റാഫേല്‍ യുദ്ധവിമാനക്കരാര്‍: ഫ്രഞ്ച് സംഘം അടുത്തമാസം എത്തും

ന്യുഡല്‍ഹി: ഫ്രാന്‍സില്‍നിന്ന് 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ച ഇന്ത്യയുമായുള്ള കരാര്‍ ഉറപ്പിക്കുന്നതിന് ഉന്നതതല ഫ്രഞ്ച് സംഘം അടുത്ത മാസം ന്യുഡല്‍ഹിയിലെത്തും.
വിമാനത്തിന്റെ വിലയുമായി ബന്ധപ്പെട്ട തര്‍ക്കം ഇരുരാജ്യങ്ങളും ഏറെക്കുറെ പരിഹരിച്ച സാഹചര്യത്തിലാണിത്. 36 യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനുള്ള ധാരണാപത്രം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഹോളാന്‍ദും നാലുമാസം മുമ്പ് ഒപ്പുവച്ചിരുന്നു. പരമാവധി വില കുറച്ചു വാങ്ങാനാണ് ഇന്ത്യന്‍ ശ്രമം. ഇന്ത്യയില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സഹായകരമായ രീതിയില്‍ വിമാനത്തിന്റെ ഭാഗങ്ങള്‍ ഇന്ത്യയിലെത്തിച്ചു കൂട്ടിച്ചേര്‍ക്കുമെന്ന ധാരണയിലാണ് കരാറിന് കളമൊരുങ്ങിയിരിക്കുന്നത്. വിമാനത്തിന്റെ നിര്‍മാതാക്കളായ ദസോള്‍ട്ട് ഏവിയേഷന്‍ നേരത്തേ കരാറിന്റെ 30 ശതമാനം ഇന്ത്യയില്‍ നിക്ഷേപിക്കാമെന്ന് സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. മോദിയും ഹോളാന്‍ദും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണം വഴി ഇതു 50 ശതമാനമാക്കി ഉയര്‍ത്താന്‍ സാധിച്ചു. അടുത്ത മാസം ഫ്രഞ്ച് സംഘമെത്തുന്നതോടെ കരാര്‍ ഒപ്പുവയ്ക്കാന്‍ സാധിക്കുമെന്നാണു കരുതുന്നതെന്ന് പ്രതിരോധ വൃത്തങ്ങള്‍ പറഞ്ഞു.
യുപിഎ സര്‍ക്കാരിന്റെ കാലത്താണ് 65,000 കോടി രൂപയുടെ കരാറുമായി ബന്ധപ്പെട്ട് ചര്‍ച്ച തുടങ്ങിയത്. പിന്നീട് ചര്‍ച്ച യുപിഎ സര്‍ക്കാര്‍ മരവിപ്പിക്കുകയായിരുന്നു. ഇപ്പോള്‍ 59,000 കോടി രൂപക്കു കരാര്‍ ഉറപ്പിക്കാനാവുമെന്നാണു കേന്ദ്രസര്‍ക്കാരിന്റെ കണക്ക്കൂട്ടല്‍.
Next Story

RELATED STORIES

Share it