റിലയന്‍സ് ചോര്‍ത്തിയത്  11,000 കോടിയുടെ പ്രകൃതിവാതകം

ന്യൂഡല്‍ഹി: പൊതുമേഖലാ സ്ഥാപനമായ ഒഎന്‍ജിസിയുടെ ഉടമസ്ഥതയിലുള്ള പ്രകൃതിവാതക ശേഖരത്തില്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ചോര്‍ത്തിയത് 11,000 കോടി രൂപയുടെ പ്രകൃതിവാതകമെന്ന് ഇരുകൂട്ടരും നിയോഗിച്ച യുഎസ് കണ്‍സള്‍ട്ടന്റ് കമ്പനി. അവര്‍ സമര്‍പ്പിച്ച റിപോര്‍ട്ട് ഇതേവരെ വിവാദമാവാത്തതില്‍ പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയത്തിനു പങ്കുണ്ടെന്നും സംശയം. രണ്ടു വര്‍ഷം മുമ്പാണ് ഡല്‍ഹി ഹൈക്കോടതിയില്‍ ഒഎന്‍ജിസി, കൃഷ്ണ-ഗോദാവരി നദീതീരങ്ങളില്‍ തങ്ങളുടെ ഉടമസ്ഥതയിലുള്ള പ്രകൃതിവാതക ശേഖരം റിലയന്‍സ് ചോര്‍ത്തുന്നതു സംബന്ധിച്ച് പരാതി സമര്‍പ്പിച്ചത്. ഒഎന്‍ജിസിയുമായി ഉണ്ടാക്കിയ കരാറിന്റെ മറവില്‍ റിലയന്‍സ് ഏതാണ്ട് ഒമ്പത് ബില്യണ്‍ ക്യൂബിക് മീറ്റര്‍ പ്രകൃതിവാതകമാണ് സ്വന്തം റിസര്‍വോയറിലേക്കു ചോര്‍ത്തിയത്.
ഇതിന് ഏതാണ്ട് 11,000 കോടി രൂപ വിലവരും. ഒഎന്‍ജിസിയുടെ റിസര്‍വോയറിനു സമീപം അവരറിയാതെ ഡ്രില്‍ ചെയ്തുകൊണ്ടായിരുന്നു ചോര്‍ത്തല്‍. ഇതൊക്കെ നടക്കുമ്പോള്‍ പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം കണ്ണടയ്ക്കുകയായിരുന്നു. ഒഎന്‍ജിസി കൊടുത്ത പരാതിയില്‍ മന്ത്രാലയവും ഡയറക്ടര്‍ ജനറല്‍ ഓഫ് ഹൈഡ്രോ കാര്‍ബണ്‍സും കൂട്ടുപ്രതികളാണ്. അതേയവസരം ഒഎന്‍ജിസി തന്നെ ഇക്കാര്യത്തില്‍ അനാസ്ഥ കാണിച്ചതിന്റെ സൂചനകളുമുണ്ട്. 2014 മെയില്‍ ഹരജി കൊടുക്കുന്നതിനു എത്രയോ മുമ്പുതന്നെ റിലയന്‍സ് വാതകം ചോര്‍ത്തുന്നതു സംബന്ധിച്ച് കോര്‍പറേഷന് വിവരം ലഭിച്ചിരുന്നുവത്രെ.
അന്ന് യുപിഎ ഗവണ്‍മെന്റില്‍ പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയത്തിന്റെ ചുമതല വീരപ്പ മൊയ്‌ലിക്കായിരുന്നു. യുപിഎ സര്‍ക്കാര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തോറ്റ ശേഷമാണ് മൊയ്‌ലി റിലയന്‍സിന്റെ ചോര്‍ത്തല്‍ സംബന്ധിച്ച് ഒരു കുറിപ്പ് ഒഎന്‍ജിസിക്ക് അയച്ചത്.
Next Story

RELATED STORIES

Share it