Kottayam Local

റെയില്‍പ്പാത ഇരട്ടിപ്പിക്കല്‍; ട്രെയിന്‍ സമയങ്ങളില്‍ മാറ്റം വരുത്തി

കോട്ടയം: ചങ്ങനാശ്ശേരി-തിരുവല്ല സ്റ്റേഷന്‍ പരിധിയില്‍ പാത ഇരട്ടിപ്പിക്കലും തിരുവല്ല റെയില്‍വേ സ്റ്റേഷന്‍ പുനര്‍ക്രമീകരിക്കലുമായി ബന്ധപ്പെട്ട് നാളെ കോട്ടയം വഴിയുള്ള ട്രെയിന്‍ സമയങ്ങളില്‍ മാറ്റം വരുത്തിയതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു.
ചില ട്രെയിനുകള്‍ നാളെ റദ്ദ് ചെയ്തും ചിലതിന്റെ സമയം മാറ്റിയും ചില ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടുമാണ് ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 5.25ന് എറണാകുളം ജങ്ഷനില്‍ നിന്ന് യാത്ര ആരംഭിച്ച് കോട്ടയം വഴി കൊല്ലത്തെത്തി അവിടെ നിന്ന് 11.10ന് മടങ്ങുന്ന മെമു നാളെ സര്‍വീസ് നടത്തുന്നതല്ല.
11.30ന് എറണാകുളത്തുനിന്ന് പുറപ്പെട്ട് കായംകുളത്തെത്തി ഉച്ചയ്ക്ക് ശേഷം രണ്ടിന് മടങ്ങുന്ന എറണാകുളം-കായംകുളം പാസഞ്ചര്‍, രാവിലെ 8.35ന് കൊല്ലത്തുനിന്ന് പുറപ്പെട്ട് കോട്ടയത്തെത്തി അവിടെ നിന്ന് 5.45ന് മടങ്ങുന്ന കൊല്ലം- കോട്ടയം പാസഞ്ചര്‍, രാവിലെ 10 ന് എറണാകുളത്തു നിന്ന് ആരംഭിച്ച് ആലപ്പുഴ വഴി കായംകുളത്തെത്തി അവിടെ നിന്ന് ഉച്ചയ്ക്ക് ഒന്നിന് മടങ്ങുന്ന എറണാകുളം- കായംകുളം പാസഞ്ചര്‍, രാവിലെ 8.50ന് എറണാകുളത്തുനിന്ന് ആരംഭിച്ച് ആലപ്പുഴ വഴി കൊല്ലത്തെത്തി അവിടെ നിന്ന് 2.40ന് മടങ്ങുന്ന എറണാകുളം- കൊല്ലം മെമു എന്നിവയും നാളെ ഉണ്ടായിരിക്കുന്നതല്ല. ഗുരുവായൂര്‍- പുനലൂര്‍ പാസഞ്ചര്‍ കോട്ടയത്ത് യാത്ര അവസാനിപ്പിക്കും. കോട്ടയം-പുനലൂര്‍ റൂട്ടില്‍ യാത്ര ഉണ്ടായിരിക്കില്ല. തിരുവനന്തപുരത്തു നിന്ന് ന്യൂഡല്‍ഹിയിലേയ്ക്കുള്ള കേരളാ എക്‌സ്പ്രസ് 45 മിനിട്ട് വൈകി ഉച്ചയ്ക്ക് 12ന് മാത്രമേ യാത്ര ആരംഭിക്കുകയുള്ളൂ.
തുടര്‍ന്ന് കായംകുളത്തോ ചെങ്ങന്നൂരോ ഒരു മണിക്കൂര്‍ പിടിച്ചിടും. കന്യാകുമാരി- മുംബൈ സിഎസ്ടി എക്‌സ്പ്രസ്, കണ്ണൂര്‍- തിരുവനന്തപുരം ജനശദാബ്ദി, ന്യൂഡല്‍ഹി-തിരുവനന്തപുരം കേരളാ എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ ആലപ്പുഴ വഴിയായിരിക്കും നാളെ സര്‍വീസ് നടത്തുന്നത്. ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, എറണാകുളം സൗത്ത് എന്നീ സ്റ്റേഷനുകളില്‍ സ്റ്റോപ് ഉണ്ടായിരിക്കുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it