Flash News

റഷ്യന്‍ വിമാനത്തിന് നല്‍കിയ മുന്നറിയിപ്പ് ശബ്ദരേഖ തുര്‍ക്കി പുറത്തുവിട്ടു

മോസ്‌കോ: റഷ്യന്‍ യുദ്ധവിമാനം വെടിവച്ചു വീഴ്ത്തുന്നതിന് മുന്‍പ് എയര്‍ബേസില്‍ നിന്ന്് വിമാനത്തിന് നല്‍കിയ മുന്നറിപ്പുകളുടെ ശബ്ദരേഖ തുര്‍ക്കി പുറത്തുവിട്ടു. 'തുര്‍ക്കിയുടെ വ്യോമമേഖലയിലാണ് നിങ്ങള്‍ പ്രവേശിച്ചിരിക്കുന്നത്, ദിശമാറിപ്പോവുക' എന്ന് ഇംഗ്ലീഷില്‍ നല്‍കിയ മുന്നറിയിപ്പാണ് തുര്‍ക്കിസൈന്യം പുറത്തുവിട്ടത്.

തുര്‍ക്കിയുടെ വ്യോമമേഖല സംരക്ഷിക്കാനുള്ള അവകാശം അവര്‍ക്കുണ്ടെന്ന് യുഎസ് പ്രസിഡന്റ് ബറാക് ഒബാമ ഇന്നലെ പ്രസ്താവിച്ചിരുന്നു. സിറിയയോടു ചേര്‍ന്നു കിടക്കുന്ന തങ്ങളുടെ അതിര്‍ത്തിയില്‍ റഷ്യന്‍ യുദ്ധവിമാനം വെടിവച്ചിടാനുണ്ടായ സാഹചര്യം തുര്‍ക്കി നാറ്റോ സഖ്യത്തെ അറിയിച്ചിട്ടുണ്ടെന്നും `ഒബാമ പറഞ്ഞിരുന്നു.

എല്ലാ രാജ്യങ്ങളെയും പോലെ തുര്‍ക്കിക്കും അവരുടെ മണ്ണും വ്യോമമേഖലയും സംരക്ഷിക്കാനുള്ള അവകാശമുണ്ടെന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഹൊളാന്‍ദിനൊപ്പം വാഷിങ്ടണില്‍ നടത്തിയ സംയുക്ത പത്രസമ്മേളനത്തില്‍ ഒബാമ പറഞ്ഞത്.

വിമാനം വെടിവെച്ചിട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ തുര്‍ക്കിയുമായുള്ള സൈനിക സഹകരണം റഷ്യ താല്‍ക്കാലികമായി റദ്ദാക്കിയതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുകയാണ്. മുന്‍കൂട്ടി ആസൂത്രണം ചെയ്ത നടപടിയുടെ തങ്ങളുടെ വിമാനം തുര്‍ക്കി വെടിവച്ചു വീഴ്ത്തിയതെന്ന നിലപാടിലാണ് റഷ്യ. തുര്‍ക്കിയുടെ ആസൂത്രിതമായ പ്രകോപനമാണ് സംഭവത്തിനു പിന്നിലെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ഗി ലാവ്‌റോവ് ആരോപിച്ചിരുന്നു.

വിമാനത്തിന് നല്‍കിയ മുന്നറിയിപ്പ് സന്ദേശം പുറത്തുവിട്ടതിലൂടെ തങ്ങളുടെ വ്യോമമേഖല സംരക്ഷിക്കുന്നതിനു വേണ്ടിയാണ് നടപടിയെന്ന നിലപാട് ബലപ്പെടുത്തുകയാണ് തുര്‍ക്കി.
Next Story

RELATED STORIES

Share it