റഷ്യ തീ കൊണ്ടു കളിക്കരുതെന്ന് തുര്‍ക്കി

അങ്കറ: റഷ്യ തീ കൊണ്ടു കളിക്കരുതെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. തുര്‍ക്കി വ്യവസായിയെ റഷ്യ കസ്റ്റയിലെടുത്തെന്ന റിപോര്‍ട്ടുകള്‍ക്കു പിന്നാലെയാണ് ഉര്‍ദുഗാന്റെ മുന്നറിയിപ്പ്. തുര്‍ക്കിയിലേക്കുള്ള വിസയില്ലാത്ത യാത്ര നിര്‍ത്തിവയ്ക്കുന്നതായും 9000ത്തോളം വരുന്ന റഷ്യന്‍ വിനോദസഞ്ചാരികള്‍ ഡിസംബര്‍ അവസാനത്തോടെ തുര്‍ക്കി വിടാന്‍ പൗരന്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായും റഷ്യ അറിയിച്ചു.
റഷ്യന്‍ യുദ്ധവിമാനം തുര്‍ക്കി വെടിവച്ചിട്ടതുമായി ബന്ധപ്പെട്ട് ശീതയുദ്ധകാലത്തെ പ്രതിയോഗികളായിരുന്ന ഇരു രാഷ്ട്രങ്ങള്‍ക്കുമിടയിലെ ബന്ധം വഷളായിരുന്നു. അതേസമയം, പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച പാരിസില്‍ റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനുമായി കൂടിക്കാഴ്ചയ്ക്കു തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ സമയം ചോദിച്ചിട്ടുണ്ട്. പാരിസില്‍ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിയോടനുബന്ധിച്ച് ഇരു പ്രസിഡന്റുമാരും തമ്മില്‍ കൂടിക്കാഴ്ചയ്ക്കു സാധ്യതയുണ്ടെന്ന് തുര്‍ക്കി പ്രസിഡന്റിന്റെ ഓഫിസ് വൃത്തങ്ങളെ ഉദ്ധരിച്ച് തുര്‍ക്കി ന്യൂസ് ഏജന്‍സിയായ അനദോലു റിപോര്‍ട്ട് ചെയ്തു.
എന്നാല്‍, കൂടിക്കാഴ്ച സംബന്ധിച്ച് ഇതുവരെ ധാരണയിലെത്തുകയോ സമയം നിശ്ചയിക്കുകയോ ചെയ്തിട്ടില്ല. പാരിസ് ഉച്ചകോടിയില്‍ തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാനും റഷ്യന്‍ പ്രസിഡന്റ് പുടിനും പങ്കെടുക്കുന്നുണ്ട്. സൈനിക വിമാനം വെടിവെച്ചിട്ടതില്‍ പ്രതിഷേധിച്ച് തുര്‍ക്കിക്കെതിരേ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്താനും റഷ്യ നീക്കം നടത്തുന്നുണ്ട്. രണ്ടു ദിവസത്തിനകം ഉപരോധ പ്രമേയത്തിന്റെ കരട് തയ്യാറാക്കുമെന്ന് റഷ്യന്‍ പ്രധാനമന്ത്രി ദിമിത്രി മെദ്‌വദേവ് പറഞ്ഞു. വിമാനം വെടിവച്ചിട്ടതില്‍ മാപ്പ് പറയണമെന്ന ആവശ്യം തുര്‍ക്കി തള്ളിയ സാഹചര്യത്തിലാണ് റഷ്യന്‍ നടപടി. ആക്രമണത്തിനു ശേഷം റഷ്യയിലെ തുര്‍ക്കി എംബസിക്കു നേരെ പ്രക്ഷോഭകര്‍ ആക്രമണം നടത്തിയിരുന്നു.
Next Story

RELATED STORIES

Share it