Kollam Local

റെയില്‍വേ സ്റ്റേഷന്‍ രണ്ടാം പ്രവേശന കവാട നിര്‍മാണം: നടപ്പാലം പൊളിച്ചു

കൊല്ലം: രണ്ടാം പ്രവേശന കവാടം നിര്‍മാണത്തിന്റെ ഭാഗമായി കൊല്ലം റെയില്‍വേ സ്‌റ്റേഷനിലെ നടപ്പാലം പൊളിച്ചു. നൂറ്റാണ്ടു മുമ്പ് നിര്‍മിച്ച ഒന്നും രണ്ടും പഌറ്റ്‌ഫോമുകളെ ബന്ധിപ്പിക്കുന്ന നടപ്പാലമാണ് പൊളിച്ചത്. കൊല്ലത്ത് 1904ല്‍ റെയില്‍വേ സ്‌റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചതിന്റെ തൊട്ടു പിന്നാലെയാണ് നടപ്പാലം നിര്‍മിച്ചത്. രണ്ടാം പ്രവേശന കവാടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനു മുന്നോടിയായി ഡിസംബറില്‍ നടപ്പാലം അടച്ചിരുന്നു. കഴിഞ്ഞ മാസം നടപ്പാലത്തിലേക്കുള്ള പടികള്‍ പൊളിച്ചു. ശനിയാഴ്ച കൂറ്റന്‍ ക്രെയിന്‍ ഉപയോഗിച്ച് നടപ്പാലം ഉയര്‍ത്തി മാറ്റി.
അഞ്ച് പഌറ്റ് ഫോമുകളെയും ബന്ധിപ്പികുന്ന തരത്തിലാണ് പുതിയ നടപ്പാലം നിര്‍മിക്കുന്നത്. കൊല്ലം ചെങ്കോട്ട ദേശീയപാത 208ലേക്ക് തുറക്കുന്ന പ്രവേശന കവാടത്തില്‍ നിന്നാരംഭിച്ച് റെയില്‍വേ സ്‌റ്റേഷന്റെ പ്രധാന കവാടത്തിന് അരികെയുള്ള വാട്ടര്‍ ടാങ്കിന് സമീപമാണ് അവസാനിക്കുന്ന തരത്തിലാണ് പുതിയ നടപ്പാലം നിര്‍മിക്കുന്നത്. 145 നീളവും അഞ്ചു മീറ്റര്‍ വീതിയുമുണ്ടാകും. നടപ്പാലത്തിലേക്ക് പ്രവേശിക്കുന്നതിന് ഓരോ പഌറ്റ്‌ഫോമിന്റെയും ഒരുവശത്ത് പടികളും മറുവശത്ത് എസ്‌കലേറ്റും ഉണ്ടാകും. ലിഫ്റ്റും സ്ഥാപിക്കും. നടപ്പാലം സ്ഥാപിക്കുന്നതിനുള്ള കോണ്‍ക്രീറ്റ് ബീമുകളുടെ നിര്‍മാണം ആരംഭിച്ചു. പൂര്‍ണമായും ഇരുമ്പുകൊണ്ടുള്ള പുതിയ നടപ്പാലത്തിന്റെ ചട്ടക്കൂടിന്റെ നിര്‍മാണവും ആരംഭിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാകും.
Next Story

RELATED STORIES

Share it