നീ നിലകളില്‍ പ്രശസ്തനാണ്. 1972ല്‍ പുറത്തിറങ്ങിയ ദി റൈസ് ആന്റ് ഫാള്‍ ഓഫ് സിക്ഷി സ്റ്റാര്‍ ഡസ്റ്റ് ആന്റ് സ്‌പൈഡേഴ്‌സ് ഫ്രം ദി മാഴ്‌സ് എന്ന സംഗീത ആല്‍ബമാണ് വഴിത്തിരിവായത്.
ലെറ്റ്‌സ് ഡാന്‍സ്, സ്‌പെസ് ഒഡിറ്റി, സ്റ്റാര്‍മാന്‍, മോഡേണ്‍ ലവ്, ഹിറോസ് തുടങ്ങിയവ ജനമനസ്സില്‍ ഇടം നേടിയ ബോവിയുടെ മറ്റ് ആല്‍ബങ്ങളാണ്. മായക്കാഴ്ചകളുടെയും ചിന്തകളുടെയും ദൃശ്യഭംഗിയില്‍ സംഗീതം ചേര്‍ത്തുണ്ടാക്കിയ ആല്‍ബങ്ങള്‍ വില്‍പ്പനയില്‍ റെക്കോഡാണ് സൃഷ്ടിച്ചത്.
Next Story

RELATED STORIES

Share it