Sports

റിയോയിലേത് കരിയറിലെ മികച്ച ഒളിംപിക്‌സാവുമെന്ന് സീമ പൂനിയ

ന്യൂഡല്‍ഹി: തന്റെ കരിയറിലെ ഏറ്റവും മികച്ച ഒളിംപിക്‌സായിരിക്കും റിയോയിലേതെന്ന് ഇന്ത്യന്‍ വനിതാ ഡിസ്‌കസ് ത്രോ താരം സീമ ആന്റില്‍ പൂനിയ പറഞ്ഞു. കാലഫോര്‍ണിയയില്‍ നടക്കുന്ന പാറ്റ് യങ് ത്രോവേഴ്‌സ് ക്ലാസിക് ടൂര്‍ണമെന്റില്‍ സ്വര്‍ണം കൊയ്ത് ഒളിംപിക്‌സിനു യോഗ്യത നേടിയ ശേഷം സംസാരിക്കുകയായിരുന്നു താരം.
2004ലെ ഒളിംപിക്‌സില്‍ അരങ്ങേറിയ സീമ 2006നു ശേഷം തുടര്‍ച്ചയായി മൂന്നു തവണ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്കു സ്വര്‍ണം സമ്മാനിച്ചിരുന്നു.
''എന്നെ സംബന്ധിച്ചിടത്തോളം 2004ലെ ഒളിംപിക്‌സും ഇത്തവണത്തെ ഒളിംപിക്‌സും തമ്മില്‍ വളരെയേറെ വ്യത്യാസമുണ്ട്. ഡിസ്‌കസ് ത്രോ ഇപ്പോള്‍ എനിക്കു ലഹരിയാണ്. ഈ ഒളിംപിക്‌സിനു തയ്യാറെടുക്കാന്‍ വേണ്ടത്ര സമയം എനിക്കു ലഭിച്ചിട്ടില്ല. എങ്കിലും കരിയറിലെ ഏറ്റവും മികച്ച ഒളിംപിക്‌സായിരിക്കും ഇതെന്ന് എനിക്ക് ഉറപ്പുണ്ട്''- താരം മനസ്സ്തുറന്നു.
വനിതകളുടെ ഡിസ്‌കസ് ത്രോയില്‍ 61 മീറ്ററായിരുന്നു ഒളിംപിക്‌സ് യോഗ്യതാ മാര്‍ക്ക്. നിലവിലെ ഏഷ്യന്‍ ചാംപ്യന്‍ കൂടിയായ സീമ 62.62 മീറ്റര്‍ എറിഞ്ഞാണ് ഒളിംപിക്‌സിനു ടിക്കറ്റെടുത്തത്.
2008ലെ ഒളിംപിക് ചാംപ്യന്‍ കൂടിയായ അമേരിക്കയുടെ സ്‌റ്റെഫാനി ബ്രൗണ്‍ ട്രാഫ്റ്റണിനെ രണ്ടാംസ്ഥാനത്തേക്കു പിന്തള്ളിയാണ് സീമ സ്വര്‍ണം കൊയ്തത്.
Next Story

RELATED STORIES

Share it