റിസര്‍വ് ബാങ്ക് വായ്പാനയത്തില്‍ മാറ്റമില്ല

മുംബൈ: പ്രധാന നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്കിന്റെ വായ്പാനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 6.5 ശതമാനവും റിവേഴ്‌സ് റിപ്പോ നിരക്ക് ആറ് ശതമാനമായും തുടരും. കരുതല്‍ ധനാനുപാതത്തിലും മാറ്റമില്ല. ഇതു നാല് ശതമാനമായി തുടരും. അടിസ്ഥാന നിരക്കുകളില്‍ മാറ്റമില്ലാത്തതിനാല്‍ ഭവന, വാഹന വായ്പാ പലിശനിരക്കിലും ഏതെങ്കിലും തരത്തില്‍ മാറ്റത്തിന് സാധ്യതയില്ല. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്ത് താന്‍ തുടരണോ വേണ്ടയോ എന്ന് പ്രധാനമന്ത്രിയും ധനമന്ത്രിയും തീരുമാനിക്കുമെന്ന് വായ്പാനയം പ്രഖ്യാപിച്ചുകൊണ്ട് രഘുറാം രാജന്‍ പറഞ്ഞു. ഇതോടെ പ്രതിമാസ തിരിച്ചടവ് (ഇഎംഐ) മാറ്റമില്ലാതെ തുടരും. ഭാവിയില്‍ ബാങ്കുകള്‍ വായ്പാ പലിശ കുറക്കാനിടയുണ്ട്.
അതേസമയം രാജിയെക്കുറിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് രഘുറാം രാജന്‍ കൃത്യമായി പ്രതികരിച്ചില്ല. രാജി സംമ്പന്ധിച്ച് തന്റേതെന്ന പേരില്‍ പ്രചിരിക്കുന്ന കത്തുകള്‍ കണ്ട് അമ്പരന്നുവെന്നും അദ്ദേഹം പറഞ്ഞു. വരുന്ന സപ്തംബറിലാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ എന്ന നിലയിലുള്ള രഘുറാം രാജന്റെ കാലാവധി അവസാനിക്കുന്നത്. ഇനിയും ഈ പദവിയില്‍ തുടരാനില്ലെന്ന് കാണിച്ച് അദ്ദേഹം പ്രധാനമന്ത്രിക്ക് കത്തെഴുതിയതായി റിപോര്‍ട്ടുകളുണ്ടായിരുന്നു. രാജനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ബിജെപി എംപി സുബ്രഹ്മണ്യം സ്വാമി പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു.
Next Story

RELATED STORIES

Share it