റിസര്‍വോയറില്‍ കുളിക്കാനിറങ്ങിയ സേലം സ്വദേശികള്‍ മുങ്ങിമരിച്ചു

പാലക്കാട്: ചിറ്റൂര്‍ കമ്പാലത്തറ റിസര്‍വോയറില്‍ കുളിക്കാനിറങ്ങിയ രണ്ടുപേര്‍ മുങ്ങിമരിച്ചു. തമിഴ്‌നാട് സ്വദേശികളായ സേലം തോപ്പുകാട് മണിയുടെ മകന്‍ പ്രിയദര്‍ശന്‍ (26), കരൂര്‍ കാശതപുരം ഗണേശന്റെ മകന്‍ സിബി ചക്രവര്‍ത്തി (27) എന്നിവരാണ് മരിച്ചത്.
ഇന്നലെ ഉച്ചയോടെ അവധിദിനം ആഘോഷിക്കാന്‍ സുഹൃത്തിന്റെ വീട്ടില്‍ എത്തിയപ്പോഴാണ് ഇവര്‍ അപകടത്തില്‍പെട്ടത്. വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്ന മൂന്നാമനായ കൗസിക്കിനെ കൂടെയുണ്ടായിരുന്ന രണ്ടുപേര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു. അപകട വിവരമറിഞ്ഞ് അസി. സ്റ്റേഷന്‍ ഓഫിസര്‍ രമേശിന്റെ നേതൃത്വത്തില്‍ ചിറ്റൂരില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി മണിക്കൂറുകളോളം തിരച്ചില്‍ നടത്തിയാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. മൃതദേഹങ്ങള്‍ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. പ്രിയദര്‍ശന്‍, സിബി ചക്രവര്‍ത്തി, കൗസിക്, സായ്, പ്രഭു എന്നിവര്‍ സുഹൃത്തായ ശെല്‍വരാജിന്റെ വീട്ടില്‍ എത്തിയതായിരുന്നു.
ഉച്ചഭക്ഷണത്തിന് ശേഷമാണ് അഞ്ചുപേരടങ്ങുന്ന സംഘം കമ്പാലത്തറ ഏരിയയില്‍ കുളിക്കാനിറങ്ങിയത്. ഇതില്‍ രണ്ടുപേര്‍ കുളിച്ചു കരയില്‍ കയറുമ്പോഴാണ് കൗസിക് മുങ്ങിത്താഴുന്നത് കണ്ടത്. ഉടന്‍തന്നെ കൗസികിനെ രക്ഷിച്ചെങ്കിലും മറ്റു രണ്ടുപേരെ രക്ഷിക്കാനായില്ല. രണ്ടുപേരുടെയും ബഹളം കേട്ട് ഒാടിക്കൂടിയ സമീപവാസികളാണ് പോലിസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരം അറിയിച്ചത്.
Next Story

RELATED STORIES

Share it