റേഷന്‍ ഡിപ്പോ അഴിമതി: നിയമസഭ സ്തംഭിച്ചു

തിരുവനന്തപുരം: റേഷന്‍ ഡിപ്പോ അഴിമതിക്കേസില്‍ കുറ്റക്കാരനായ മന്ത്രി അടൂര്‍ പ്രകാശിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു. നടുത്തളത്തിലിറങ്ങി പ്രതിപക്ഷം ബഹളം വച്ചതിനെത്തുടര്‍ന്ന് തുടര്‍നടപടികള്‍ റദ്ദാക്കി സ്പീക്കര്‍ നിയമസഭ നേരത്തെ പിരിച്ചു വിട്ടു. ബജറ്റ് ചര്‍ച്ചയ്ക്ക് തുടക്കമിട്ട ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവിയോട് പ്രസംഗം മേശപ്പുറത്തുവയ്ക്കാന്‍ സ്പീക്കര്‍ നിര്‍ദേശിച്ചു.
കോഴിക്കോട് ഓമശ്ശേരിയില്‍ റേഷന്‍ മൊത്ത വ്യാപാര ഡിപ്പോ അനുവദിക്കാന്‍ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന കേസില്‍ അടൂര്‍ പ്രകാശിനെ ഒഴിവാക്കാന്‍ കഴിയില്ലെന്ന വിജിലന്‍സ് ഡയറക്ടറുടെ റിപോര്‍ട്ട് ചൂണ്ടിക്കാട്ടി പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിനെത്തുടര്‍ന്നാണ് ഇന്നലെയും സഭ പ്രക്ഷുബ്ധമായത്. ബഹളത്തെത്തുടര്‍ന്ന് ഒരുമണിക്കൂറോളം സഭ നിര്‍ത്തിവയ്ക്കുകയും ചെയ്തു. അടൂര്‍ പ്രകാശിന്റെ കാര്യത്തില്‍ തെളിവുകള്‍ കൃത്യമായതിനാലാണ് കേസ് അവസാനിപ്പിക്കണമെന്ന റിപോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ തള്ളിയതെന്ന് അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിച്ച സുരേഷ് കുറുപ്പ് ചൂണ്ടിക്കാട്ടി. വിജിലന്‍സ് കുറ്റപത്രത്തില്‍ പേരുള്ള ആള്‍ക്ക് മന്ത്രിയായി എങ്ങനെ തുടരാനാവും. ആരോപണ വിധേയനായ മന്ത്രി രാജിവയ്ക്കണമെന്നും സുരേഷ് കുറുപ്പ് ആവശ്യപ്പെട്ടു.
വിജിലന്‍സ് തുടരന്വേഷണ റിപോര്‍ട്ട് സമര്‍പ്പിക്കാത്തതിനാല്‍ പ്രതിപക്ഷത്തിന്റെ ആവശ്യം അനാവശ്യമാണെന്നായിരുന്നു ആഭ്യന്തരമന്ത്രിയുടെ നിലപാട്. ഈ കേസില്‍ വിജിലന്‍സ് റിപോര്‍ട്ടിനെ ന്യായീകരിക്കുന്ന പ്രതിപക്ഷം ബാര്‍ കേസില്‍ എസ്പി സുകേശന്റെ തുടരന്വേഷണ റിപോര്‍ട്ടിനെ ചോദ്യം ചെയ്യുകയാണ്. ഇത് പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
മന്ത്രിമാരുടെ മറുപടിയെത്തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. കെ എം മാണിയെപ്പോലെ എഫ്‌ഐആറല്ല, കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ അടൂര്‍ പ്രകാശിനെതിരേ കുറ്റപത്രമാണ് സമര്‍പ്പിച്ചത്. സര്‍ക്കാരിന്റെ ഇത്രയും വലിയ കുറ്റകൃത്യങ്ങള്‍ക്ക് കൂട്ടുനിന്ന വിജിലന്‍സ് ഡയറക്ടര്‍ പോലും അടൂര്‍ പ്രകാശിനെ അനുകൂലിക്കുന്ന റിപോര്‍ട്ട് തള്ളുകയായിരുന്നുവെന്നു എസ് ശര്‍മ പറഞ്ഞു.
തുടര്‍ന്ന് അടിയന്തര പ്രമേയം ചര്‍ച്ച ചെയ്യാത്ത നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. അല്‍പനേരത്തിനുശേഷം മടങ്ങിയെത്തിയ പ്രതിപക്ഷം അടൂര്‍പ്രകാശിന്റെ രാജിയാവശ്യപ്പെട്ട് മുദ്രാവാക്യം വിളിക്കുകയായിരുന്നു. ബഹളം രൂക്ഷമായതോടെ 10.20ന് സഭ നിര്‍ത്തിവച്ചശേഷം ഇരുപക്ഷത്തെയും നേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. 11.20ന് സഭ പുനരാരംഭിച്ചെങ്കിലും ബഹളത്തെ തുടര്‍ന്ന് സഭ പിരിയുകയാണെന്ന് സ്പീക്കര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it