റഷ്യന്‍ വിമാന ദുരന്തം; സാങ്കേതിക തകരാര്‍ മൂലമല്ലെന്ന് ഫ്രാന്‍സ്

ലണ്ടന്‍: ഈജിപ്തിലെ സിനായ് മേഖലയില്‍ റഷ്യന്‍ വിമാനം തകര്‍ന്നുവീണത് സാങ്കേതിക തകരാര്‍ മൂലമല്ലെന്ന് സംഭവം അന്വേഷിക്കുന്ന ഫ്രഞ്ച് വ്യോമയാന വൃത്തങ്ങളെ ഉദ്ധരിച്ച് ബിബിസി റിപോര്‍ട്ട് ചെയ്യുന്നു.
ഉഗ്രവും പെട്ടെന്നുണ്ടായതുമായ പൊട്ടിത്തെറിയാണ് 224 പേരുടെ മരണത്തിലേക്ക് നയിച്ച ദുരന്തത്തിനു കാരണമായതെന്ന് വിമാനത്തിന്റെ ഡാറ്റാ റെക്കോഡര്‍ സാക്ഷ്യപ്പെടുത്തുന്നതായി ഫ്രഞ്ച് വൃത്തങ്ങള്‍ വ്യക്തമാക്കി. ലഗേജില്‍ ഒളിപ്പിച്ച സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചാണ് വിമാനം തകര്‍ന്നതെന്ന് സായുധസംഘത്തിന്റെ ഫോണ്‍ കോളുകള്‍ ചോര്‍ത്തിയ ബ്രിട്ടിഷ് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു.
ലഗേജിന്റെ ഉള്ളിലോ മുകളിലോ ആയി സ്ഥാപിച്ച സ്‌ഫോടകവസ്തുവാണ് വിമാനത്തെ തകര്‍ത്തതെന്നും ഇവര്‍ പറയുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് 224 യാത്രക്കാരുമായുള്ള എയര്‍ബസ് എ-321 റഷ്യന്‍ വിമാനം സീനായില്‍ തകര്‍ന്നുവീണത്. ഇസ്‌ലാമിക് സ്‌റ്റേറ്റ് ഉത്തരവാദിത്തമേറ്റെടുത്തെങ്കിലും വിമാനം തകരാനിടയായ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. തെളിവുകളില്ലാതെ വിമാനം തകര്‍ത്തത് ബോംബ്‌വച്ചാണെന്ന് പറയുന്നത് അപക്വമാണെന്നാണ് റഷ്യയും ഈജിപ്തും പറയുന്നത്. ഇതിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണത്തിലാണ് ഈജിപ്തും റഷ്യയും. എന്നാല്‍, വിമാനത്തില്‍ ഈജിപ്തിലെ ഐഎസ് സംഘം ബോംബ് ഘടിപ്പിച്ചിട്ടുണ്ടെന്നാണ് അമേരിക്കന്‍ അധികൃതരും പറയുന്നത്. വിമാനത്തില്‍ നിന്നുള്ള ആശയവിനിമയം തടസ്സപ്പെടാന്‍ ഇതാവാം കാരണമെന്നും അധികൃതര്‍ പറയുന്നു. എന്നാല്‍, എങ്ങനെ തകര്‍ത്തു എന്ന് ഐഎസ് വ്യക്തമാക്കിയിട്ടില്ല. ഇത്തരം ആക്രമണങ്ങള്‍ ഇനിയും ആവര്‍ത്തിക്കാനാവാം ഐഎസ് ഇക്കാര്യം വെളിപ്പെടുത്താത്തതെന്നും സംശയിക്കുന്നുണ്ട്.
അതേസമയം, ആക്രമണം നടത്താന്‍ സിറിയയില്‍നിന്നു നിര്‍ദേശം ലഭിച്ചുവെന്ന വാര്‍ത്ത രഹസ്യാന്വേഷണ ഏജന്‍സികള്‍ തള്ളി. ഈജിപ്തില്‍ ഐഎസുമായി ഏറ്റുമുട്ടല്‍ നടക്കുന്ന മേഖലയാണ് സിനായ്.
റഷ്യ ഈജിപ്തിലേക്കുള്ള വിമാനസര്‍വീസുകള്‍ നിര്‍ത്തിവച്ചു. ശറമുല്‍ ഷെയ്ക്കിലേക്കുള്ള വിമാനസര്‍വീസുകള്‍ ബ്രിട്ടനും നിര്‍ത്തിവച്ചിരുന്നു.
Next Story

RELATED STORIES

Share it