kozhikode local

റിസോര്‍ട്ട് ഉടമയെ വധിച്ച കേസ്: ടൂറിസ്റ്റ്‌ഹോം മാനേജരെ വിസ്തരിച്ചു

കോഴിക്കോട്: വൈത്തിരി ഫിന്‍സര്‍ഹില്‍സ് ജംഗിള്‍ പാര്‍ക്ക് ആന്‍ഡ് ഗ്രീന്‍ മാജിക് ഉടമ കോഴിക്കോട് ചേവായൂര്‍ വൃന്ദാവന്‍ കോളനിയിലെ എ എ അബ്ദുള്‍ കരീമിനെ വധിച്ച കേസില്‍ സാക്ഷിയായ ടൂറിസ്റ്റ് ഹോം മാനേജരെ വിസ്തരിച്ചു. കരീമിനെ വധിച്ച വാടകകൊലയാളികള്‍ താമസിച്ചിരുന്ന ദ്വാരക ടൂറിസ്റ്റ്‌ഹോമിലെ മാനേജര്‍ ശ്രീജിത്തിനെയാണ് എരഞ്ഞിപ്പാലത്തെ സ്‌പെഷ്യല്‍ അഡീഷണല്‍ സെഷന്‍സ് കോടതി(മാറാട് പ്രത്യേക കോടതി)യില്‍ വിസ്തരിച്ചത്. പ്രോസിക്യൂഷന് അനുകൂലമായി സാക്ഷി വിചാരണകോടതിയില്‍ മൊഴി നല്‍കി. കൊല നടന്ന ദിവസവും അതിന് മുമ്പും പ്രതികള്‍ ടൂറിസ്റ്റ്‌ഹോമില്‍ താമസിച്ചുവെന്നതിന് തെളിവായി ടൂറിസ്റ്റ്‌ഹോമിലെ രജിസ്റ്ററും ബില്‍ബുക്കും വിചാരണക്കോടതി മുമ്പാകെ ഹാജരാക്കി. അതേസമയം കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അബ്ദുള്‍ ഹമീദിനെ വിസ്തരിക്കുന്നത് അവധി അപേക്ഷയുടെ അടിസ്ഥാനത്തില്‍ കോടതി ഈ മാസം 9 ലേക്ക് മാറ്റി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. സുഗതന്‍ ഹാജരായി. റിസോര്‍ട്ട് ഉടമയായ അബ്ദുള്‍ കരീമി(36)നെ 2006 ഫിബ്രവരി 11 ന് താമരശ്ശേരി ചുരത്തിലെ ഒമ്പതാം വളവില്‍വെച്ചാണ് കാര്‍ തടഞ്ഞുനിര്‍ത്തി വാടക കൊലയാളികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. ബിസിനസ് സംബന്ധമായ ശത്രുത കാരണം ടൂര്‍ കമ്പനി ഉടമ ബാബു വര്‍ഗീസ് ബത്തേരി സ്വദേശി 'സീസി' ജോസ് വഴി നടത്തിയ ക്വട്ടേഷനാണ് കരീമിന്റെ കൊലയില്‍ കലാശിച്ചത്. ഗ്രീന്‍ മാജിക് റിസോര്‍ട്ട് കുറച്ചുകാലം വാടകയ്ക്കു നടത്താന്‍ അബ്ദുള്‍ കരീം ബാബു വര്‍ഗീസിനെ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ രേഖകള്‍ തിരുത്തി റിസോര്‍ട്ട് വിട്ടുകൊടുക്കാന്‍ ബാബു വര്‍ഗീസ് തയ്യാറാവാതിരുന്നതോടെ അബ്ദുള്‍ കരീം കോടതിയെ സമീപിക്കുകയും അനുകൂലവിധി നേടിയെടുക്കുകയുമായിരുന്നു. റിസോര്‍ട്ട് കേസുമായി ബന്ധപ്പെട്ട് സുല്‍ത്താന്‍ ബത്തേരിയിലെ അഭിഭാഷകനെ കണ്ട് മടങ്ങുമ്പോഴാണ് പ്രതികള്‍ ടാറ്റാ സുമോയില്‍ പിന്തുടര്‍ന്നു താമരശേരി ചുരത്തില്‍വച്ചു കരീമിനെ കൊലപ്പെടുത്തിയത്. കരീം വധക്കേസില്‍ നിര്‍ണായകമായത് മരണത്തിന്റെ വക്കില്‍ നിന്നും രക്ഷപ്പെട്ട െ്രെഡവര്‍ ശിവന്റെ സാക്ഷിമൊഴിയായിരുന്നു.
Next Story

RELATED STORIES

Share it