Kollam Local

റെയില്‍വേ ബജറ്റ്: കൊല്ലം-വിരുദനഗര്‍ പാതയുടെ നവീകരണത്തിന് 101 കോടി

കൊല്ലം: പുനലൂര്‍-ചെങ്കോട്ട ഗേജുമാറ്റത്തിനായി റെയില്‍വേ ബജറ്റില്‍ 101 കോടി അനുവദിച്ചു. കൊല്ലം മുതല്‍ വിരുദനഗര്‍ വരെയുള്ള വികസനത്തിനായാണ് ഈ തുക അനുവദിച്ചിട്ടുള്ളത്.
325 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കൊല്ലം-ചെങ്കോട്ട-തെങ്കാശി-തിരുനെല്‍വേലി-തിരുച്ചെന്തൂര്‍ ഗേജ് മാറ്റ പദ്ധതിയുടെ ഭാഗമാണു പുനലൂര്‍-ചെങ്കോട്ട പാത. കേരളത്തില്‍ കൊല്ലം -പുനലൂര്‍ ഗേജ് മാറ്റം മാത്രമാണു യാഥര്‍ഥ്യമായത്. ചെന്നൈയിലേക്കുള്ള തെങ്കാശി- വിരുദനഗര്‍ ട്രങ്ക് റൂട്ടിന്റെ കൂടി ഭാഗമാണു പുനലൂര്‍- ചെങ്കോട്ട പാത. തമിഴ്‌നാട് ഭാഗത്തു പദ്ധതി പൂര്‍ത്തിയാക്കി ട്രെയിന്‍ ഓടിത്തുടങ്ങിയെങ്കിലും ചെങ്കോട്ട-പുനലൂര്‍ ബ്രോഡ്‌ഗേജായിട്ടില്ല. കൊല്ലം-ചെങ്കോട്ട ഗേജ്മാറ്റ പ്രവൃത്തികളില്‍ കൊല്ലം, ചെങ്കോട്ട കഴിഞ്ഞാല്‍ അവശേഷിക്കുന്നത് പുനലൂര്‍- ചെങ്കോട്ട 49കിലോമീറ്ററാണ്.
ഇതില്‍ പുനലൂര്‍, ഇടമണ്‍ എട്ടുകിലോമീറ്റര്‍, ചെങ്കോട്ട-ഭഗവതിപുരം എട്ട് കിലോമീറ്ററും പണി പൂര്‍ത്തിയാക്കിയിട്ടുണ്ട്.. ഫലത്തില്‍ അനുവദിച്ച 101കോടി രൂപയില്‍ പരമാവധി തുക 33കിലോമീറ്റര്‍ പണികള്‍ക്കായി വിനിയോഗിക്കാന്‍ കഴിയുമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി പറഞ്ഞു. ഫണ്ടിന്റെ അഭാവം കാരണം കൊല്ലം-ചെങ്കോട്ട ഗേജ്മാറ്റ പ്രവര്‍ത്തികള്‍ തടസപ്പെടില്ലെന്നും കഴിഞ്ഞ ബജറ്റില്‍ 85കോടി രൂപ അനുവദിച്ചതാണിപ്പോള്‍ 101 കോടിയായതെന്നും ഗേജുമാറ്റ പ്രവര്‍ത്തികള്‍ക്ക് നാളിതുവരെ അനുവദിച്ചിട്ടുള്ള വാര്‍ഷിക ബജറ്റ് വിഹിതത്തില്‍ ഏറ്റവും കൂടിയ തുകയാണിതെന്നും എംപി പറഞ്ഞു. അതേ സമയം ഈ റൂട്ടില്‍ പുനലൂര്‍-ചെങ്കോട്ട ഭാഗത്തെ പണികള്‍ പൂര്‍ത്തികരിക്കാന്‍ 150 കോടിയാണ് ആകെ വേണ്ടത്. ഇപ്പോള്‍ അനുവദിച്ച 101 കോടിയില്‍ മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കൂടി ഉപയോഗിക്കുന്നവയായതിനാല്‍ 2017 മാര്‍ച്ചിന് മുമ്പ് പാത കമ്മീഷന്‍ ചെയ്യാന്‍ കഴിയുമോ എന്ന ആശങ്കയുണ്ട്. അധിക വിഹിതമായ തുക അനുവദിക്കുകയും പണികളുടെ വേഗം വര്‍ധിപ്പിക്കുകയും ചെയ്താല്‍ മാത്രമെ നിശ്ചിത കാലയളവിനുള്ളില്‍ പണികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുകയുള്ളു.
കൊല്ലം- പുനലൂര്‍ പാതയുടെ വൈദ്യുതീകരണത്തിന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭമായി 329കോടി രൂപയുടെ പദ്ധതി അനുവദിച്ചതായും എംപി അറിയിച്ചു. കൊല്ലം രണ്ടാം ടെര്‍മിനലിന്റെ വികസനത്തില്‍ ഉള്‍പ്പെടുത്തി കൊല്ലം, തിരുമംഗലം ദേശീയപാത 208ല്‍ പ്രവേശനകവാടം, ടിക്കറ്റ് ബുക്കിങ് ഓഫിസ്, മേല്‍പ്പാലം എന്നിവയുടെ നിര്‍മാണത്തിനായി ഈ വര്‍ഷത്തെ ബജറ്റിലും തുക അനുവദിച്ചിട്ടുണ്ട്.
പെരിനാട് റെയില്‍വേ അടിപ്പാത നിര്‍മാണത്തിനും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. കുണ്ടറ, ഇരവിപുരം, കാവല്‍പ്പുര, പരവൂര്‍ തുടങ്ങിയ മേല്‍പ്പാലങ്ങള്‍ക്കും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. കേരളത്തെ പെതുവേ അവഗണിച്ച റെയില്‍ ബജറ്റിനോട് കനത്ത പ്രതിഷേധമാണെങ്കിലും കൊല്ലത്തിന്റെ റെയില്‍ വികസനത്തിന് പ്രാധാന്യം നല്‍കി തുക അനുവദിച്ച നടപടിയെ എന്‍ കെ പ്രേമചന്ദ്രന്‍ എംപി സ്വാഗതം ചെയ്തു.
അതേസമയം, കൊല്ലത്തെ മറ്റ് ആവശ്യങ്ങള്‍ക്ക് റെയില്‍വേ പരിഗണന നല്‍കിയിട്ടില്ല. എറണാകുളം-കായംകുളം പാസഞ്ചര്‍ കൊല്ലം വരെ നീട്ടല്‍, കൊല്ലം-തിരുവനന്തപുരം പാസഞ്ചര്‍ കായംകുളത്ത് നിന്നും ആരംഭിക്കല്‍, മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ നിന്നും ആന്ധ്രാപ്രദേശില്‍ നിന്നും കൊല്ലത്തേക്ക് അനുവദിച്ചിട്ടുള്ള ട്രെയിന്‍ ശബരിമല സീസണ്‍ അല്ലാത്തപ്പോഴും ഓടിക്കുക, കൊല്ലം-പുനലൂര്‍ റൂട്ടില്‍ കൂടുതല്‍ ട്രെയിന്‍ തുടങ്ങിയ ജില്ലയുടെ ആവശ്യങ്ങള്‍ നടപ്പായിട്ടില്ല. ഏറ്റവും കൂടുതല്‍ തിരിച്ചടിയായിരിക്കുന്നത് മെമു സര്‍വീസാണ്. ഒരു മെമു പോലും ഇക്കൊല്ലം അനുവദിച്ചിട്ടില്ല. ദക്ഷിണ കേരളത്തില്‍ മെമുവിന്റെ ആസ്ഥാനം കൊല്ലമാണ്. മെമു അനുവദിച്ചിരുന്നെങ്കില്‍ അത് കൊല്ലത്തിനും നേട്ടമായേനെ. വൈദ്യുതീകരിക്കാത്ത പാതയായ കൊല്ലം-പുനലൂര്‍ റൂട്ടില്‍ ഡെമു സര്‍വീസ് ആരംഭിക്കണമെന്ന ആവശ്യവും നടപ്പായിട്ടില്ല.
കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച കൊല്ലത്തെ സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററിന് തുക വകുയിരുത്താത്തതിനാല്‍ ഈ പദ്ധതി ഇനി നടപ്പാകാനുള്ള സാധ്യതയില്ല. വ്യവസായ നഗരം കൂടിയായ കൊല്ലത്തിന്റെ പ്രത്യേക ആവശ്യമായിരുന്ന കൊല്ലം തുറമുഖത്തേക്ക് ഒരു റെയില്‍പാത എന്നത് ഇക്കുറിയും യാഥാര്‍ഥ്യമായിട്ടില്ല. 2011 ലെ ബജറ്റില്‍ ശബരി പാതയ്ക്ക് അനുബന്ധമായി പുനലൂര്‍ വഴി തിരുവനന്തപുരത്തേക്കും കൊട്ടാരക്കര വഴി തിരുവനന്തപുരത്തേക്കും പുതിയ പാതയ്ക്കുള്ള സാധ്യതാ സര്‍വേയ്ക്ക് തുക അനുവദിച്ചിരുന്നു.
എന്നാല്‍ ഇതിന്റെ തുടര്‍പ്രഖ്യാപനങ്ങള്‍ ഈ ബജറ്റിലും ഉണ്ടായിട്ടില്ല. ഈ പാത റെയില്‍വേ ഉപേക്ഷിച്ച മട്ടാണ്. കൂടാതെ കൊല്ലത്ത് റെയില്‍വേ നഴ്‌സിങ് കോളജ് എന്ന ആവശ്യവും ഇക്കുറിയും യാഥാര്‍ത്യമായിട്ടില്ല.
Next Story

RELATED STORIES

Share it