റേഷന്‍കാര്‍ഡ്: ഡാറ്റാ എന്‍ട്രിയും പരിശോധനയും പൂര്‍ത്തിയാവുന്നു

ടി പി ജലാല്‍

മഞ്ചേരി: സംസ്ഥാനത്ത് റേഷന്‍കാര്‍ഡ് സ്ത്രീകളുടെ പേരിലേക്കു മാറ്റുന്ന പ്രവൃത്തിയുടെ ഡാറ്റാ എന്‍ട്രിയും പരിശോധനയും പൂര്‍ത്തിയായിവരുന്നു. ലക്ഷക്കണക്കിന് കാര്‍ഡുകളുടെ പ്രവൃത്തികളാണ് അക്ഷയയും സി-ഡിറ്റും കുടുംബശ്രീയും പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുന്നത്. തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ പ്രവൃത്തി പൂര്‍ത്തിയായി. മലപ്പുറത്തും കോഴിക്കോട്ടും അവസാനഘട്ടത്തിലാണ്. എന്നാല്‍ പാലക്കാട്, തൃശൂര്‍, കണ്ണൂര്‍ ജില്ലകള്‍ താരതമ്യേന പിന്നിലാണെങ്കിലും ഈ മാസാവസാനത്തോടെ പൂര്‍ത്തിയാവുമെന്നു പ്രതീക്ഷിക്കുന്നു.
എന്നാല്‍, ഉടമകള്‍ക്ക് കാര്‍ഡ് കൈയില്‍ കിട്ടണമെങ്കില്‍ ഇനിയും മാസങ്ങള്‍ കാത്തിരിക്കേണ്ടിവരും. 2015 ഡിസംബര്‍ 31നകം ഡാറ്റാ എന്‍ട്രി പൂര്‍ത്തിയാവുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പ് മൂലം നടപടികള്‍ വൈകി.
ഡുവോ (റൗീ) സോഫ്റ്റ്‌വെയര്‍ വഴി ലഭിച്ച വിവരങ്ങളില്‍ കൃത്യത വരുത്തേണ്ട ജോലി മുതല്‍ വിതരണം വരെ ഇനിയും ബാക്കിയാണ്. ഒരാളുടെ പേര് ഒന്നില്‍ കൂടുതല്‍ കാര്‍ഡുകളില്‍ രേഖപ്പെടുത്തിയിട്ടണ്ടോയെന്നു കണ്ടെത്താനാണ് ഡുവോ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നത്. ഈ സോഫ്റ്റ്‌വെയറില്‍ ജീവനക്കാര്‍ക്കുള്ള പരിശീലനം ഇതേവരെ ആരംഭിച്ചിട്ടില്ല. പരിശീലനത്തിനുശേഷമാണ് പ്രയോരിറ്റി, നോണ്‍പ്രയോരിറ്റി വിഭാഗത്തെ തരംതിരിക്കുന്ന പ്രവൃത്തി എന്‍ഐസി (നാഷനല്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍) നടത്തുക. ഭിന്നശേഷിക്കാരുടെയും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെയും വിവരങ്ങള്‍ കംപ്യൂട്ടറില്‍ നല്‍കുന്നതോടെ ഓട്ടോമാറ്റിക്കായി കാര്‍ഡുകള്‍ വേര്‍തിരിയും. എന്‍ഐസി നല്‍കുന്ന പട്ടികയിലെ വിവരങ്ങള്‍ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി, ഐസിഡിഎസ് സൂപ്പര്‍വൈസര്‍, വില്ലേജ് ഓഫിസര്‍, റേഷനിങ് ഓഫിസര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള മേല്‍നോട്ട സമിതി പരിശോധിക്കും.
ശേഷമുള്ള പട്ടിക വില്ലേജ്, ഗ്രാമപ്പഞ്ചായത്ത്, താലൂക്ക്, സപ്ലൈ ഓഫിസുകളിലെ നോട്ടീസ് ബോര്‍ഡില്‍ പതിക്കും. ഇതില്‍ ആക്ഷേപമുള്ളവര്‍ 10 ദിവസത്തിനകം അറിയിക്കണം. ഇവ പരിഗണിച്ച് മാറ്റം വരുത്തിയിട്ടുമാത്രമേ കാര്‍ഡ് വിതരണം നടത്തുകയുള്ളൂ. ഇത്തരം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവാന്‍ ഏകദേശം നാലു മാസമെടുക്കും. മാത്രമല്ല ഇതിനിടയില്‍ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചാല്‍ നടപടികള്‍ വീണ്ടും നീളും.
ഈ സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാവും മുമ്പ് കാര്‍ഡുകള്‍ ലഭിക്കാന്‍ സാധ്യതയില്ല എന്നതാണ് നിലവിലുള്ള സ്ഥിതി.
Next Story

RELATED STORIES

Share it