Pathanamthitta local

റാന്നിയില്‍ വേനല്‍ചൂടിനെ വെല്ലുന്ന പോരാട്ടം

റാന്നി: മലയോര മണ്ഡലമായ റാന്നിയില്‍ പോരാട്ട ചൂട് കനക്കുകയാണ്. തിരഞ്ഞെടുപ്പു പ്രചാരണം അവസാനഘട്ടത്തിലേക്ക് കടന്നതോടെ ജില്ലയിലെ തന്നെ ഏറ്റവും കടുത്ത മല്‍സരം നടക്കുന്ന മണ്ഡലമായി റാന്നി മാറിക്കഴിഞ്ഞു. റബറിന്റെ വിലയിടിവ് മൂലം കര്‍ഷകന്‍ അനുഭവിക്കുന്ന ദുരിതങ്ങളും പ്രാദേശിക വികസന പ്രശ്‌നങ്ങളും സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്ന മണ്ഡലത്തില്‍ വേനല്‍ച്ചൂടിന്റെ വെല്ലുന്ന ചൂടാണ് തിരഞ്ഞെടുപ്പു ഗോദയില്‍ അനുഭവപ്പെടുന്നത്.
മണ്ഡലത്തിലെ മുഴുവന്‍ പ്രദേശങ്ങളിലും വികസനം എത്തിക്കാന്‍ കഴിഞ്ഞുവെന്ന അവകാശവാദവുമായാണ് സിറ്റിങ് എംഎല്‍എ രാജു എബ്രഹാം അഞ്ചാമൂഴത്തിന് കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്.
പതിവുപോലെ വികസന മുരടിപ്പാണ് യുഡിഎഫ് സ്ഥാനാര്‍ഥി മറിയാമ്മ ചെറിയാന്റെ മുഖ്യ പ്രചാരണായുധം. ഇടതുവലതും തമ്മിലുള്ള പോരിനിടയില്‍ സാമുദാകിയ സമുദായ വോട്ടുകളുടെ പിന്തുണയോടെ നേട്ടം കൊയ്യാനാകുമെന്ന പ്രതീക്ഷയിലാണ് ബിഡിജെഎസ് സ്ഥാനാര്‍ഥി കെ പദ്മകുമാര്‍. പ്രചാരണ രംഗത്ത് മൂന്നുമുന്നണികള്‍ക്കുമൊപ്പം നില്‍ക്കുന്ന പ്രകടനവുമായി എസ്ഡിപിഐ-എസ്പി സ്ഥാനാര്‍ഥി ഡോ. ഫൗസീന തക്ബീറും രംഗത്തെത്തിയതോടെ, റാന്നിയിലെ പോരിന് ഉശിര് കൂടിയിരിക്കുകയാണ്.
പരമാവധി വോട്ടര്‍മാരെ നേരില്‍കണ്ട് വോട്ടഭ്യര്‍ഥിച്ച് ഒന്നാംഘട്ടത്തിനു ശേഷം സ്ഥാനാര്‍ഥികള്‍ സ്വീകരണ പരിപാടികളിലേക്ക് കടന്നു കഴിഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനും മണ്ഡലത്തിലെ പ്രചാരണത്തിന് എത്തിയതോടെ ഇരു ക്യാംപുകളും സജീവമായിട്ടുണ്ട്. എന്‍ഡിഎയുടെ പ്രചാരണത്തിന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിങും മണ്ഡലത്തില്‍ എത്തുന്നുണ്ട്. എസ്ഡിപിഐ-എസ്പി സഖ്യത്തിന്റെ സംസ്ഥാന നേതാക്കളും അവസാനഘട്ട പ്രചാരണത്തിന് കൊഴുപ്പേകാന്‍ മണ്ഡലത്തില്‍ എത്തും.
രണ്ടു പതിറ്റാണ്ടുകാലത്തെ വികസന നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടി അഞ്ചാമൂഴത്തിന് ഇറങ്ങുന്ന രാജു ഏബ്രഹാം മുന്‍കാലങ്ങളെ അപേക്ഷിച്ച് ഏറ്റവും ശക്തമായ വെല്ലുവിളിയാണ് ഇത്തവണ നേരിടുന്നത്.
മുന്‍ എംഎല്‍എ എം സി ചെറിയാന്റെ ഭാര്യ മറിയാമ്മ ചെറിയാന്‍ റാന്നിക്ക് നഷ്ടപ്പെട്ട വികസനത്തുടര്‍ച്ചയാണ് ആയുധമാക്കിയിരിക്കുന്നത്. വിമത നീക്കമടക്കം തുടക്കത്തിലുണ്ടായിരുന്ന അപസ്വരങ്ങള്‍ കെട്ടടങ്ങിതിന്റെ ആത്മവിശ്വാസവും യുഡിഎഫ് ക്യാംപില്‍ പ്രകടമാണ്.
എസ്എന്‍ഡിപി പത്തനംതിട്ട യൂനിയന്‍ പ്രസിഡന്റ് കൂടിയായ പദ്മകുമാറിന്റെ സാന്നിധ്യം മണ്ഡലത്തിലെ ഈഴവ വോട്ടുകളെ ഏതുരീതിയില്‍ സ്വാധീനിക്കുമെന്ന ആശങ്ക ഇരുമുന്നണികളിലും പ്രകടമാണ്. അതേസമയം, മണ്ഡലത്തിലെ ന്യൂനപക്ഷ, ദലിത് മേഖലകളില്‍ നിന്നു ലഭിക്കുന്ന മികച്ച പ്രതികരണത്തിന്റെ ആത്മവിശ്വാസത്തിലാണ് എസ്ഡിപിഐ- എസ്പി ക്യാംപ് മുന്നോട്ടുപോവുന്നത്.
റാന്നി, പഴവങ്ങാടി, അങ്ങാടി, വെച്ചൂച്ചിറ, നാറാണംമൂഴി, വടശേരിക്കര, പെരുനാട്, ചെറുകോല്‍, അയിരൂര്‍, കൊറ്റനാട്, കോട്ടാങ്ങല്‍, എഴുമറ്റൂര്‍ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് റാന്നി മണ്ഡലം. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പഞ്ചായത്തുകള്‍ വീതം ഇരുപക്ഷത്തിനും ലഭിച്ചു.
ജില്ലാ പഞ്ചായത്തില്‍ മുന്‍തൂക്കം യുഡിഎഫിനായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മണ്ഡലം യുഡിഎഫിനൊപ്പമായിരുന്നു. 1996 ലെ രാജു ഏബ്രഹാമിന്റെ ഭൂരിപക്ഷം 3429 വോട്ടുകളായിരുന്നു. 2001ല്‍ അത് 4807 ആയി ഉയര്‍ന്നു. 2006ല്‍ 14,969 ല്‍ എത്തി. 2011 ല്‍ ഭൂരിപക്ഷം 6614 ആയി കുറഞ്ഞു.
Next Story

RELATED STORIES

Share it