റഷ്യന്‍ വിമാന ദുരന്തം; ബോംബ് സ്‌ഫോടനം മൂലമെന്ന് സുരക്ഷാവിഭാഗങ്ങള്‍

കെയ്‌റോ: ഈജിപ്തിലെ സിനായ് മേഖലയില്‍ റഷ്യന്‍ വിമാനം തകര്‍ന്നുണ്ടായ ദുരന്തത്തിനു പിന്നില്‍ ഐഎസ് സായുധസംഘത്തിന്റെ കരങ്ങളെന്ന സംശയം ബലപ്പെടുന്നു.
കഴിഞ്ഞ ശനിയാഴ്ചയുണ്ടായ വിമാനദുരന്തത്തിനു കാരണമായത് ഐഎസ് സ്ഥാപിച്ച ബോംബാണെന്നു സൂചിപ്പിക്കുന്ന തെളിവുകളുണ്ടെന്ന് യുഎസിലെയും യൂറോപ്പിലെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു.
ഇത്തരത്തിലുള്ള നിഗമനത്തിന്റെ സാധുതയെ ബ്രിട്ടനും അംഗീകരിക്കുന്നു. വിമാനം ശറമുശ്ശൈഖില്‍നിന്ന് പറന്നുയരും മുമ്പ് അതിനകത്ത് ഐഎസ്സോ അവരുമായി ബന്ധമുള്ള മറ്റേതെങ്കിലും സംഘങ്ങളോ സ്ഥാപിച്ച ബോംബ് പൊട്ടിയതിനെ തുടര്‍ന്നാണ് വിമാനം തകര്‍ന്നതെന്നാണ് രഹസ്യാന്വേഷണവിഭാഗം വിശ്വസിക്കുന്നതെന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിഎന്‍എന്‍, എന്‍ബിസി തുടങ്ങിയവ റിപോര്‍ട്ട് ചെയ്തു.
എന്നാല്‍, വിമാനയാത്രക്കാരുടെയോ ജീവനക്കാരുടെയോ പട്ടികയില്‍ അത്തരം സംഘടനകളുമായി ബന്ധമുള്ളവരെ കണ്ടെത്താനായിട്ടില്ലെന്നും യുഎസ് വൃത്തങ്ങള്‍ വ്യക്തമാക്കി. അതുകൊണ്ടു തന്നെ ശറമുശ്ശൈഖ് എയര്‍പോര്‍ട്ട് ജീവനക്കാരിലേക്കാണ് അന്വേഷണം കേന്ദ്രീകരിക്കുന്നതെന്നും റിപോര്‍ട്ട് സൂചിപ്പിച്ചു.
എന്നാല്‍, ഇത് രഹസ്യാന്വേഷണവിഭാഗത്തിന്റെ മാത്രം നിഗമനമാണെന്നും വേണ്ടത്ര തെളിവുകള്‍ ഇതിനില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
224 പേരുടെ ദാരുണ മരണത്തിന് ഇടയാക്കിയ റഷ്യന്‍ വിമാനാപകടത്തിനു പിന്നില്‍ തങ്ങളാണെന്ന് ഐഎസ് അവകാശപ്പെട്ടിരുന്നു. ഈജിപ്തിലെ ശറമുശ്ശൈഖില്‍നിന്ന് റഷ്യയിലെ സെന്റ്പീറ്റേഴ്‌സ്ബര്‍ഗിലേക്കു തിരിച്ച റഷ്യന്‍ വിമാനം എ321 എം സിനായ് ഉപദ്വീപ് മേഖലയില്‍ തകര്‍ന്നുവീഴുകയായിരുന്നു.
ഈജിപ്ഷ്യന്‍ സൈന്യവും ഐഎസ് സായുധ സംഘവും കനത്ത പോരാട്ടം നടക്കുന്ന മേഖലയാണ് സിനായ്. ഇറാഖിലും സിറിയയിലും റഷ്യ ഐഎസ് സായുധസംഘത്തിനു നേരെ ആക്രമണം നടത്തിയതിന്റെ പ്രതികാരമാണ് വിമാനദുരന്തമെന്ന് ഐഎസ് വ്യക്തമാക്കിയിരുന്നു.
എന്നാല്‍, അപകടകാരണം സാങ്കേതികത്തകരാറാണെന്നാണ് തുടക്കം മുതല്‍ അധികൃതര്‍ പറഞ്ഞിരുന്നത്. സ്‌ഫോടനശേഷിയുള്ള എന്തെങ്കിലും വിമാനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നാണ് ബ്രിട്ടന്‍ സംശയിക്കുന്നത്. ബിട്ടിഷ് വിദേശകാര്യ സെക്രട്ടറി ഫിലിപ്പ് ഹാമന്‍ഡ് ആണ് ബോംബാക്രമണസാധ്യത തുറന്നുപറഞ്ഞത്.
Next Story

RELATED STORIES

Share it