റേഷന്‍ കാര്‍ഡിലെ തെറ്റുതിരുത്തല്‍; റേഷന്‍കട വഴിയുള്ള വിവര കൈമാറ്റം എങ്ങുമെത്തിയില്ല

പി പി ഷിയാസ്

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ റേഷന്‍ കാര്‍ഡിലെ തെറ്റുതിരുത്താനായി റേഷന്‍ കടകള്‍ വഴി നടത്തുന്ന വിവര കൈമാറ്റപ്രക്രിയ എങ്ങുമെത്തിയില്ല. പല ജില്ലകളിലും ഇതുവരെ ഉപഭോക്താക്കള്‍ക്കു വിവരങ്ങള്‍ ലഭ്യമായിട്ടില്ല. താലൂക്ക് തലങ്ങളില്‍ നിന്നും റേഷന്‍കടകളിലേക്കു വിവരങ്ങള്‍ എത്താത്തതാണു കാരണം.
വിഷയത്തില്‍ വ്യാപക പരാതിയുയര്‍ന്ന സാഹചര്യത്തില്‍ തിരുത്തലിനുള്ള തിയ്യതി വീണ്ടും നീട്ടി. ആദ്യം ഈമാസം 5മുതല്‍ 15 വരെ അനുവദിച്ച സമയം പിന്നീട് 20 വരെ നീട്ടിയിരുന്നു. എന്നാല്‍ 20 കഴിഞ്ഞിട്ടും പല ജില്ലകളിലും റേഷന്‍കടകളില്‍ ഡാറ്റ എത്തിയിട്ടില്ല. അതിനാല്‍ ഈമാസം 30നകം പ്രിന്റ് ചെയ്ത വിവരങ്ങള്‍ റേഷന്‍കടകളില്‍ ലഭ്യമാക്കാനും ഉപഭോക്താക്കള്‍ക്ക് അവ നല്‍കി ഇലക്ഷന് മുമ്പ് തിരുത്തി തിരികെവാങ്ങാനുമാണ് ഇപ്പോഴത്തെ തീരുമാനം. 20നകം പ്രക്രിയ പൂര്‍ത്തിയാക്കാത്തതിനാല്‍ തിയ്യതി നീട്ടണമെന്നു സംസ്ഥാന ഉപഭോക്തൃ സുരക്ഷാസമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അവശേഷിക്കുന്ന സ്ഥലങ്ങളിലെ റേഷന്‍കടകളിലേക്കു വിതരണം ചെയ്യാനുള്ള വിവരങ്ങള്‍ പ്രിന്റിങിലാണെന്നാണു വകുപ്പുമന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള വിവരം.
ഓണ്‍ലൈന്‍ തെറ്റുതിരുത്തല്‍ പ്രക്രിയയില്‍ വ്യാപക പിശകുകള്‍ കടന്നുകൂടിയതിനെത്തുടര്‍ന്നാണു സര്‍ക്കാര്‍ പുതിയ ആശയം മുന്നോട്ടുവച്ചത്. വിവരങ്ങള്‍ പിഡിഎഫ് ആക്കാനുള്ള ചെലവ് സംബന്ധിച്ച് ആദ്യമേതന്നെ റേഷന്‍കടയുടമകളില്‍ നിന്ന് എതിര്‍പ്പുണ്ടായിരുന്നു. ഡാറ്റ പിഡിഎഫ് ആക്കി പ്രിന്റ് ചെയ്ത് താലൂക്കില്‍ നിന്നു തന്നെ ലഭ്യമാക്കാമെന്നു സര്‍ക്കാര്‍ ഉറപ്പുനല്‍കിയ ശേഷമാണ് ഇവ കാര്‍ഡുടമകള്‍ക്ക് നല്‍കിത്തുടങ്ങിയത്. നാല് ഷീറ്റുള്ള വിവരങ്ങള്‍ ഒറ്റ പിഡിഎഫ് ഷീറ്റാക്കിയാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്. ഷീറ്റ് കൈയില്‍ കിട്ടിയാല്‍ അഞ്ചുദിവസമാണ് അവ പരിശോധിച്ചു തിരുത്തിനല്‍കാനുള്ള സമയം. തെറ്റുണ്ടെങ്കില്‍ തെറ്റായി രേഖപ്പെടുത്തിയത് വട്ടമിട്ട് ശരിയായ വിവരം മുകളില്‍ രേഖപ്പെടുത്തണം. ഓണ്‍ലൈനായി തിരുത്തിയവര്‍ വീണ്ടും തിരുത്തേണ്ടതില്ല.
ഇലക്ഷനു മുമ്പുതന്നെ വിവരങ്ങള്‍ തിരുത്തി ലഭ്യമാവുമെന്നാണു പ്രതീക്ഷയെങ്കിലും ഇലക്ഷനു ശേഷം മാത്രമേ ഡാറ്റാ എന്‍ട്രി പൂര്‍ത്തിയാവുകയുള്ളൂ. തുടര്‍ന്ന് അനുബന്ധ നടപടിക്രമങ്ങളൊക്കെ പൂര്‍ത്തിയായി പുതിയ റേഷന്‍കാര്‍ഡ് വിതരണം ചെയ്യുമ്പോള്‍ അടുത്തവര്‍ഷം ഏപ്രില്‍ കഴിയുമെന്നാണു സര്‍ക്കാര്‍ വിലയിരുത്തല്‍.
താലൂക്ക് സപ്ലൈ ഓഫിസര്‍മാരില്‍ ഭൂരിഭാഗവും തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവരാണ്. ഇതാണു തടസ്സങ്ങളിലൊന്ന്. വിവിധ ഏജന്‍സി കോ-ഓഡിനേറ്റര്‍ക്കും റേഷനിങ് ഇന്‍സ്‌പെക്ടര്‍ക്കും താലൂക്ക് സപ്ലൈ ഓഫിസര്‍ക്കുമാണു തിരുത്തലുകളുടെ ഉത്തരവാദിത്തം. വീണ്ടും തെറ്റ് കടന്നുകൂടിയാല്‍ ഇവര്‍ മറുപടി പറയേണ്ടിവരും. പുതിയ റേഷന്‍കാര്‍ഡ് വരുന്നതിലൂടെ എപിഎല്‍, ബിപിഎല്‍ സംവിധാനം ഉണ്ടാവില്ല. പകരം പ്രയോറിറ്റി, നോണ്‍ പ്രയോറിറ്റി എന്നീ വിഭാഗങ്ങളായിരിക്കും.
താലൂക്ക് അടിസ്ഥാനത്തില്‍ എല്ലാ വീടുകളെയും വരുമാനത്തിന്റെയും അംഗങ്ങളുടെയും അടിസ്ഥാനത്തില്‍ റാങ്കിങ് നടത്തിയായിരിക്കും ഭക്ഷ്യധാന്യവിതരണം. അതേസമയം, നിലവിലുള്ള 83 ലക്ഷം കുടുംബങ്ങളില്‍ 80 ലക്ഷമാണ് ഫോട്ടോ എടുത്തിട്ടുള്ളത്. തെറ്റു തിരുത്തല്‍ പ്രക്രിയ പൂര്‍ത്തിയായ ശേഷം ബാക്കി 3 ലക്ഷം കുടുംബങ്ങള്‍ക്ക് അവസരം നല്‍കും. ഇവര്‍ക്ക് റേഷന്‍കാര്‍ഡ് കിട്ടുമെങ്കിലും റാങ്കിങ് പ്രക്രിയയില്‍ ഉള്‍പ്പെടില്ല. അതിനാല്‍ 9 രൂപയ്ക്കായിരിക്കും ഇവര്‍ക്ക് അരി ലഭിക്കുക. പ്രയോറിറ്റി വിഭാഗത്തില്‍ 36 ലക്ഷവും നോണ്‍ പ്രയോറിറ്റി വിഭാഗത്തില്‍ 47 ലക്ഷവും കുടുംബങ്ങളായിരിക്കും ഉള്‍പ്പെടുക. പ്രയോറിറ്റി വിഭാഗത്തിലെ ഓരോ അംഗത്തിനും ഒരു രൂപ നിരക്കില്‍ 5 കിലോ വീതമായിരിക്കും അരിവിതരണം.
Next Story

RELATED STORIES

Share it