റഷ്യന്‍ വിമാനം വെടിവച്ചിട്ടതിന് ഉര്‍ദുഗാന്റെ കുറ്റസമ്മതം; അന്വേഷണം ആരംഭിച്ചു

അങ്കാറ: റഷ്യന്‍ യുദ്ധവിമാനം സിറിയയോടു ചേര്‍ന്ന തുര്‍ക്കി അതിര്‍ത്തിയില്‍ വെടിവച്ചിട്ട സംഭവത്തില്‍ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ റഷ്യയോടു മാപ്പു ചോദിച്ചു. ആക്രമണം നടത്തിയത് മനപ്പൂര്‍വമായിരുന്നില്ലെന്നും റഷ്യന്‍ വിമാനം വെടിവച്ചിടാന്‍ തുര്‍ക്കിക്ക് ഒരു തരത്തിലുള്ള പദ്ധതിയും ഉണ്ടായിരുന്നില്ലെന്നും ഉര്‍ദുഗാന്‍ പറഞ്ഞതായി റഷ്യന്‍ വക്താവ് അറിയിച്ചു.
സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നതായും മാപ്പപേക്ഷിച്ചുമുള്ള തുര്‍ക്കി പ്രസിഡന്റിന്റെ സന്ദേശം റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ കൈപ്പറ്റിയതായി ഡിമിട്രി പെക്‌സോവ് മാധ്യമങ്ങളോടു പറഞ്ഞു. കൊല്ലപ്പെട്ട വൈമാനികന്റെ കുടുംബത്തോടും മാപ്പു ചോദിച്ച ഉര്‍ദുഗാന്‍ റഷ്യയുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്താന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്ന് വാഗ്ദാനം നല്‍കിയതായും മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
2015 നവംബറിലാണ് സിറിയയില്‍ ആക്രമണം നടത്താന്‍ പുറപ്പെട്ട റഷ്യന്‍ ജെറ്റ് വിമാനം തുര്‍ക്കിയുടെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്നതും തുര്‍ക്കി വിമാനം വെടിവച്ചിടുന്നതും.
വിമതര്‍ക്കും ഐഎസിനുമെതിരേ ആക്രമണം നടത്താന്‍ സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിനെ സഹായിക്കാന്‍ പോയ വിമാനമാണ് വെടിവച്ചിട്ടത്. സംഭവം ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള നയതന്ത്രബന്ധം വഷളാക്കിയിരുന്നു.
തുടര്‍ന്ന്, തുര്‍ക്കിയില്‍നിന്നു റഷ്യയിലേക്കുള്ള സഞ്ചാര വിസകളും കാര്‍ഷിക ഉല്‍പന്നങ്ങളുടെ ഇറക്കുമതിയും റഷ്യ നിര്‍ത്തലാക്കി. അതേസമയം, റഷ്യന്‍ പൈലറ്റിന്റെ കൊലപാതകിക്കായി തുര്‍ക്കി അന്വേഷണം ആരംഭിച്ചതായും റഷ്യന്‍ മാധ്യമം റിപോര്‍ട്ട് ചെയ്തു. റഷ്യയുമായുള്ള നയതന്ത്രബന്ധം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന് തുര്‍ക്കി പ്രധാനമന്ത്രി ബിനാലി യില്‍ദിരിം ഇന്നലെ അറിയിച്ചു.
Next Story

RELATED STORIES

Share it