Idukki local

റിപബ്ലിക് ദിനാഘോഷം; മന്ത്രി പി ജെ ജോസഫ് സല്യൂട്ട് സ്വീകരിക്കും

ഇടുക്കി: ഐഡിഎ ഗ്രൗണ്ടില്‍ 26ന് നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തില്‍ ജലവിഭവ മന്ത്രി പി ജെ ജോസഫ് ദേശീയപതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിക്കും.പരേഡില്‍ ആംഡ് റിസര്‍വ്വ് ബറ്റാലിയന്‍, ലോക്കല്‍ പോലിസ്, എക്‌സൈസ്, ഫോറസ്റ്റ്, എന്നീ വിഭാഗങ്ങളും വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള എന്‍.സി.സി, സ്‌കൗട്ട്, സ്റ്റുഡന്റ് പോലിസ്, സ്‌കൂള്‍ ബാന്റ് സെറ്റ് എന്നിവര്‍ അണിനിരക്കും.
പരേഡില്‍ പങ്കെടുക്കുന്ന എല്ലാ ഗ്രൂപ്പുകള്‍ക്കും പാരിതോഷികങ്ങള്‍ നല്‍കും.റിപ്പബ്ലിക് ദിനാഘോഷങ്ങളോടനുബന്ധിച്ച് ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഓഫിസുകളില്‍ സ്വീകരിക്കേണ്ട മാനദണ്ഡങ്ങള്‍ പുറത്തിറക്കി. സര്‍ക്കാര്‍ ഓഫിസുകളിലെ ജീവനക്കാരെല്ലാം ദിനാഘോഷത്തില്‍ പങ്കെടുക്കുന്നുണ്ടെന്ന് ജില്ലാകലക്ടര്‍ ഉറപ്പ് വരുത്തണം.
എല്ലാ ഓഫിസ് മേധാവികള്‍, ഉദ്യോഗസ്ഥര്‍, പൊതുമേഖലാ സ്ഥാപനത്തിലെ ജീവനക്കാര്‍ ,യൂനിവേഴ്‌സിറ്റി, കോളേജ്, സ്‌കൂള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, , തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സ്വതന്ത്ര ഭരണ ചുമതലയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ തുടങ്ങിയവരെല്ലാം ദിനാഘോഷത്തില്‍ പങ്കെടുക്കണം. എല്ലാ ജില്ലാതല ഉദ്യോഗസ്ഥരും സ്ഥാപനത്തിലെ ഉദ്യോഗസ്ഥര്‍ ആഘോഷ പരിപാടികളില്‍ പങ്കെടുക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ബ്ലോക്ക് സബ്ഡിവിഷണല്‍ തലത്തിലുള്ള ദിനാഘോഷത്തോടനുബന്ധിച്ചുള്ള ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് എന്നിവര്‍ ദേശീയപതാക ഉയര്‍ത്തും.
പഞ്ചായത്ത് തലത്തിലുള്ള റിപ്പബ്ലിക് ദിനാഘോഷത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ദേശീയപതാക ഉയര്‍ത്തിയതിന് ശേഷം ദിനാഘോഷ സന്ദേശം നല്‍കും.തുടര്‍ന്ന് ദേശീയഗാനം ആലപിക്കും.
പൊതുസ്ഥാപനങ്ങളിലും സ്‌കൂളുകളിലും കോളജുകളിലും ഓഫിസ്, സ്ഥാപന മേധാവികള്‍ ദേശീയ പതാക ഉയര്‍ത്തും. തുടര്‍ന്ന് ദേശീയഗാനം ആലപിക്കും. തുടര്‍ന്ന് ഓഫിസ്, സ്ഥാപന മേധാവികള്‍ റിപ്പബ്ലിക് ദിന സന്ദേശം നല്‍കും.
Next Story

RELATED STORIES

Share it