റാഗിങ്: അശ്വതി അപകടനില തരണംചെയ്തു

Raggingകോഴിക്കോട്: കര്‍ണാടകയില്‍ റാഗിങിനു വിധേയയായ എടപ്പാള്‍ കാലടി കളരിക്കല്‍പറമ്പ് അശ്വതി മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഐസിയുവില്‍ സുഖംപ്രാപിച്ചുവരുന്നു. പനി കാരണം ഇന്നലെ എന്‍ഡോസ്‌കോപ്പി ചെയ്യുവാന്‍ കഴിഞ്ഞിട്ടില്ല. അതേസമയം, ബേരിയം സോളോ പരിശോധനയില്‍ ചുരുങ്ങിയ അന്നനാളം വികസിച്ചു. അതുകൊണ്ടുതന്നെ ഇനി എന്‍ഡോസ്‌കോപ്പി ആവശ്യമില്ലെന്നു മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി പി ശശിധരന്‍ പറഞ്ഞു.
വിദ്യാര്‍ഥിനി ഐസിയുവില്‍ സുഖംപ്രാപിച്ചുവരികയാണ്. വെള്ളം കുടിച്ചുതുടങ്ങിയിട്ടുണ്ട്. ചികില്‍സയില്‍ നല്ല പുരോഗതിയാണുള്ളത്. ഐസിയുവിലെ പ്രത്യേക ഏരിയയിലേക്ക് മാറ്റി. പനി പിടിപെട്ടതുകാരണം സന്ദര്‍ശകരെ കര്‍ശനമായി വിലക്കിയിട്ടുണ്ട്. അശ്വതിക്കു പുതിയ ആന്റിബയോട്ടിക്കുകള്‍ കൊടുക്കുവാനും തീരുമാനിച്ചിട്ടുണ്ട്. ഇന്നു 10മണിക്ക് വീണ്ടും മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് ആരോഗ്യസ്ഥിതി വിലയിരുത്തും.
മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. എം പി സോമന്‍, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി സൂപ്രണ്ട് ഡോ. കെ എം കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിലാണ് മെഡിക്കല്‍ ബോര്‍ഡ് ചേരുന്നത്.
അതേസമയം, സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് എത്തിയ കര്‍ണാടക പോലിസ് സംഘം അശ്വതിയുടെ നാടായ എടപ്പാളിലെത്തി. എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് കേസന്വേഷണം നടത്തുന്ന കര്‍ണാടക പോലിസ് ഡിവൈഎസ്പി എസ് ജാന്‍വിയുടെ നേതൃത്വത്തിലുള്ള നാലംഗസംഘം ആശുപത്രിയിലെത്തിയത്.
അശ്വതി നാട്ടിലെത്തിയ ശേഷം ആദ്യം ചികില്‍സതേടിയത് എടപ്പാളിലെ ആശുപത്രിയിലായിരുന്നു. അവിടെ നിന്നാണ് തൃശൂരിലെ അമല ആശുപത്രിയിലേക്കു മാറ്റിയത്. തൃശൂരിലെ ആശുപത്രിയില്‍ അശ്വതിയെ പരിശോധിച്ച ഡോക്ടര്‍ രവികുമാര്‍ എടപ്പാളിലെ ആശുപത്രിയിലും ചികില്‍സനടത്തുന്നുണ്ട്. ഈ ഡോക്ടറെയും എടപ്പാള്‍ ആശുപത്രിയില്‍ അശ്വതിയെ ചികില്‍സിച്ച ഡോക്ടറെയും അന്വേഷണസംഘം കണ്ട് മൊഴിയെടുത്തു. അശ്വതി രാസലായനി സ്വയം കഴിച്ചതാണോ, സീനിയര്‍ വിദ്യാര്‍ഥികള്‍ നിര്‍ബന്ധിച്ചു കഴിപ്പിച്ചതാണോ എന്ന കാര്യത്തില്‍ ഇപ്പോള്‍ തീരുമാനത്തിലെത്താനാവില്ലെന്ന് ഡിവൈഎസ്പി ജാന്‍വി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ഒളിവില്‍ കഴിയുന്ന പ്രതി ശില്‍പാ ജോസിനെ പിടികൂടുന്നതിനായി പോലിസ് സംഘം അവരുടെ പ്രദേശത്ത് ക്യാംപ് ചെയ്തുവരികയാണ്. ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയതായി സൂചനയുണ്ടെന്നും ഡിവൈഎസ്പി പറഞ്ഞു.
Next Story

RELATED STORIES

Share it