wayanad local

റൈസ്മില്ല് സൊസൈറ്റിക്ക് കൈമാറാന്‍ നീക്കം; മാനന്തവാടിയില്‍ വിവാദം കൊഴുക്കുന്നു

മാനന്തവാടി: മുനിസിപ്പാലിറ്റിക്ക് കീഴിലെ വേമം പാടശേഖരത്തില്‍ നെല്ലുല്‍പാദനം വര്‍ധിപ്പിക്കുന്നതിനും കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുത്തുന്നതിനുമായി ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച വള്ളിയൂര്‍ക്കാവിലെ റൈസ്മില്ല് സൊസൈറ്റിക്ക് കൈമാറാനുള്ള നീക്കത്തിനെതിരേ പ്രതിപക്ഷം രംഗത്തെത്തി.
1988 മുതല്‍ 2010 വരെ 28 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് പഞ്ചായത്തിന്റെ കൈവശമുണ്ടായിരുന്ന കെട്ടിടം വേമം പാടശേഖരസമിതിക്ക് ഗുണകരമാവുന്ന വിധത്തില്‍ സജ്ജീകരിച്ചത്.
എന്നാല്‍, നിലവില്‍ എല്‍ഡിഎഫ് ഭരിക്കുന്ന ഒരു സൊസൈറ്റിക്ക് ഈ കെട്ടിടം കൈമാറാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന നഗരസഭാ കൗണ്‍സിലര്‍മാരുടെ യോഗത്തില്‍ തീരുമാനമെടുക്കുകയായിരുന്നു. ഇതിനെതിരേ കൗണ്‍സില്‍ യോഗത്തില്‍ തന്നെ യുഡിഎഫ് അംഗങ്ങള്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തി. പിന്നീട് ടൗണില്‍ പ്രകടനവും നഗരസഭാ ഓഫിസിന് മുന്നില്‍ ധര്‍ണയും നടത്തി.
ഭരണസമിതി തീരുമാനത്തിനെതിരേ വരും ദിവസങ്ങളില്‍ കര്‍ഷകരെ പങ്കെടുപ്പിച്ച് ശക്തമായ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നു ജേക്കബ് സെബാസ്റ്റ്യന്‍, പി വി ജോര്‍ജ്, അഡ്വ. റഷീദ് പടയന്‍, മുജീബ് കൊടിയന്‍, ഹുസൈന്‍ കുഴിനിലം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Next Story

RELATED STORIES

Share it