റഷ്യന്‍ വിമാനാപകടം: ദമ്പതികളുടെ മൃതദേഹങ്ങള്‍ വീട്ടിലെത്തിച്ചു; മൃതദേഹങ്ങളെത്തിച്ചത് രണ്ടര മാസത്തിനു ശേഷം

പെരുമ്പാവൂര്‍: രണ്ടു മാസത്തിനു മുമ്പ് റഷ്യയിലുണ്ടായ വിമാനാപകടത്തില്‍ കൊല്ലപ്പെട്ട ദമ്പതികളുടെ മൃതദേഹങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ വീട്ടിലെത്തിച്ചു. വെങ്ങോല ബഥനി കുരിശിന് സമീപം ചാമക്കാലയില്‍ വീട്ടില്‍ മോഹനന്റെ മകന്‍ ശ്യാം മോഹന്‍ (27), ഭാര്യ ഓടക്കാലി പയ്യാല്‍ കതിര്‍വേലി വീട്ടില്‍ അയ്യപ്പന്റെ മകള്‍ അഞ്ജു (26) എന്നിവരുടെ മൃതദേഹമാണ് ഇന്നലെ വീട്ടിലെത്തിച്ചത്. രാവിലെ ഒമ്പതു മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഫ്‌ളൈ ദുബയ് വിമാനത്തിലെത്തിച്ച മൃതദേഹങ്ങള്‍ 11 മണിയോടെയാണ് വെങ്ങോലയിലെ വസതിയിലെത്തിച്ചത്.
മൃതദേഹങ്ങള്‍ എത്തുന്നതറിഞ്ഞ് നിരവധി പേരാണ് ഇവിടെ എത്തിച്ചേര്‍ന്നത്. ശ്യാമിന്റെയും അഞ്ജുവിന്റെയും മാതാപിതാക്കളും ബന്ധുക്കളും ദുഃഖം താങ്ങാനാവാതെ പൊട്ടിക്കരഞ്ഞതോടെ കണ്ടു നിന്നവരിലും ദുഃഖം അണപൊട്ടിയൊഴുകി. മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വയ്ക്കാന്‍ കഴിയാത്ത അവസ്ഥയിലായതിനാല്‍ പെട്ടികള്‍ തുറന്നില്ല. മതപരമായ ചടങ്ങുകള്‍ക്ക് ശേഷം വീട്ടുവളപ്പില്‍ ഉച്ചയ്ക്ക് 1.30 ഓടെ സംസ്‌കരിച്ചു.
കഴിഞ്ഞ മാര്‍ച്ച് 19നാണ് റഷ്യയിലെ റോസ്‌റ്റോവ് ഒണ്‍ ഡോണ്‍ വിമാനത്താവളത്തില്‍ വച്ചുണ്ടായ അപകടത്തില്‍ ശ്യാം മോഹനും ഭാര്യ അഞ്ജുവും കൊല്ലപ്പെട്ടത്. മൂടല്‍മഞ്ഞ് കാരണം റണ്‍വേ കാണാന്‍ സാധിക്കാതെ വിമാനം ആദ്യം ഇറങ്ങാന്‍ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതിനെ തുടര്‍ന്ന് വീണ്ടും തിരിച്ച് ഇറങ്ങാനുള്ള ശ്രമത്തിനിടെ റണ്‍വേയില്‍ നിന്നു മാറി 50 മീറ്റര്‍ അകലെ ഇറങ്ങിയതാണ് അപകടത്തിന് കാരണം. റഷ്യയിലെ സുല്‍ത്താന്‍ സ്പാ ആയുര്‍വേദ മസാജ് സെന്ററില്‍ ജോലി ചെയ്തു വരുകയായിരുന്ന ഇരുവരും.
രണ്ടുമാസത്തെ അവധിക്ക് നാട്ടിലെത്തിയ ശേഷം തിരികെ മടങ്ങും വഴിയാണ് ദുരന്തം ഇവരെ കവര്‍ന്നെടുത്തത്. ദിവസങ്ങള്‍ക്കുള്ളില്‍ ഇരുവരുടേയും മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞെങ്കിലും അപകടം നടന്നു രണ്ടു മാസം പിന്നിട്ടിട്ടും മൃതശരീരങ്ങള്‍ നാട്ടിലെത്തിക്കാന്‍ സാധിച്ചിരുന്നില്ല. കണ്ണീരൊഴുക്കി കാത്തിരിക്കുകയായിരുന്നു പിതാവ് മോഹനും മാതാവ് ഷീജയും.
ശ്യാമിന്റെ സുഹൃത്തുക്കളാണ് നിവേദനങ്ങളും പരാതികളുമായി അധികാരികളുടെ ഓഫിസുകള്‍ കയറിയിറങ്ങിയിരുന്നത്. ഫ്‌ളൈ ദുബയ് വിമാന കമ്പനിയുടെ രണ്ട് ജീവനക്കാരും മൃതദേഹങ്ങളെ അനുഗമിച്ച് വെങ്ങോലയിലെ ഇവരുടെ വീട്ടില്‍ എത്തിയിരുന്നു.
Next Story

RELATED STORIES

Share it