റിയല്‍ എസ്‌റ്റേറ്റ് ബില്ലിന് കോണ്‍ഗ്രസ് പിന്തുണ

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ റിയല്‍ എസ്‌റ്റേറ്റ് ബില്ലിന് ലോക്‌സഭയില്‍ കോണ്‍ഗ്രസ് പിന്തുണ. ലോക്‌സഭയില്‍ നഗരവികസന മന്ത്രി വെങ്കയ്യനായിഡു ബില്ല് സംബന്ധിച്ച് വിശദീകരിക്കുന്നതിനിടെ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് ബില്ലിന് പിന്തുണ നല്‍കുന്നതായി അറിയിച്ചത്. ഈ മേഖലയിലെ ഇടനിലക്കാരുടെ ചൂഷണം അവസാനിപ്പിക്കുന്നതും നിരീക്ഷക സമിതി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ടതുമാണ് ബില്ല്. ഈ മേഖലയില്‍ പരിഷ്‌കരണം കൊണ്ടുവരാതെ രാജ്യത്തെ വ്യവസായങ്ങള്‍ മുന്നോട്ടുപോവില്ലെന്ന് വെങ്കയ്യ വിശദീകരിച്ചു.
റിയല്‍ എസ്‌റ്റേറ്റ് റഗുലേറ്റര്‍(റഗുലേഷന്‍ ആന്റ് ഡെവലപ്‌മെന്റ്) ബില്ല് 2013 മുതല്‍ പാര്‍ലമെന്റിന്റെ പരിഗണനയിലാണ്. രാജ്യസഭയില്‍ ബില്ല് പാസായിട്ടുണ്ട്. ഫഌറ്റുകളുടെ വില കണക്കാക്കുമ്പോള്‍ അത് സൂപ്പര്‍ ബില്‍ഡ് ഏരിയയ്ക്കു പകരം കാര്‍പ്പറ്റ് ഏരിയയുടെ അടിസ്ഥാനത്തില്‍ കണക്കാക്കണമെന്നാണ് ബില്ലിലെ വ്യവസ്ഥകളിലൊന്ന്. അടുക്കള, കുളിമുറി തുടങ്ങിയ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി കാര്‍പ്പറ്റ് ഏരിയയെ ബില്ല് വ്യക്തമായി നിര്‍വചിച്ചിട്ടുണ്ട്. 500 സ്‌ക്വയര്‍ മീറ്ററിനോ എട്ട് അപാര്‍ട്ട്‌മെന്റിലോ കൂടുതല്‍ ഉള്ള എല്ലാ റസിഡന്‍ഷ്യല്‍ പദ്ധതികളും നേരത്തേ രജിസ്റ്റര്‍ ചെയ്തിരിക്കണം. പദ്ധതിയുടെ നടത്തിപ്പ് ഇതിനായി നിയോഗിച്ച സമിതി നിരീക്ഷിക്കും. രജിസ്റ്റര്‍ ചെയ്യാത്ത പദ്ധതികള്‍ക്ക് ആകെ പദ്ധതിയുടെ 10 ശതമാനം പിഴയോ നടത്തിപ്പുകാര്‍ക്ക് മൂന്നു വര്‍ഷം തടവോ നല്‍കും.
ഉപഭോക്താവിന്റെ താല്‍പര്യത്തിനാണ് ബില്ല് പ്രാധാന്യം നല്‍കുകയെന്ന് നായിഡു വ്യക്തമാക്കി. തങ്ങളെ ചിലപ്പോള്‍ വ്യവസായികളോട് താല്‍പര്യം കാണിക്കുന്നവര്‍ എന്ന് വിളിക്കാറുണ്ട്. തങ്ങളെ എന്തു വിളിക്കുന്നു എന്നത് തങ്ങള്‍ കാര്യമാക്കുന്നില്ല. കര്‍ഷകരോടും ഉപഭോക്താക്കളോടുമാണ് തങ്ങള്‍ക്ക് യഥാര്‍ഥത്തില്‍ താല്‍പര്യമുള്ളതെന്നും വെങ്കയ്യനായിഡു പറഞ്ഞു.
Next Story

RELATED STORIES

Share it