റെയില്‍ നീര്‍ പരിശോധിക്കാന്‍ സുപ്രിംകോടതി നിര്‍ദേശം

ന്യൂഡല്‍ഹി: റെയില്‍വേ യാത്രികര്‍ക്കു നല്‍കുന്ന കുപ്പിവെള്ളം റെയില്‍ നീര്‍ സുരക്ഷിതമാണോയെന്നു പരിശോധിക്കാന്‍ സുപ്രിംകോടതി നിര്‍ദേശം. യാത്രികര്‍ക്ക് റെയില്‍ നീര്‍ കുപ്പിവെള്ളം മാത്രമേ നല്‍കാവൂ എന്ന റെയില്‍വേയുടെ നിര്‍ദേശത്തിനെതിരേ റെയില്‍വേ കാറ്റേഴ്‌സ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, പി സി പാന്ത് എന്നിവരടങ്ങുന്ന ബെഞ്ച് ഈ നിര്‍ദേശം നല്‍കിയത്.
ഗുജറാത്തിലെയും ഗാസിയാബാദിലെയും ലബോറട്ടറികളില്‍ നടത്തിയ പരിശോധനയില്‍ റെയില്‍ നീര്‍ സുരക്ഷിതമല്ലെന്നു ബോധ്യമാവുന്ന ചില ഘടകങ്ങള്‍ കണ്ടെത്തിയതായി ഹരജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തില്‍ തങ്ങള്‍ക്ക് മറ്റു ബ്രാന്‍ഡുകളുടെ കുടിവെള്ളവും വില്‍ക്കാന്‍ അനുമതി വേണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.
ലബോറട്ടറി റിപ്പോര്‍ട്ട് പരിഗണിച്ചാല്‍ റെയില്‍ നീര്‍ മാത്രമേ യാത്രികര്‍ക്കു വില്‍ക്കാവൂ എന്ന നിര്‍ദേശം അപകടകരമല്ലേയെന്ന് സോളിസിറ്റര്‍ ജനറല്‍ രഞ്ജിത്കുമാറിനോട് കോടതി ചോദിച്ചു. കോടതിയില്‍ ലാബ് പരിശോധനാഫലവുമായി വന്ന സോളിസിറ്റര്‍ ജനറല്‍ റെയില്‍ നീര്‍ സുരക്ഷിതമാണെന്നു വാ ദിച്ചു. പരിശോധനയ്ക്കായി കാറ്റേഴ്‌സ് അസോസിയേഷന്‍ എടുത്ത സാംപില്‍ കാലാവധി കഴിഞ്ഞതായിരുന്നുവെന്നും സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.
എന്നാല്‍, ഇതിനെ അസോസിയേഷന്റെ അഭിഭാഷകന്‍ രാജു രാമചന്ദ്രന്‍ എതിര്‍ത്തു. പരിശോധനകളിലൊന്നു നടത്തിയത് സര്‍ക്കാര്‍ ലാബിലായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ സാഹചര്യത്തില്‍ റെയില്‍വേയുടെ ഇതു സംബന്ധിച്ച സര്‍ക്കുലര്‍ കേസ് വീണ്ടും പരിഗണിക്കുന്ന ജൂലൈ 5 വരെ സ്‌റ്റേ ചെയ്ത കോടതി റെയില്‍ നീരിന്റെ സുരക്ഷ പരിശോധിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. റെയില്‍ നീര്‍ മാത്രമേ വില്‍ക്കാവൂ എന്ന നിര്‍ദേശം വാണിജ്യസ്ഥാപനങ്ങള്‍ സംബന്ധിച്ച് ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു.
Next Story

RELATED STORIES

Share it