palakkad local

റെയില്‍വേ ഡിവിഷനില്‍ പുതിയ ട്രെയിനുകള്‍ ജൂണില്‍ പ്രഖ്യാപിച്ചേക്കും

പാലക്കാട്: റെയില്‍വേ ഡിവിഷനില്‍ നിന്ന് ശുപാര്‍ശ ചെയ്ത ട്രെയിനുകളില്‍ ചിലത് ജൂണ്‍ മാസത്തോടെ തയ്യാറാക്കുന്ന പുതിയ ടൈംടേബിളില്‍ ഇടം പിടിച്ചേക്കും. നവീകരിച്ച പാലക്കാട് പൊള്ളാച്ചി റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്‌പെഷ്യല്‍ ട്രെയിനുകള്‍ സ്ഥിരപ്പെടുത്തുന്നതും ചിലത് ദീര്‍ഘിപ്പിക്കുന്നതിനും പുറമേയാണ് പുതിയ ട്രെയിനുകള്‍ ഉള്‍പ്പെടുത്തുക.
കോഴിക്കോട് ബാംഗഌര്‍, കൊച്ചി ബാംഗഌര്‍ പകല്‍ എക്‌സ്പ്രസുകള്‍, മാംഗഌര്‍ കൊയമ്പത്തൂര്‍ എക്‌സ്പ്രസ്, മാംഗഌര്‍ തിരുവനന്തപുരം രാത്രികാല എക്‌സ്പ്രസ്, രാമേശ്വരം പൊള്ളാച്ചി മാംഗഌര്‍ കൊങ്കണ്‍ വഴിയുള്ള എക്‌സ്പ്രസ് എന്നിവയാണ് പാലക്കാട് ഡിവിഷനില്‍ നിന്ന് ശുപാര്‍ശ ചെയ്ത പുതിയ സര്‍വീസുകള്‍. മെമു സര്‍വീസ് കാര്യക്ഷമമാക്കുന്നതിനും വര്‍ധിപ്പിക്കുന്നതിനും മൂന്ന് റേക്ക് കൂടി ഡിവിഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പാലക്കാട്ടെ മെമു ഷെഡ് നവീകരിക്കുകയും പുതിയ റേക്കുകള്‍ ലഭിക്കുകയും ചെയ്താല്‍ മെമു സര്‍വീസുകളെല്ലാം കാര്യക്ഷമമാക്കാം. മലബാറിലേക്കും മെമു ഓടിക്കുന്നതിന് സാധ്യത തെളിയും. പാലക്കാട് പൊള്ളാച്ചി പാതയിലൂടെ കൊച്ചി രാമേശ്വരം ചെന്നൈ ചരക്ക് നീക്കം സജീവമാക്കുന്നതിനും ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇതുവഴി പാതയിലൂടെ അധിക വരുമാനവും ഡിവിഷന്‍ പ്രതീക്ഷിക്കുന്നു. പൊള്ളാച്ചി പോടന്നൂര്‍ ഗേജ് മാറ്റം പൂര്‍ത്തിയാകുന്നതോടെ ഇതുവഴിയുള്ള ചരക്ക് നീക്കവും സുഗമമാകും. പാലക്കാട് സേലം റൂട്ടിലെ തിരക്ക് ഒഴിവാക്കാനും പാസഞ്ചര്‍ ട്രെയിനുകളുടെ സമയക്രമം പാലിക്കാനുമാകുമെന്ന് ഡിവിഷന്‍ അധികൃതരുടെ പ്രതീക്ഷ.
Next Story

RELATED STORIES

Share it