റെയില്‍വേ വികസനം; കേരളവും കേന്ദ്രവും തമ്മില്‍ ധാരണ

ന്യൂഡല്‍ഹി: റെയില്‍വേ വികസന പദ്ധതികള്‍ക്കായി കമ്പനി രൂപീകരിച്ചു പ്രവര്‍ത്തിക്കുന്നതിനായി കേരളവും കേന്ദ്രവും തമ്മില്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചു. സംസ്ഥാനത്തിന് 51 ശതമാനവും കേന്ദ്രത്തിന് 49 ശതമാനവും ഓഹരി പങ്കാളിത്തമുള്ള കമ്പനി വഴിയായിരിക്കും ഇനി റെയില്‍വേയുടെ പശ്ചാത്തല വികസനം അടക്കമുള്ള പദ്ധതികള്‍ നടപ്പാക്കുക. റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന്റെ സാന്നിധ്യത്തില്‍ സംസ്ഥാന ഗതാഗത വകുപ്പ് സെക്രട്ടറി ശിവശങ്കറും റെയില്‍വേ ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വേദ്പ്രകാശ് ദുദേജയുമാണ് കരാറില്‍ ഒപ്പുവച്ചത്. സ്‌റ്റേഷന്‍ നവീകരണവും പാളം ഇരട്ടിപ്പിക്കലും അടക്കമുള്ള എല്ലാ പ്രവര്‍ത്തനങ്ങളും ഇനി ഈ കമ്പനി വഴിയാവും നടക്കുക.
ബഹുവിധ ഗതാഗത വികസനത്തിനാണ് റെയില്‍വേ മന്ത്രാലയത്തിന്റെ നീക്കമെന്ന് സുരേഷ് പ്രഭു പറഞ്ഞു. റെയില്‍, കര, കപ്പല്‍ ഗതാഗത സംവിധാനങ്ങള്‍ ഏകീകരിക്കുന്നതിലൂടെ മെച്ചപ്പെട്ട യാത്ര- ചരക്കുനീക്ക മാര്‍ഗങ്ങള്‍ മെച്ചപ്പെടുത്താനാണ് ഉദേശിക്കുന്നതെന്നും റോഡ് വികസനത്തിനൊപ്പം ഇക്കാര്യത്തില്‍ റെയില്‍വേയുടെ വികസനവും സാധ്യമാവേണ്ടതുണ്ടെന്നും സുരേഷ് പ്രഭു പറഞ്ഞു.
ബജറ്റില്‍ ലഭിക്കുന്ന വിഹിതത്തില്‍ മാത്രം പ്രതീക്ഷ അര്‍പ്പിക്കാതെ വികസന പദ്ധതികളുമായി മുന്നോട്ടുപോവാന്‍ സംസ്ഥാനവും റെയില്‍വേയും തമ്മിലെ ധാരണ വഴിയൊരുക്കുമെന്ന് ഗതാഗത സെക്രട്ടറി എം ശിവശങ്കരന്‍ പറഞ്ഞു.
സംയുക്ത സംരംഭത്തിന് 26 ശതമാനം ഓഹരികള്‍ സര്‍ക്കാര്‍ റെയില്‍വേ കമ്പനിക്കായിരിക്കണം എന്ന വ്യവസ്ഥയില്‍ സ്‌പെഷ്യല്‍ പ്രോജക്ട് വെഹിക്കിള്‍ (എസ്പിവി) രൂപവല്‍ക്കരിച്ച് ലാഭകരമായ പദ്ധതികള്‍ കണ്ടെത്തി ഏറ്റെടുക്കാം. പദ്ധതിയുടെ ഭൂ ഉടമാവകാശം എസ്പിവിയില്‍ നിക്ഷിപ്തമായിരിക്കും. കേന്ദ്രസംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍, വ്യവസായ മേഖല എന്നിവയില്‍ നിന്ന് പണം സമാഹരിക്കും. ഇതോടെ റെയില്‍വേ വികസനത്തിന് സംസ്ഥാനം കൂടുതല്‍ പണം കണ്ടെത്തേണ്ടിവരും. തുക വകയിരുത്താനുള്ള കാലതാമസത്താല്‍ മുടങ്ങിയ ഒട്ടേറെ പദ്ധതികള്‍ സംസ്ഥാനത്തുണ്ട്. പാളം ഇരട്ടിപ്പിക്കലും വൈദ്യുതീകരണവും പൂര്‍ത്തിയായിട്ടില്ല.
Next Story

RELATED STORIES

Share it