റിലേയില്‍ ഇരട്ട സ്വര്‍ണം കൈവിടാതെ കേരളം

എപി ഷഫീഖ്

കോഴിക്കോട്: 61ാമത് ദേശീയ സ്‌കൂള്‍ കായിക മേളയില്‍ ഇന്നലെ നടന്ന ഗ്ലാമര്‍ ഇനമായിരുന്നു 4-100 മീറ്റര്‍ റിലേ. റിലേയില്‍ കേരളത്തിന് പലപ്പോഴും ഭീഷണി ഉയര്‍ത്തിയത് അയല്‍ക്കാരായ തമിഴ്‌നാടായിരുന്നു. ഫോട്ടോ ഫിനിഷിങിലേക്ക് വരെ നീണ്ടുനിന്ന ആവേശകരമായ പോരാട്ടത്തില്‍ കേരളവും തമിഴ്‌നാടും രണ്ട് സ്വര്‍ണം വീതം നേടി ഏതാണ്ട് ഒപ്പത്തിനൊപ്പം നിന്നു.
എന്നാല്‍, ആകെ നടന്ന ആറ് പോരാട്ടങ്ങളില്‍ ആറിലും മെഡലുകള്‍ കരസ്ഥമാക്കി തമിഴ്‌നാട് റിലേയില്‍ കരുത്ത് കാട്ടി. മഹാരാഷ്ട്രയ്ക്ക് ഓരോന്ന് വീതം സ്വര്‍ണവും വെള്ളിയും വെങ്കലവും ലഭിച്ചു. 4-100 മീറ്റര്‍ റിലേയില്‍ കേരളം അഞ്ചു മെഡലുകളാണ് കരസ്ഥമാക്കിയത്. ഇതില്‍ രണ്ട് വീതം സ്വര്‍ണവും വെങ്കലവും ഒരു വെള്ളിയും ഉള്‍പ്പെടുന്നു. റാഞ്ചിയില്‍ നടന്ന 60ാമത് ദേശീയ സ്‌കൂള്‍ കായിക മേളയില്‍ രണ്ട് വീതം സ്വര്‍ണവും വെള്ളിയും ഉള്‍പ്പെടെ കേരളത്തിന് നാലു മെഡലുകളാണ് 4-100 മീറ്റര്‍ റിലേയില്‍ ലഭിച്ചത്. സീനിയര്‍ ആണ്‍കുട്ടികളുടെ റിലേയില്‍ കേരളം സ്വര്‍ണ നേട്ടം നിലനിര്‍ത്തിയപ്പോള്‍ സബ്ജൂനിയര്‍ പെണ്‍കുട്ടികളില്‍ ഒന്നാംസ്ഥാനത്തുനിന്ന് രണ്ടിലേക്ക് ആതിഥേയര്‍ പിന്തള്ളപ്പെട്ടു. കഴിഞ്ഞ തവണ വെള്ളി മെഡല്‍ നേടിയ ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികള്‍ ഇത്തവണ സ്വര്‍ണ നേട്ടമാക്കി മുന്നേറ്റം നടത്തുകയായിരുന്നു. കഴിഞ്ഞ മീറ്റില്‍ രണ്ടാമത് ഫിനിഷ് ചെയ്ത സീനിയര്‍ വിഭാഗം പെണ്‍കുട്ടികള്‍ക്ക് ഇന്നലെ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു. ജൂനിയര്‍ ആണ്‍കുട്ടികളില്‍ ഫോട്ടോ ഫിനിഷിങിലൂടെയാണ് രണ്ടാം സ്ഥാനക്കാരെ തീരുമാനിച്ചത്. ഒടുവില്‍ കേരളത്തെ പിന്തള്ളി ഒഡീഷയെ രണ്ടാം സ്ഥാനക്കാരായി പ്രഖ്യാപിക്കുകയായിരുന്നു. സബ്ജൂനിയര്‍ ആണ്‍കുട്ടികളില്‍ ഫൈനല്‍ റൗണ്ടില്‍ കേരളത്തിന് ഇടം നേടാന്‍ സാധിച്ചിരുന്നില്ല.
സീനിയര്‍ ആണ്‍കുട്ടികളില്‍ കെഎസ് പ്രണവ്, അശ്വിന്‍ സണ്ണി, അസ്‌കര്‍ ഹാരിസ്, പിഎസ് സനീഷ് എന്നിവരാണ് കേരളത്തിന് സ്വര്‍ണം സമ്മാനിച്ചത്. 0.42.21 സെക്കന്‍ഡ് കൊണ്ട് ഫിനിഷ് ചെയ്താണ് കേരളം സ്വര്‍ണത്തിലേക്ക് കുതിച്ചത്. ഈയിനത്തില്‍ കര്‍ണാടകയ്ക്ക് (0.42.25) വെള്ളിയും തമിഴ്‌നാടിന് (0.42.27) വെങ്കലവും ലഭിച്ചു. അവസാന ലാപ്പില്‍ പ്രണവിന്റെ ഉജ്ജ്വല കുതിപ്പാണ് കേരളത്തെ സ്വര്‍ണം നേടാന്‍ സഹായിച്ചത്. ജൂനിയര്‍ പെണ്‍കുട്ടികളില്‍ പിഡി അഞ്ജലി, അപര്‍ണ റോയ്, പിപി ഫാത്തിമ, ലിനറ്റ് ജോര്‍ജ് എന്നിവരാണ് കേരളത്തെ സ്വര്‍ണ നേട്ടത്തിലെത്തിച്ചത്. 0.48.95 സെക്കന്‍ഡ് കൊണ്ടാണ് കേരളം മല്‍സരം പൂര്‍ത്തിയാക്കിയത്. രണ്ടാം സ്ഥാനം തമിഴ്‌നാടിനും (0.49.06) മഹാരാഷ്ട്രയ്ക്ക് (0.49.37) മൂന്നാം സ്ഥാനവും ലഭിച്ചു.
സബ്ജൂനിയര്‍ പെണ്‍കുട്ടികളില്‍ ആന്‍ റോസ് ടോമി, സിഎഫ് അമൃത മേരി, എംഎസ് അഞ്ജന, ഗൗരി നന്ദന എന്നിവരിലൂടെ 0.51.41 സെക്കന്‍ഡ് കൊണ്ട് ഓടിയെത്തിയാണ് കേരളം രണ്ടാം സ്ഥാനത്തെത്തിയത്. 0.51.36 സെക്കന്‍ഡ് കൊണ്ട് മല്‍സരം പൂര്‍ത്തിയാക്കിയ മഹാരാഷ്ട്രയ്ക്കാണ് ഒന്നാംസ്ഥാനം. തമിഴ്‌നാടിനാണ് വെങ്കലം. സീനിയര്‍ പെണ്‍കുട്ടികളില്‍ ഡൈബി സെബാസ്റ്റ്യന്‍, അഖിന ബാബു, പിഒ സായാന, ടിപി ശഹര്‍ബാന സിദ്ദീഖി എന്നിവരാണ് കേരളത്തെ പ്രതിനിധീകരിച്ച് ട്രാക്കിലിറങ്ങിയത്. എന്നാല്‍, തമിഴ്‌നാടിന്റേയും (0.48.13 സെക്കന്‍ഡ്) കര്‍ണാടകയുടെയും (0.48.36) അതിവേഗ കുതിപ്പില്‍ കേരളം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. 0.49.02 സെക്കന്‍ഡ് കൊണ്ടാണ് കേരളം ഫിനിഷിങ് ലൈനിലെത്തിയത്.
അതേസമയം, ജൂനിയര്‍ ആണ്‍കുട്ടികളില്‍ മികച്ച തുടക്കം ലഭിച്ചെങ്കിലും രണ്ടാം ലാപ്പില്‍ എംകെ ശ്രീനാഥ് സമ്മര്‍ദ്ദത്തില്‍ പെട്ടത് കേരളത്തിന് വിനയായി. അവസാന ലാപ്പില്‍ ടിപി അമല്‍ മികച്ച കുതിപ്പ് നടത്തിയെങ്കിലും ഫോട്ടോ ഫിനിഷിങില്‍ കേരളം മൂന്നാം സ്ഥാനത്തേക്ക് പോവുകയായിരുന്നു.
രണ്ടാമതുള്ള ഒഡീഷയും കേരളവും 0.43.81 സെക്കന്‍ഡ് കൊണ്ടാണ് മല്‍സരം പൂര്‍ത്തിയാക്കിയത്. 0.43.67 സെക്കന്‍ഡ് കൊണ്ട് ഓടിയെത്തിയ തമിഴ്‌നാടിനാണ് സ്വര്‍ണം.
Next Story

RELATED STORIES

Share it