kozhikode local

റെയില്‍ വേയുടെ അനാസ്ഥ: കുഞ്ഞിപ്പള്ളി റെയില്‍വേ മേല്‍പ്പാലം പണി മുടങ്ങി

വടകര : ചോമ്പാല്‍ കുഞ്ഞിപ്പള്ളി റെയില്‍വേ മേല്‍പാലത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ പാതി വഴിയില്‍ മുടങ്ങി. റെയില്‍വേയുടെ ഭാഗത്ത് നിന്നുള്ള ജോലികളാണ് കഴിഞ്ഞ ഒരു മാസമായി നിലച്ചിട്ട്. പ്രവൃത്തി ആരംഭിക്കാന്‍ റെയില്‍വേ ഡിവിഷനല്‍ ഓഫിസില്‍ നിന്ന് അനുമതി ലഭിക്കാന്‍ വൈകുന്നതാണ് മുടങ്ങി നില്‍ക്കുന്നതിന്റെ പ്രധാന കാരണം. പ്രവൃത്തി ആരംഭിച്ചാര്‍ കുറഞ്ഞത് നൂറ് ദിവസമെങ്കിലുമെടുക്കും പൂര്‍ത്തീകരിക്കാന്‍. അത്രയും കാലം ട്രെയിന്‍ വേഗത നിയന്ത്രണം ആവശ്യമായി വരും. മേല്‍പാലത്തിന്റെ രണ്ട് ഭാഗങ്ങളിലുള്ള തൊണ്ണൂറ് ശതമാനം പണികളും പൂര്‍ത്തിയായിട്ടുണ്ട്.
അപ്രോച്ച് റോഡടക്കം റെയിലിന്റെ കിഴക്ക് കോറോത്ത് ഭാഗത്ത് മുഴുവന്‍ പ്രവൃത്തിയും കഴിഞ്ഞു. എന്നാല്‍ ദേശീയപാതയുടെ ഭാഗത്ത് അപ്രോച്ച് റോഡിന്റെ പണി ഒഴികെ നടന്നിട്ടുണ്ട്. സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് കേസ് നിലനില്‍ക്കുന്നതിനാല്‍ അപ്രോച്ച് റോഡ് പണി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. റെയില്‍വെയുടെ ഭാഗത്തെ പ്രധാന സ്ലാബിനുള്ള പണിയുടെ ഒരുക്കങ്ങള്‍ കഴിഞ്ഞുവെങ്കിലും അനുമതി നീളുന്നതില്‍ വ്യാപക പ്രതിഷേധം ഉയരുകയാണ്. കുഞ്ഞിപ്പള്ളിക്കടുത്ത് കൈനാട്ടിയില്‍ റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മാണം വൈകിയതിനെ തുടര്‍ന്ന് ടോള്‍ പിരിക്കാന്‍ നീക്കം നടത്തിയെങ്കിലും ജനങ്ങളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രതിഷേധത്തെ തുടര്‍ന്ന് ഒഴിവാക്കുകയായിരുന്നു. ദേശീയപാതയില്‍ നിന്ന് പാനൂര്‍. ഇരിട്ടി, ഓര്‍ക്കാട്ടേരി എന്നിവടങ്ങളിലേക്ക് പോകാന്‍ കുഞ്ഞിപ്പള്ളി റെയില്‍വെ ഗേറ്റ് അടക്കുമ്പോള്‍ മണിക്കൂറുകളോളമുള്ള ഗതാഗത തടസ്സമാണ് നേരിടുന്നത്. ഇത് സംബന്ധിച്ച് വ്യാപകമായ പരാതിയും നിവേദനങ്ങളും അയച്ചതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ് മേല്‍പ്പാല നിര്‍മാണത്തിന് അനുമതി നല്‍കിയത്. റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷനാണ് മേല്‍പ്പാലത്തിന്റെ നിര്‍മാണ ചുമതല. മുടങ്ങി നില്‍ക്കുന്ന നിര്‍മാണ പ്രവൃത്തികള്‍ ഉടന്‍ തന്നെ ആരംഭിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
Next Story

RELATED STORIES

Share it