റെയില്‍വേ വികസനം ദ്രുതഗതിയില്‍ നടപ്പാക്കും: ഡിവിഷനല്‍ മാനേജര്‍

പാലക്കാട്: റെയില്‍വേ പാലക്കാട് ഡിവിഷനിലെ വികസനപ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കുമെന്ന് ഡിവിഷനല്‍ മാനേജര്‍ നരേഷ് ലാല്‍വാണി. ഒരാഴ്ച നീണ്ട റെയില്‍വേ 'ഹം സഫര്‍ സപ്ത' പരിപാടിയുടെ സമാപനം കുറിച്ചു നടന്ന വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശുചീകരണം, കാറ്ററിങ് സര്‍വീസ് കാര്യക്ഷമമാക്കല്‍, ടിക്കറ്റ് കലക്ഷന്‍ ഡ്രൈവ്, കൃത്യത, ജീവനക്കാരുടെ ക്ഷേമവും പരിസ്ഥിതിയും ഉള്‍പ്പെടുത്തിയ പരിപാടി വിജയകരമായി നടപ്പാക്കിയതായും അദ്ദേഹം അറിയിച്ചു. ടിക്കറ്റ് പരിശോധനയിലൂടെ 15 ശതമാനം കൂടുതല്‍ വരുമാനമുണ്ടാക്കാനുമായി.
യാത്രക്കാര്‍ക്കു വിവരങ്ങള്‍ നല്‍കുന്ന സംവിധാനം കാര്യക്ഷമമാക്കും. ഗൂഗഌമായി ചേര്‍ന്നുള്ള സൗജന്യ വൈ ഫൈ സര്‍വീസ് ജൂലൈയില്‍ മംഗളൂരുവിലും കോഴിക്കോടും നിലവില്‍വരും. സ്ത്രീ സുരക്ഷയ്ക്കായി നിലവിലുള്ള ടോള്‍ഫ്രീ നമ്പര്‍ 182 ഫലപ്രദമായി ഉപയോഗപ്പെടുത്താനാവും. സ്‌റ്റേഷനുകളില്‍ കൂടുതല്‍ ലൈറ്റുകള്‍, റെഡ് ബട്ടണ്‍ സംവിധാനം എന്നിവ ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ട്. നാലു ട്രെയിനുകളില്‍ സ്ത്രീ എസ്‌കോര്‍ട്ട് ഏര്‍പ്പെടുത്തി.
റെയില്‍വേ ലൈന്‍ വികസനത്തിനായി എല്‍ഐസിയില്‍ നിന്ന് 1.5 ലക്ഷം കോടി കടമെടുക്കുന്നതു കൂടാതെ സംസ്ഥാന സര്‍ക്കാരുകളുമായി വികസന ഉടമ്പടിയുണ്ടാക്കാനും റെയില്‍വേ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. കോഴിക്കോട്, പാലക്കാട്, മംഗളരൂ സ്‌റ്റേഷനുകളില്‍ എസ്‌കലേറ്റര്‍ സ്ഥാപിച്ചുകഴിഞ്ഞു. കണ്ണൂരില്‍ നിര്‍മാണത്തിലാണ്. പ്ലാറ്റ്‌ഫോമുകളെ ബന്ധിപ്പിക്കുന്ന സബ്‌വേ നിര്‍മാണം കണ്ണൂരില്‍ മൂന്നു മാസം കൊണ്ടു പൂര്‍ത്തിയാക്കും. പാലക്കാട് സ്‌റ്റേഷനിലെ ഡിജിറ്റല്‍ റൂട്ട് ഇന്റര്‍ലോക്ക് സംവിധാനം 4ന് കമ്മീഷന്‍ ചെയ്യും, ഒലവക്കോട് ജങ്ഷനില്‍ ഒരു പ്ലാറ്റ്‌ഫോംകൂടി നിലവില്‍വരും.
പാലക്കാട് പൊള്ളാച്ചി ട്രെയിന്‍ സര്‍വീസ് റഗുലറൈസ് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന പ്രപ്പോസല്‍ നല്‍കിയിട്ടുണ്ട്. മൂന്ന് മെമു ട്രാക്കുകള്‍കൂടി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ മെമു എല്ലാ ദിവസവും ഓടിക്കാനാവും. ഡിവിഷന് കീഴിലുള്ള 11 സ്‌റ്റേഷനുകളില്‍ കോച്ച് ഗൈഡന്‍സ് സംവിധാനത്തിന്റെ ഭാഗമായി എല്‍ഇഡി ബോര്‍ഡ് സ്ഥാപിക്കും. ഷൊര്‍ണൂര്‍ ചെറുവത്തൂര്‍ ലൈന്‍ വൈദ്യുതീകരണം അടുത്ത മാര്‍ച്ചോടെ പൂര്‍ത്തിയാവും.
കേരളത്തില്‍ കൂടുതല്‍ പിറ്റ് ലൈന്‍ ആവശ്യമില്ലെന്ന നിലപാടിലാണ് റെയില്‍വേയെന്നും വൈദ്യുതി വല്‍ക്കരണം പൂര്‍ത്തിയാവുന്നതോടെ കൂടുതല്‍ മെമു ട്രെയിനുകള്‍ ഓടിക്കലാണ് കേരളത്തിലെ യാത്രാപ്രശ്‌നത്തിനു പരിഹാരമെന്നും അതിനാവശ്യമായ നിലയില്‍ പാലക്കാട് മെമു ഷെഡ് വികസിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. പുതിയ അഡീഷനല്‍ ഡിവിഷന്‍ മാനേജരായി ചുമതലയേറ്റ ടി രാജ്കുമാര്‍, കെ പി ദാമോദരന്‍ എന്നിവരും സംബന്ധിച്ചു.
Next Story

RELATED STORIES

Share it