kozhikode local

റിബല്‍ സ്ഥാനാര്‍ഥി: കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി പുറത്ത്

താമരശ്ശേരി: യുഡിഎഫ് ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരെ റിബല്‍ സ്ഥാനാര്‍ഥിയെ മല്‍സരിപ്പിക്കാന്‍ നേതൃത്വം നല്‍കിയ ബ്ലോക്ക് സെക്രട്ടറി പാര്‍ട്ടിക്ക് പുറത്ത്. താമരശ്ശേരി പഞ്ചായത്ത് ഏഴാം വാര്‍ഡ് അംഗവും താമരശ്ശേരി ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറിയുമായ അഡ്വ. ജോസഫ് മാത്യുവിനെയാണ് പാര്‍ട്ടി ജില്ലാ നേതൃത്വം പുറത്താക്കിയത്. കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് പോര് മറ നീക്കി പുറത്തു വന്നതിന്റ തിക്താനുഭവമാണ് വക്കീലിന്റെ സ്ഥാന ചലനത്തിനു പിന്നില്‍.
ടൗണ്‍ വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയ സരസ്വതിക്കെതിരെ ബ്ലോക്ക് സെക്രട്ടറിയും മറ്റും കോണ്‍ഗ്രസ് അനുഭാവി എന്നു പറയപ്പെടുന്ന വനിതയെ റിബലായി നിര്‍ത്തുകയായിരുന്നു. ആദ്യം സരസ്വതിയെ ഇവിടെ സ്ഥാനാര്‍ഥിയാക്കി പ്രഖ്യാപിച്ച ശേഷം റിബലായി ഇപ്പോള്‍ നില്‍കുന്ന പി ഗീതയെ സ്ഥാനാര്‍ഥിയാക്കി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നാമ നിര്‍ദേശ പത്രിക കൊടുക്കേണ്ട അവസാന ദിവസം ജില്ലാ നേതൃത്വത്തിന്റെ ആശീര്‍വാദത്തോടെ സരസ്വതിയെ സ്ഥാനാര്‍ഥിയാക്കി പ്രഖ്യാപിച്ചു. ഇത് കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് പോര് മൂര്‍ഛിക്കാന്‍ ഇടയാക്കി. എ ഗ്രൂപ്പ് നേതാവും ജില്ലാ സെക്രട്ടറിയുമായ എ അരവിന്ദനു അനുവദിച്ച ചുങ്കം സീറ്റ് അദ്ദേഹത്തില്‍ നിന്നു എടുത്തു മാറ്റിയിട്ടും പാര്‍ട്ടിയെ അനുസരിക്കാന്‍ തയ്യാറായതായും പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നതായി കോണ്‍ഗ്രസ് വൃത്തങ്ങള്‍ വക്കീലിനെ ഓര്‍മിപ്പിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിയില്‍ യാതൊരു സ്ഥാനവും വഹിക്കാത്തതും ആര്‍.എസ്.എസ്. കുടുംബ പശ്ചാത്തലവുമുണ്ടെന്നാരോപിക്കുന്ന ഗീതയെ റിബലായി മല്‍സരിപ്പിക്കുന്നത് വച്ചു പെറുപ്പിക്കില്ലെന്ന ഉറച്ച നിലപാടാണ് പാര്‍ട്ടി പുറത്താക്കലിലൂടെ വ്യക്തമാക്കുന്നത്.
അഡ്വ. ജോസഫ് മാത്യുവിനു പുറമേ മണ്ഡലം സെക്രട്ടറി കെ കെ ശശികുമാറിനേയും പാര്‍ട്ടി സ്ഥാനാര്‍ഥിക്കെതിരേ പ്രവര്‍ത്തിച്ചതിന്റെ പേരില്‍ പുറത്താക്കിയിട്ടുണ്ട്. റിബലായി മല്‍സരിക്കുന്ന ഗീതക്കെതിരെ നടപടിയെടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിനു കഴിയുകയുമില്ല. ഇവര്‍ കോണ്‍ഗ്രസ്സിലോ വനിത കോണ്‍ഗ്രസ്സിലോ നാളിതുവരെ യാതൊരു സ്ഥാനവും വഹിച്ചിട്ടില്ലെന്നും നേതൃത്വം അറിയിച്ചു. നിലവില്‍ കോണ്‍ഗ്രസ്സിന്റെ കുത്തക സീറ്റായ ടൗണ്‍ വാര്‍ഡില്‍ ഏറെ പ്രതീക്ഷയോടെയാണ് ഇടതു മുന്നണി കരുക്കള്‍ നീക്കുന്നത്. ഇവിടെ ഇടതു മുന്നണി സ്വതന്ത്ര സ്ഥാനാര്‍ഥിയും അധ്യാപികയുമായ സഫ്‌ന റാഷിക്ക് കോണ്‍ഗ്രസ്സിലെ റിബല്‍ ഏറെ പ്രതീക്ഷ നല്‍കുന്നു. പുതുപ്പാടി പഞ്ചായത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരെ മല്‍സരിക്കുന്ന റിബല്‍ സ്ഥാനാര്‍ഥി ടി പി സി കമറുദ്ധീനെ ജില്ലാ പ്രസിഡന്റ് പുറത്താക്കി.
തൊട്ടടുത്ത പഞ്ചായത്തായ ഓമശ്ശേരിയില്‍ ലീഗ് വിട്ട് ഇടതിനൊപ്പം ചേര്‍ന്ന പഞ്ചായത്ത് ലീഗ് ജനറല്‍ സെക്രട്ടറിയായ കെ പി കുഞ്ഞമ്മദ് സ്ഥാനാര്‍ഥിയായ കൂടത്തായി ഒന്നാം വാര്‍ഡില്‍ മല്‍സരം ഏറെ കടുത്തതായി മാറുന്നു. ഇവിടെ ലീഗിലെ പഞ്ചായത്ത് സെക്രട്ടറിമാരില്‍ ഒരാളായ എ കെ അബ്ദുല്‍ അസീസാണ് കുഞ്ഞമ്മതിന്റെ എതിരാളി. കുഞ്ഞമ്മതിനു വേണ്ടി എന്‍സിപി സ്ഥാനാര്‍ഥി കുട്ടിഹസ്സനും, വെല്‍ഫയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിമുഹമ്മദ് ബാവയും മല്‍സരരംഗത്തു നിന്നു പിന്മാറി. ഇവിടെ എസ്ഡിപിഐ സ്ഥാനാര്‍ഥി നൂറുമുഹമ്മദ് സജീവമായി രംഗത്തുണ്ട്.
Next Story

RELATED STORIES

Share it