റൊണാള്‍ഡിഞ്ഞോ 24ന് കോഴിക്കോട്ടെത്തും

കോഴിക്കോട്: മുന്‍ ലോക ഫുട്‌ബോളറും ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസവുമായ റൊണാള്‍ഡിഞ്ഞോ 24ന് കോഴിക്കോട്ടെത്തും. ജില്ലാ ഫുട്‌ബോ ള്‍ അസോസിയേഷനും മാണ്ട്യ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റും സംയുക്തമായി സംഘടിപ്പിക്കുന്ന നാഗ്ജി ഇന്റര്‍നാഷനല്‍ ക്ലബ്ബ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ബ്രാന്‍ഡ് അംബാസഡറായാണ് കാല്‍പ്പന്തുകളി ആരാധകരുടെ പ്രിയ താരം കോഴിക്കോട്ടെത്തുന്നത്.
ഫെബ്രുവരി 5ന് കോര്‍പറേഷന്‍ ഇഎംഎസ് സ്റ്റേഡിയത്തില്‍ ആരംഭിക്കുന്ന ടൂര്‍ണമെന്റിന്റെ ഉദ്ഘാടകനും റൊണാള്‍ഡിഞ്ഞോ ആണ്. കോഴിക്കോട് എയര്‍പോര്‍ട്ടിലെത്തുന്ന റൊണാള്‍ഡിഞ്ഞോക്ക് കേരള സര്‍ക്കാരിന്റെയും ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍, മൊണ്ട്യാല്‍ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് എന്നിവയുടെയും നേതൃത്വത്തില്‍ ഊഷ്മളമായ വരവേല്‍പ്പ് നല്‍കും.
പൗരാവലിയുടെ നേതൃത്വത്തില്‍ വൈകീട്ട് 5.30ന് കടപ്പുറത്ത് വന്‍ സ്വീകരണവും ഒരുക്കിയിട്ടുണ്ട്. ടൂര്‍ണമെന്റിന്റെ സമ്മതപത്രം അദ്ദേഹം സേഠ് നാഗ്ജി കുടുംബത്തില്‍നിന്ന് ഏറ്റുവാങ്ങി ജില്ലാ ഫുട്‌ബോള്‍ അസോസിയേഷനും മാണ്ട്യ സ്‌പോര്‍ട്‌സിനും കൈമാറും.
പ്രശസ്ത ഫുട്‌ബോളര്‍ കാശിഫ് സിദ്ദീഖിയുടെ നേതൃത്വത്തില്‍ ബ്രിട്ടന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഫുട്‌ബോള്‍ ഫോര്‍ പീസ് (എഫ്എഫ്പി) സംഘത്തിന്റെ പ്രവര്‍ത്തനങ്ങളിലും അദ്ദേഹം പങ്കാളിയാവും. ഇതിന്റെ ഭാഗമായി ഫുട്‌ബോള്‍ സമാധാനത്തിന് എന്ന സന്ദേശവുമായി 25ന് നടക്കാവ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സന്ദര്‍ശനം നടത്തും.
Next Story

RELATED STORIES

Share it