kozhikode local

റൂറല്‍ ഹൗസിങ് സൊസൈറ്റിയുടെ സ്ഥലത്ത് ചട്ടങ്ങള്‍ മറികടന്ന് കെട്ടിടം

താമരശ്ശേരി: റൂറല്‍ ഹൗസിങ് സൊസൈറ്റിയുടെ സ്ഥലത്ത് ചട്ടങ്ങള്‍ മറികടന്ന് കെട്ടിടം നിര്‍മിച്ച് വാടകക്ക് നല്‍കിയ സംഭവത്തില്‍ സെക്രട്ടറിയെ ബലിയാടാക്കാന്‍ ശ്രമം. ഭരണ സമിതിയുടെ അറിവോടെ നടന്ന കെട്ടിട നിര്‍മാണത്തിന്റെ പേരില്‍ സൊസൈറ്റി സെക്രട്ടറി ഗോപേഷനെ ഭരണ സമിതി സസ്‌പെന്റ് ചെയ്തു.

കെട്ടിട നിര്‍മാണത്തില്‍ സെക്രട്ടറി അനാസ്ഥ കാണിച്ചുവെന്നാണ് ഭരണ സമിതിയുടെ ആരോപണം. സൊസൈറ്റിയുടെ സ്ഥലത്ത് കെട്ടിടം പണിയാന്‍ സ്വകാര്യ വ്യക്തിയില്‍ നിന്നും പലിശ രഹിത അഡ്വാന്‍സ് വാങ്ങുന്നതിനോ കെട്ടിടം പണിയുന്നതിനോ ജോയിന്റ് രജിസ്ട്രാര്‍ അനുമതി നല്‍കിയിരുന്നില്ല.
സൊസൈറ്റിയുടെ കെട്ടിടവും സ്വകാര്യ കെട്ടിടവും ഒന്നാക്കിയാണ് നിര്‍മിച്ചിരിക്കുന്നതെന്നും ഇത് സഹകരണ സ്ഥാപനത്തിന് ഭീഷണിയാണെന്നും സഹകരണ വകുപ്പ് യൂണിറ്റ് ഇന്‍സ്‌പെക്ടറുടെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. പ്രവൃത്തി ഏറ്റെടുത്ത് നടത്തിയത് സ്വകാര്യ വ്യക്തിയാണെന്നും കെട്ടിടത്തില്‍ ജ്വല്ലറി ആരംഭിച്ചെങ്കിലും വാടകയിനത്തില്‍ സൊസൈറ്റിക്ക് ഒന്നും ലഭിച്ചിട്ടില്ലെന്നും അന്വേഷണ റിപോര്‍ട്ടില്‍ പറയുന്നു.
ചട്ടങ്ങള്‍ മറികടന്ന് നിര്‍മിച്ച കെട്ടിത്തിലെ വ്യാപാരം ഒഴിപ്പിച്ച് റിപോര്‍ട്ട് ചെയ്യാന്‍ അസി. രജിസ്ട്രാര്‍ കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിരുന്നു. ഇതിന്റെ പിന്നാലെയാണ് സെക്രട്ടറിയെ സസ്‌പെന്റ് ചെയ്യാന്‍ ഭരണ സമിതി തീരുമാനിച്ചത്.
ഇതിനിടെ സെക്രട്ടറി സ്ഥാനത്തേക്ക് യോഗ്യതയില്ലാത്തയാളെയാണ് സെക്രട്ടറിയാക്കിയതെന്നും തനിക്ക് സ്ഥാനക്കയറ്റം നിഷേധിച്ചതായും കാണിച്ച് ജീവനക്കാരി കോടതിയെ സമീപിക്കുകയും കോടതി ഉത്തരവുനേടി സെക്രട്ടറിയാവുകയും ചെയ്തിരുന്നു. ഇതോടെ ഗോപേഷന്‍ അവധിയില്‍ പ്രവേശിക്കുകയായിരുന്നു.
കെട്ടിട നിര്‍മാണവും വാടകക്ക് നല്‍കലും തനിക്ക് മാത്രം ചെയ്യാന്‍ കഴിയുന്നതല്ലെന്നും ഭരണ സമിതി അംഗങ്ങളുടെ കണ്‍മുന്നില്‍ നടക്കുന്ന കാര്യങ്ങള്‍ അറിഞ്ഞില്ലെന്ന വാദം ശരിയല്ലെന്നും ഗോപേഷന്‍ പറഞ്ഞു. ഭരണ സമിതിയുടെ തീരുമാനങ്ങള്‍ നടപ്പിലാക്കിയ തനിക്കെതിരായ നടപടിക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നത് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it