Kerala

റേഷന്‍ കാര്‍ഡ് വിതരണം ഏപ്രിലോടെ മാത്രം

റേഷന്‍ കാര്‍ഡ് വിതരണം ഏപ്രിലോടെ മാത്രം
X
.
ration cardപി പി ഷിയാസ്

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ റേഷന്‍ കാര്‍ഡ് വിതരണം ഈ വര്‍ഷം നടക്കില്ല. ഡാറ്റാ എന്‍ട്രി പ്രക്രിയ പൂര്‍ത്തിയാക്കാനുണ്ടായ കാലതാമസവും രേഖപ്പെടുത്തിയ വിവരങ്ങളില്‍ തെറ്റുകള്‍ കടന്നുകൂടിയതുമാണ് നടപടിക്രമങ്ങള്‍ വൈകാന്‍ കാരണം.

വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം പുതിയ ഭരണസമിതി അധികാരത്തിലെത്തിയാല്‍ മാത്രമേ പദ്ധതിയുടെ അടുത്ത ഘട്ടത്തിലേക്ക് നീങ്ങാന്‍ കഴിയൂ. നിലവില്‍ ഡാറ്റാ എന്‍ട്രിയിലും ഓണ്‍ലൈന്‍ സംവിധാനത്തിലും പിശകുകള്‍ വ്യാപകമാണെന്ന പരാതിയെത്തുടര്‍ന്ന് വിവരങ്ങള്‍ തിരുത്താനുള്ള തിയ്യതി സപ്തംബര്‍ 20 വരെ നീട്ടിയിരുന്നു.

ഇതു പൂര്‍ത്തിയായ ശേഷം സോഷ്യല്‍ ഓഡിറ്റിങിനായി തദ്ദേശഭരണ സ്ഥാപനങ്ങളില്‍ പുതുതായി അധികാരത്തില്‍ വരുന്ന ഭരണസമിതിക്ക് കൈമാറും. പുതിയ ഭരണസമിതി രേഖകളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി സിവില്‍ സപ്ലൈസ് വകുപ്പിന് തിരികെ നല്‍കും.

ഇതിനു ശേഷമായിരിക്കും റേഷന്‍ കാര്‍ഡ് പ്രിന്റിങിനു നല്‍കുക. അങ്ങനെ വരുമ്പോള്‍ പ്രിന്റിങിനു ശേഷം അടുത്ത വര്‍ഷം ഏപ്രില്‍ ഒന്നോടെ മാത്രമേ പുതുക്കിയ റേഷന്‍ കാര്‍ഡ് വിതരണം ആരംഭിക്കാന്‍ കഴിയൂ എന്ന് വകുപ്പുവൃത്തങ്ങള്‍ അറിയിച്ചു. നവംബര്‍ 23നോ 25നോ ആയിരിക്കും തദ്ദേശ തിരഞ്ഞെടുപ്പെന്നാണ് സൂചന.

2014 ജൂലൈയിലാണ് പുതുക്കിയ റേഷന്‍ കാര്‍ഡിനായുള്ള ഓര്‍ഡര്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. തുടര്‍ന്ന് ഈ വര്‍ഷം ജനുവരി മുതല്‍ വിവരശേഖരണവും മാര്‍ച്ച് മുതല്‍ ഫോട്ടോ എടുക്കലും നടത്തി നടപടികള്‍ പൂര്‍ത്തിയാക്കി ജൂണ്‍ 31 റേഷന്‍ കാര്‍ഡ് വിതരണം ആരംഭിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍, ഡാറ്റാ എന്‍ട്രി പ്രക്രിയയിലെ അലംഭാവം മൂലം അന്നും തീരുമാനം നീണ്ടു. തുടര്‍ന്ന് സപ്തംബര്‍ ഒന്നിനു തന്നെ വിതരണം ചെയ്യാനാവുമെന്ന് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചെങ്കിലും വീണ്ടും പ്രശ്‌നങ്ങള്‍ പിന്തുടരുകയായിരുന്നു.

ഇതുസംബന്ധിച്ച് മെയ് 28ന് തേജസ് വാര്‍ത്ത നല്‍കിയിരുന്നു. നിര്‍ദേശിക്കപ്പെട്ട ആളുകള്‍ ഓരോ വീടുകളും കയറി വിവരങ്ങള്‍ കൃത്യമായി ശേഖരിച്ചുകൊണ്ടുപോയെങ്കിലും അവ രേഖകളാക്കിയപ്പോള്‍ വ്യാപകമായ പിശകുകള്‍ കടന്നുകൂടുകയായിരുന്നു. പേരുവിവരങ്ങള്‍, ആധാര്‍ നമ്പര്‍, അക്കൗണ്ട് നമ്പര്‍ തുടങ്ങിയവയെല്ലാം തെറ്റായാണ്

രേഖപ്പെടുത്തിയിരുന്നത്. ഇതുസംബന്ധിച്ച് നിരവധി പരാതികളാണ് അധികൃതര്‍ക്ക് ലഭിച്ചത്. ഓണ്‍ലൈന്‍ സംവിധാനത്തില്‍ പിശകുകള്‍ സ്വയം തിരുത്താന്‍ ഉപഭോക്താക്കള്‍ക്ക് അവസരം നല്‍കിയെങ്കിലും ഇവിടെയും പ്രശ്‌നങ്ങള്‍ തീര്‍ന്നില്ല. തിരുത്തലിനായി മൊബൈല്‍ നമ്പര്‍ നല്‍കി നോട്ടിഫിക്കേഷന്‍ കോഡിനായി കാത്തിരുന്നവര്‍ക്ക് നിരാശയായിരുന്നു ഫലം. കൂടാതെ ഗ്രാമപ്രദേശങ്ങളിലുള്ളവര്‍ക്ക് ഇന്റര്‍നെറ്റ് സേവനം ലഭിക്കാനുള്ള തടസ്സങ്ങളും അവ കൈകാര്യം ചെയ്യുന്നതിലെ അജ്ഞതയും കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. ഓണ്‍ലൈനില്‍ രേഖകള്‍ തിരുത്താനായി മൊബൈലില്‍ നോട്ടിഫിക്കേഷന്‍ കോഡ് എസ്.എം.എസായി വരുന്നതിലെ പിഴവ് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ ആ സംവിധാനം രൂപകല്‍പ്പന ചെയ്തവര്‍ക്ക് പേയ്‌മെന്റ് നല്‍കി പ്രശ്‌നം പരിഹരിക്കാനാണ് തീരുമാനം. ഇതിനായി സിവില്‍ സപ്ലൈസ് കമ്മീഷണര്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. അതേസമയം, പുതിയ റേഷന്‍ കാര്‍ഡ് വരുന്നതിലൂടെ എ.പി.എല്‍., ബി.പി.എല്‍. സംവിധാനം ഉണ്ടാവില്ല. പകരം പ്രയോറിറ്റി, നോണ്‍ പ്രയോറിറ്റി എന്നീ വിഭാഗങ്ങളായിരിക്കും. പ്രയോറിറ്റി വിഭാഗത്തില്‍ 36 ലക്ഷവും നോണ്‍ പ്രയോറിറ്റി വിഭാഗത്തില്‍ 47 ലക്ഷവും കുടുംബങ്ങളായിരിക്കും ഉള്‍പ്പെടുക. താലൂക്ക് അടിസ്ഥാനത്തില്‍ എല്ലാ വീടുകളെയും വരുമാനത്തിന്റെയും അംഗങ്ങളുടെയും അടിസ്ഥാനത്തില്‍ റാങ്കിങ് നടത്തിയായിരിക്കും ഭക്ഷ്യധാന്യ വിതരണം. ഇതുപ്രകാരം പ്രയോറിറ്റി വിഭാഗത്തിലെ 154 ലക്ഷം പേര്‍ക്ക് (36 ലക്ഷം കുടുംബങ്ങള്‍) ഒരു രൂപ നിരക്കില്‍ പ്രതിമാസം 5 കിലോ വീതം അരി നല്‍കും.നിലവില്‍ ഏകാംഗ കുടുംബമാണെങ്കിലും ബി.പി.എല്‍. ആണെങ്കില്‍ പ്രതിമാസം 25 കിലോ അരി ലഭിക്കും. എന്നാല്‍, ഇനി മുതല്‍ ഓരോ അംഗത്തിനും 5 കിലോ വീതമായിരിക്കും അരിവിതരണം. അംഗങ്ങളുടെ എണ്ണമനുസരിച്ചുള്ള ഈ സംവിധാനം ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം മൂന്നു വര്‍ഷത്തേക്ക് താല്‍ക്കാലികമായി നടത്താനാണ് കേന്ദ്രത്തിന്റെ നിര്‍ദേശം.

.
Next Story

RELATED STORIES

Share it