malappuram local

റിബലുകള്‍ യുഡിഎഫിന് ഭീഷണി; ഇടതുമുന്നണിയില്‍ ഭിന്നത

പൊന്നാനി: പൊന്നാനി നഗരസഭയില്‍ തിരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിച്ചു. യുഡിഎഫും എല്‍ഡിഎഫും പ്രചാരണത്തില്‍ ഒപ്പത്തിനൊപ്പമാണ്. ഭരണം നിലനിര്‍ത്താന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് യുഡിഎഫ്. തിരിച്ചു പിടിക്കാനുള്ള തീവ്ര യത്‌നത്തിലാണ് എല്‍ഡിഎഫ്. സിപിഎം-സിപിഐ തമ്മില്‍ നിലനില്‍ക്കുന്ന കനത്ത ഭിന്നത എല്‍ഡിഎഫ് സാധ്യതകള്‍ക്ക് ക്ഷീണം ചെയ്യുന്നുണ്ട്.
സിപിഎമ്മില്‍ നിന്ന് രാജിവച്ച് സിപിഐയില്‍ ചേര്‍ന്ന എം എ ഹമീദ് വാര്‍ഡ് 46ല്‍ മല്‍സരിക്കുന്നുണ്ട്. ഇയാളെ തോല്‍പ്പിക്കാന്‍ സിപിഎം സ്വതന്ത്രനെ നിര്‍ത്തിയതാണ് ഭിന്നത മൂര്‍ഛിക്കാന്‍ കാരണം. മിക്ക വാര്‍ഡുകളിലും സിപിഐ-സിപിഎം ബന്ധം അത്ര രസത്തിലല്ല. 2005ല്‍ സമാനമായ സാഹചര്യത്തില്‍ സിപിഎം ഒറ്റയ്ക്ക് മല്‍സരിച്ചപ്പോള്‍ 33 സീറ്റുകള്‍ നേടി ഒറ്റയ്ക്ക് നഗരസഭ ഭരിച്ചിരുന്നു. ഇത്തവണ സിപിഎം 41 സീറ്റിലും സിപിഐ എട്ട് സീറ്റിലും നാഷനല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് രണ്ടു സീറ്റിലുമാണ് മല്‍സരിക്കുന്നത്. ബിജെപി-എസ്എന്‍ഡിപി സഖ്യമാണ് ഇടത് പ്രതീക്ഷയില്‍ വിള്ളല്‍ വീഴ്ത്തുന്നത്. കാലങ്ങളായി ഇടതിനു ലഭിച്ചു കൊണ്ടിരുന്ന എസ്എന്‍ഡിപി വോട്ടുകള്‍ ഇത്തവണ ലഭിക്കില്ല. ബിജെപിക്ക് മൂന്ന് വാര്‍ഡുകളില്‍ ജയസാധ്യതയുണ്ടെന്ന് സിപിഎം വിലയിരുത്തുന്നു.
മുന്‍കാലങ്ങളില്‍ ഒരു വാര്‍ഡില്‍ മാത്രമാണ് ബിജെപിക്ക് ജയിക്കാനായിരുന്നത്. പിഡിപി പിന്തുണ ഇത്തവണ എല്‍ഡിഎഫിനാണ്. അതേസമയം, എസ്ഡിപിഐ , വെല്‍ഫെയര്‍ പര്‍ട്ടി, എന്‍സിപി, ഐഎന്‍എല്‍ അടങ്ങുന്ന വികസന മുന്നണി പിടിക്കുന്ന വോട്ടുകള്‍ ഇരു മുന്നണികളുടെയും വിജയ സാധ്യതയെ ബാധിക്കും. 51 വാര്‍ഡുകള്‍ ഉള്ള നഗരസഭയില്‍ ബിജെപി-എസ്എന്‍ഡിപി സഖ്യം 30 സീറ്റിലും, ബിജെപി 24 സീറ്റിലും എസ്എന്‍ഡിപി ആറു സീറ്റിലുമാണ് മല്‍സരിക്കുന്നത്. വികസനമുന്നണിയാവട്ടെ 24 സീറ്റിലും മല്‍സരിക്കുന്നുണ്ട്.
യുഡിഎഫിന് പാരയാവുന്നത് വിമത ശല്യമാണ്. കോണ്‍ഗ്രസിലെ ഒരു വിമത സ്ഥാനാര്‍ഥിയെയും ലീഗിലെ ഒരു വിമത സ്ഥാനാര്‍ഥിയെയും ഇതിനകം പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയിട്ടുണ്ടെങ്കിലും അതൃപ്തരായ അണികളെ പിടിച്ചിരുത്താന്‍ ഇനിയുമായിട്ടില്ല. 36ാം വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരെയാണു വിമത സ്ഥാനാര്‍ഥി അനുപമ മുരളീധരന്‍ മല്‍സരിക്കുന്നത്. കോണ്‍ഗ്രസ് ഇവരെ പുറത്താക്കിയെങ്കിലും വാര്‍ഡ് കമ്മിറ്റി ഒറ്റക്കെട്ടായി വിമതന്റെ കൂടെയാണ്. ഇതാണ് കോണ്‍ഗ്രസിനെ കുഴക്കുന്നതും. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മല്‍സരിക്കുന്ന 11ാം വാര്‍ഡില്‍ യൂത്ത്‌ലീഗ് നേതാവ് ഫൈസലാണ് വിമത സ്ഥാനാര്‍ഥി. ഫൈസലിനെ പാര്‍ട്ടി പുറത്താക്കിയെങ്കിലും യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ വിമതനോടൊപ്പമാണ്. ഇതിനെ ചൊല്ലി പല വാര്‍ഡുകളിലും ലീഗ്-കോണ്‍ഗ്രസ് സഹകരണമില്ല. ഈ അനൈക്യം യുഡിഎഫിനെ കാര്യമായി ബാധിക്കും. 36ാം വാര്‍ഡില്‍ ലീഗിന്റെ പോഷക സംഘടനയായ പള്‍സ് ഓഫ് പൊന്നാനി അസ്‌ലം മൂച്ചിക്കലിനെ സ്വതന്ത്ര സ്ഥാനാര്‍ഥിയാക്കി നിര്‍ത്തിയാണ് ലീഗ് ഔദ്യോഗിക സ്ഥാനാര്‍ഥിയെ നേരിടുന്നത്. ഇത് ലീഗിന് കനത്ത ക്ഷീണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. സീറ്റുകള്‍ ലഭിക്കാതെ പോയ അതൃപ്തരാണ് യുഡിഎഫിന്റെ സാധ്യതകളെ ചോദ്യം ചെയ്യുന്നത്.
യുഡിഎഫില്‍ കോണ്‍ഗ്രസ് 28 സീറ്റിലും ലീഗ് 22 സീറ്റിലും ജനതാദള്‍ ഒരു സീറ്റിലുമാണ് മല്‍സരിക്കുന്നത്. വികസനങ്ങള്‍ തന്നെയാണ് യുഡിഎഫിന്റെ പ്രചാരണായുധം. അഴിമതിയും സ്വജന പക്ഷപാതവും ചൂണ്ടിക്കാട്ടി എല്‍ഡിഎഫും പ്രതിരോധിക്കുന്നു. പ്രചാരണത്തിന് മന്ത്രിമാര്‍ ഉള്‍പെടെയുള്ള ഒന്നാം നിര നേതാക്കള്‍ തന്നെയാണ് രണ്ടാംഘട്ട പ്രചാരണത്തില്‍ യുഡിഎഫ് ഇറക്കുന്നത്. എല്‍ഡിഎഫാവട്ടെ കുടുംബയോഗങ്ങളും കണ്‍വന്‍ഷനുകളും റോഡ്‌ഷോകളും നടത്തിയാണ് പ്രചാരണം. പൊന്നാനി നഗരസഭയിലെ നിര്‍ണായക സ്വാധീനമാണ് എസ്ഡിപിഐ. യുഡിഎഫും എല്‍ഡിഎഫും ശക്തമായി മല്‍സരിക്കുന്ന മിക്ക വാര്‍ഡുകളിലും എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍ പിടിക്കുന്ന വോട്ടുകളാണ് ജയ പരാജയങ്ങള്‍ നിര്‍ണയിക്കുക. വെല്‍ഫെയര്‍ പാര്‍ട്ടി, എന്‍സിപി, ഐഎന്‍എല്‍ തുടങ്ങിയ പാര്‍ട്ടികള്‍ എസ്ഡിപിഐയെ സമീപിച്ചാണ് പൊന്നാനി വികസന മുന്നണി ഉണ്ടാക്കിയത്. നിര്‍ണായകമായ പല വാര്‍ഡുകളിലും ഈ മുന്നണി നല്ലൊരു ശതമാനം വോട്ടുകള്‍ പിടിക്കാനാവുമെന്നാണ് പ്രതീക്ഷ.
Next Story

RELATED STORIES

Share it