റിപബ്ലിക് ദിനം: മദ്‌റസകളില്‍ പതാക ഉയര്‍ത്തണമെന്ന് ആര്‍എസ്എസ്

ന്യൂഡല്‍ഹി: റിപബ്ലിക് ദിനത്തില്‍ രാജ്യത്തെ എല്ലാ മദ്‌റസകളിലും ദേശീയപതാക ഉയര്‍ത്തണമെന്ന ആവശ്യവുമായി ആര്‍എസ്എസ്. രാജ്യത്തു നടന്ന വിവിധ സ്‌ഫോടനങ്ങളില്‍ പങ്കാളിയാണെന്ന് അന്വേഷണസംഘം കണ്ടെത്തിയ ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മുസ്‌ലിം രാഷ്ട്രീയ മഞ്ച് ആണ് ഈയാവശ്യം ഉന്നയിച്ചു കാംപയിന് തുടക്കമിട്ടിരിക്കുന്നത്.
ജണ്ഡാ ഫലാനി എന്ന പേരിലാണു പ്രചാരണം നടത്തുന്നത്. പ്രചാരണത്തിന്റെ ഭാഗമായി മഞ്ച് ഉത്തരേന്ത്യയിലെ വിവിധ മദ്‌റസാ കമ്മിറ്റികള്‍ക്ക് കത്തയച്ചതായി കോ-ഓഡിനേറ്റര്‍ മിറാജിധ്വാജ് സിങ് പറഞ്ഞു. റിപബ്ലിക് ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് മുസ്‌ലിം സമുദായത്തെ ബോധവാന്‍മാരാക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ പ്രമുഖ ഇസ്‌ലാമിക പഠനകേന്ദ്രങ്ങളായ ദയൂബന്ദ് ദാറുല്‍ ഉലൂം, ലഖ്‌നോവിലെ നദ്‌വത്തുല്‍ ഉലമ എന്നിവയ്ക്കും കത്തയച്ചിട്ടുണ്ട്. മഞ്ച് പ്രവര്‍ത്തകര്‍ വിവിധ മദ്‌റസകള്‍ സന്ദര്‍ശിച്ചു പ്രചാരണസന്ദേശം കൈമാറുകയും ചെയ്തു. മതത്തിന് ഉപരിയായി രാജ്യത്തിനു പ്രാധാന്യം ഉണ്ടാക്കുകയാണ് ഇതുപോലുള്ള പ്രചാരണത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ദ്രേഷ് കുമാര്‍ ആണ് രാഷ്ട്രീയ മഞ്ചിന്റെ ദേശീയ കോ-ഓഡിനേറ്റര്‍. മക്ക മസ്ജിദ്, മലേഗാവ്, അജ്മീര്‍ ദര്‍ഗ എന്നിവിടങ്ങളിലുണ്ടായ സ്‌ഫോടനക്കേസില്‍ ആരോപണവിധേയനാണ് ഇദ്ദേഹം. അതേസമയം, ആദ്യം നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്താണു ദേശീയപതാക ഉയര്‍ത്തേണ്ടതെന്ന് ദയൂബന്ദ് വക്താവ് മൗലാനാ അശ്‌റഫ് ഉസ്മാനി പറഞ്ഞു.
നാഗ്പൂരിലെ ആസ്ഥാനത്ത് എന്നാണ് ആര്‍എസ്എസ് ദേശീയപതാക ഉയര്‍ത്തിയതെന്നും അദ്ദേഹം ചോദിച്ചു. ദയൂബന്തിനു കീഴിലുള്ള മദ്‌റസകളില്‍ ദേശീയപതാക ഉയര്‍ത്താറുണ്ടെന്നു മാത്രമല്ല റിപബ്ലിക്, സ്വാതന്ത്ര്യദിനങ്ങളില്‍ മദ്‌റസകള്‍ക്ക് അവധി നല്‍കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിനു സ്വാതന്ത്ര്യം കിട്ടി 55 വര്‍ഷങ്ങള്‍ക്കു ശേഷം 2002ലാണ് ആര്‍എസ്എസിന്റെ നാഗ്പൂരിലെ ആസ്ഥാനത്ത് ആദ്യമായി ദേശീയപതാക ഉയര്‍ത്തിയത്.
Next Story

RELATED STORIES

Share it