kannur local

റെയില്‍വേ ബജറ്റില്‍ ഉത്തരമലബാറിന് സമ്പൂര്‍ണ നിരാശ

കണ്ണൂര്‍: നരേന്ദ്രമോഡി സര്‍ക്കാരിന്റെ രണ്ടാമത് റെയില്‍വേ ബജറ്റ് ഉത്തരകേരളത്തിനു സമ്മാനിച്ചത് സമ്പൂര്‍ണ നിരാശ. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബജറ്റില്‍, കാലങ്ങളായി കാത്തിരിക്കുന്ന പല പദ്ധതികളും ഇടംപിടിച്ചില്ല.
പിറ്റ്‌ലൈന്‍ വേണമെന്ന കണ്ണൂരിന്റെ ആവശ്യത്തിനു പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും സുരേഷ് പ്രഭു അവതരിപ്പിച്ച ബജറ്റിലും അവഗണന തന്നെയായിരുന്നു ഫലം. കണ്ണൂരില്‍ ആകെ പറയാനുള്ളത്, വിമാനത്താവളത്തിലേക്കുള്ള മട്ടന്നൂര്‍ പാത അനുവദിക്കുമെന്ന പ്രഖ്യാപനമാണ്.
വിമാനത്താവളം കൂടി യാഥാര്‍ഥ്യമാവുന്നതോടെ ഏറെ യാത്രക്കാരുണ്ടാവുമെന്നു പ്രതീക്ഷിക്കുന്നതാണ് മട്ടന്നൂര്‍ പാത. സര്‍വേയോ മറ്റു നടപടിക്രമങ്ങളോ ആരംഭിക്കാത്ത പാതയ്ക്കു വേണ്ടി തുക അനുവദിക്കുമെന്ന പ്രഖ്യാപനം പ്രഹസനമായി മാറാനാണു സാധ്യത. 400 കോടിയാണ് പാതയ്ക്ക് ചെല വു കണക്കാക്കുന്നത്.
കാസര്‍കോടാവട്ടെ എല്ലാവരും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കാഞ്ഞങ്ങാട്-കണിയാര്‍ പാതയെ കുറിച്ച് പരാമര്‍ശം പോലുമില്ലാതെ നിരാശയിലാഴ്ത്തി. പാലക്കാട് ഡിവിഷനില്‍ തന്നെ ഏറ്റവും കൂടുതല്‍ വരുമാനമുള്ള സ്‌റ്റേഷനുകളിലൊന്നാണ് കണ്ണൂര്‍.
പക്ഷേ, ഇവിടെ പിറ്റ് ലൈന്‍ എന്ന ആശയത്തോട് കേന്ദ്രസര്‍ക്കാര്‍ ഇത്തവണയും മുഖംതിരിച്ചു. രണ്ടുവര്‍ഷം മുമ്പ് കണ്ണൂരിനെ സ്‌പെഷ്യല്‍ ഗ്രേഡായി ഉയര്‍ത്തിയെങ്കിലും പിറ്റ്‌ലൈന്‍ ഇല്ലാത്തത് തിരിച്ചടിയാണ്. കൂടുതല്‍ ട്രെയിനുകള്‍ കണ്ണൂര്‍ കേന്ദ്രമായി ഓടണമെങ്കില്‍ പിറ്റ് ലൈന്‍ അത്യാവശ്യമാണ്. എക്‌സ്പ്രസ് ട്രെയിനുകള്‍ അറ്റകുറ്റ പ്രവൃത്തി നടത്തുന്ന വര്‍ക്ക്‌ഷോപ്പാണ് പിറ്റ് ലൈന്‍. കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ് ദിവസേന സര്‍വീസ് നടത്താതിരിക്കാനുള്ള കാരണമായി പറയുന്നത് പിറ്റ് ലൈനില്ലാത്തതാണ്.
മൂന്നു പതിറ്റാണ്ടിലേറെ പഴക്കമുള്ള തലശ്ശേരി-മൈസൂര്‍ പാതയെയും റെയില്‍വേ അധികൃതര്‍ അവഗണിച്ചു. വളപട്ടണം-അഴീക്കല്‍ തുറമുഖ പാതയ്ക്കും ബജറ്റില്‍ ഇടമില്ല.
മൂന്നാം പാതയുടെ സര്‍വേക്ക് 2013ലെ ബജറ്റ് അംഗീകാരം നല്‍കിയെങ്കിലും പ്രവൃത്തി ഇതുവരെ തുടങ്ങിയിട്ടില്ല. സ്‌റ്റേഷനുകളുടെ അടിസ്ഥാന സൗകര്യ വികസനം, പ്രധാന റെയില്‍വേ സ്‌റ്റേഷനില്‍ കൂടുതല്‍ പ്ലാറ്റ്‌ഫോറം നിര്‍മാണം, മാലിന്യ നിര്‍മാര്‍ജനത്തിന് ആധുനിക പദ്ധതികളും റെയില്‍വേ സ്‌റ്റേഷനില്‍ കോണ്‍ക്രീറ്റ് ഏപ്രണും സ്ഥാപിക്കാനുള്ള തുകയും ബജറ്റിലില്ല.—
കാഞ്ഞങ്ങാട് നിന്ന് 91 കിലോമീറ്റര്‍ ദൂരമുള്ള കണിയാര്‍ പാതയുടെ സര്‍വേയും സ്ഥലം ഏറ്റെടുക്കലുമെല്ലാം പൂര്‍ത്തിയായതാണ്. ആവശ്യമായ ഭൂമി കേരള, കര്‍ണാടക സര്‍ക്കാരുകള്‍ സൗജന്യമായി ഭൂമി വിട്ടുനല്‍കാമെന്ന് അറിയിച്ചിട്ടും കേന്ദ്രം അവഗണിച്ചു. കാസര്‍കോഡ്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍ റെയില്‍വേ സ്‌റ്റേഷനുകള്‍ എ ക്ലാസ് ആയതിനാല്‍ ലിഫ്റ്റ് സൗകര്യം ഏര്‍പ്പെടുത്തുമെന്ന പ്രഖ്യാപനമുണ്ട്.—
കാസര്‍കോഡ്-പള്ളം പാതയ്ക്ക് 50 കോടി, കാഞ്ഞങ്ങാട്-കുശാല്‍ നഗര്‍ റെയില്‍വേ പാലത്തിനു 38 കോടി, നിര്‍മാണം നടക്കുന്ന 8 മേല്‍പ്പാലങ്ങള്‍ക്ക് തുക അനുവദിക്കും എന്നിവ അല്‍പം ആശ്വാസമേകുന്നതാണ്.
മഞ്ചേശ്വരം-ഹൊസങ്കടി മേല്‍പ്പാലം നിര്‍മാണം തുടങ്ങാനും നിര്‍ദേശമില്ല. മൊഗ്രാല്‍ പുത്തൂര്‍ അണ്ടര്‍ ബ്രിഡ്ജിനെയും തഴഞ്ഞു. മഞ്ചേശ്വരം, ഉച്ചള, കുമ്പള, കോട്ടിക്കുളം, നീലേശ്വരം, ചെറുവത്തൂര്‍, തൃക്കരിപ്പൂര്‍ സ്റ്റേഷന്‍ അടിസ്ഥാന വികസനത്തിനും ഫണ്ടില്ല.
രാജധാനിക്കു കാസര്‍കോഡ് സ്‌റ്റോപ്പ് വേണമെന്ന ദീര്‍ഘനാളത്തെ ആവശ്യവും പരിഗണിച്ചിട്ടില്ല. ചുരുക്കത്തില്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ രണ്ടാമത്തെ റെയില്‍വേ ബജറ്റ് കണ്ണൂരിനു പ്രത്യേകിച്ച് ഉത്തരമലബാറിനു സമ്പൂര്‍ണ നിരാശയാണു നല്‍കിയതെന്നതില്‍ തര്‍ക്കമില്ല.
Next Story

RELATED STORIES

Share it