റൂസഫിന്റെ കുറ്റവിചാരണയെ എംപിമാര്‍ അനുകൂലിക്കും

ബ്രസീലിയ: ബ്രസീലിയന്‍ പ്രസിഡന്റ് ദില്‍മ റൂസഫിനെ കുറ്റവിചാരണ ചെയ്യണമെന്നാവശ്യപ്പെട്ട് വോട്ടുചെയ്യുമെന്ന് ഭരണമുന്നണിയിലെ അംഗങ്ങളായിരുന്ന കക്ഷികള്‍. പാര്‍ട്ടിയുടെ 47 എംപിമാരില്‍ ഭൂരിപക്ഷവും ദില്‍മയ്‌ക്കെതിരേ വോട്ടുചെയ്യുമെന്നാണ് ഭരണമുന്നണി വിട്ട പ്രോഗ്രസ്സീവ് പാര്‍ട്ടി അറിയിച്ചത്. തങ്ങളുടെ 22 എംപിമാര്‍ക്കും കുറ്റവിചാരണാ നടപടികളെ പിന്തുണച്ച് വോട്ടുചെയ്യണമെന്ന് നിര്‍ദേശം നല്‍കിയതായി റിപബ്ലിക്കന്‍ പാര്‍ട്ടിയും വ്യക്തമാക്കി. അധോസഭയിലെ ഏറ്റവും വലിയ കക്ഷിയായിരുന്ന പിഎംഡിബി (ബ്രസീലിയന്‍ ഡെമോക്രാറ്റിക് മൂവ്‌മെന്റ് പാര്‍ട്ടി) ഭരണമുന്നണി വിട്ട് ഒരാഴ്ചയ്ക്കുശേഷമാണ് കൂടുതല്‍ കക്ഷികള്‍ ഇത്തരത്തില്‍ നിലപാടു വ്യക്തമാക്കുന്നത്.
ഭരണമുന്നണി വിടുന്നതായി പ്രോഗ്രസ്സീവ് പാര്‍ട്ടി ചൊവ്വാഴ്ച അറിയിച്ചിരുന്നു. ഭൂരിപക്ഷം അംഗങ്ങളും മുന്നണി വിടുന്നതിനെ അനുകൂലിക്കുന്നതായി പ്രോഗ്രസ്സീവ് പാര്‍ട്ടി വക്താവ് പറഞ്ഞു. 513 അംഗ അധോസഭയിലെ നാലാമത്തെ വലിയ കക്ഷിയാണ് പ്രോഗ്രസ്സീവ് പാര്‍ട്ടി. പ്രസിഡന്റിനെ നീക്കുന്നതിനുള്ള നടപടികളെ പിന്തുണയ്ക്കണമെന്നും അല്ലെങ്കില്‍ പാര്‍ട്ടിയില്‍നിന്നു പുറത്താക്കുന്നതടക്കമുള്ള അച്ചടക്ക നടപടികള്‍ നേരിടേണ്ടി വരുമെന്നും അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായി റിപബ്ലിക്കന്‍ നേതാക്കള്‍ അറിയിച്ചു. രണ്ടു കക്ഷികള്‍ കൂടി കുറ്റവിചാരണാ നടപടികള്‍ക്ക് അനുകൂലമായി വോട്ടുചെയ്യുമെന്ന് പ്രഖ്യാപിച്ചതോടെ പ്രസിഡന്റ് ദില്‍മ റൂസഫിന്റെ നില കൂടുതല്‍ ദുര്‍ബലമായി.
അധോസഭയിലെ വിവിധ അംഗങ്ങള്‍ നിലപാട് പുറത്തുവിടാത്തതിനാല്‍ വോട്ടെടുപ്പില്‍ എത്രപേര്‍ കുറ്റവിചാരണയെ പിന്തുണയ്ക്കുമെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. ഞായറാഴ്ചയാകും വോട്ടെടുപ്പ് നടക്കുക എന്നാണ് പ്രാഥമിക വിവരം. സഭയില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം (342 അംഗങ്ങളുടെ വോട്ട്) നേടാനായാല്‍ കുറ്റവിചാരണാ നടപടികള്‍ സെനറ്റിനു കൈമാറാനാവും. പ്രോഗ്രസ്സീവ് പാര്‍ട്ടി പിന്തുണ പിന്‍വലിക്കുന്നതായി പ്രഖ്യാപിക്കുന്നതിനു മുമ്പ് നടന്ന ഒരു സര്‍വേയില്‍ അധോസഭയിലെ 300 എംപിമാര്‍ കുറ്റവിചാരണയെ അനുകൂലിക്കുമെന്നും 125 പേര്‍ എതിര്‍ക്കുമെന്നും 88 പേരുടെ നിലപാട് വ്യക്തമല്ലെന്നും കണ്ടെത്തിയിരുന്നു.
അതേസമയം എതിരാളികള്‍ തനിക്കെതിരേ അട്ടിമറി നീക്കം നടത്തുകയാണെന്ന് റൂസഫ് പ്രതികരിച്ചു. വൈസ് പ്രസിഡന്റ് മൈക്കല്‍ തെമെര്‍ ചതിയനാണെന്നും അട്ടിമറി ശ്രമങ്ങള്‍ക്ക് ഒപ്പം നില്‍ക്കുകയാണെന്നും റൂസഫ് പറഞ്ഞു.
Next Story

RELATED STORIES

Share it