റഷ്യന്‍ യുദ്ധവിമാനം വീണ്ടും വ്യോമാതിര്‍ത്തി ലംഘിച്ചെന്ന് തുര്‍ക്കി

അങ്കാറ: തങ്ങളുടെ വ്യോമാതിര്‍ത്തി റഷ്യന്‍ യുദ്ധവിമാനം വീണ്ടും ലംഘിച്ചെന്നു തുര്‍ക്കി. സംഭവം ആവര്‍ത്തിച്ചാല്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും തുര്‍ക്കി മുന്നറിയിപ്പു നല്‍കി. വെള്ളിയാഴ്ചയാണ് റഷ്യന്‍ എസ്‌യു 34 ജെറ്റ് സിറിയന്‍ അതിര്‍ത്തിയിലെ വ്യോമാതിര്‍ത്തി ലംഘിച്ച് കി.മീറ്ററുകളോളം കടന്നുകയറിയത്. റഷ്യന്‍, ഇംഗ്ലീഷ് ഭാഷകളില്‍ നല്‍കിയ മുന്നറിയിപ്പുകള്‍ അവഗണിച്ചാണ് യുദ്ധവിമാനം വ്യോമാതിര്‍ത്തി ലംഘിച്ചതെന്നു തുര്‍ക്കി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ആരോപണം നിഷേധിച്ച റഷ്യ സംഭവത്തെ അടിസ്ഥാനമില്ലാത്ത പ്രചരണമെന്നാണ് വിശേഷിപ്പിച്ചത്. നവംബറില്‍ റഷ്യന്‍ വിമാനം വ്യോമാതിര്‍ത്തി ലംഘിച്ചതിനാല്‍ തുര്‍ക്കി വെടിവച്ചിട്ടതിനെ തുടര്‍ന്ന് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ അസ്വാരസ്യം നിലനില്‍ക്കുകയാണ്. സംഭവത്തില്‍ തുര്‍ക്കിയിലെ റഷ്യന്‍ അംബാസഡറെ വിളിച്ചുവരുത്തി തുര്‍ക്കി ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ഇത്തരം ലംഘനങ്ങള്‍ ആവര്‍ത്തിച്ചാല്‍ റഷ്യ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നു തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ മുന്നറിയിപ്പ് നല്‍കി. നിരുത്തരവാദപരമായ ഇത്തരം നീക്കങ്ങള്‍ റഷ്യ-നാറ്റോ ബന്ധത്തിനോ മേഖലയുടെയും ലോകത്തിന്റെയും സമാധാനത്തിനോ ഗുണം ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തുര്‍ക്കി അംഗമായ നാറ്റോയും സംഭവത്തെ അപലപിച്ചു. ഉത്തരവാദിത്തത്തോടെ പെരുമാറാനും വ്യോമപരിധി മാനിക്കാനും നാറ്റോ റഷ്യയോട് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it