റഷ്യന്‍ യുദ്ധവിമാനം തുര്‍ക്കി വെടിവച്ചിട്ടു

അങ്കാറ: റഷ്യന്‍ പോര്‍വിമാനം തുര്‍ക്കി വെടിവച്ചു വീഴ്ത്തി. തങ്ങളുടെ വ്യോമാതിര്‍ത്തി റഷ്യന്‍ വിമാനം ലംഘിച്ചുവെന്ന് തുര്‍ക്കി ആരോപിച്ചു. വിമാനത്തില്‍ ഉണ്ടായിരുന്ന പൈലറ്റുമാരില്‍ ഒരാള്‍ മരിച്ചു. മറ്റൊരു പൈലറ്റിനെ കാണാതായിട്ടുണ്ട്.
സിറിയന്‍ അതിര്‍ത്തിയില്‍ ചൊവ്വാഴ്ചയാണ് റഷ്യയുടെ എസ്‌യു-24 പോര്‍വിമാനം തുര്‍ക്കിയുടെ എഫ്-16 യുദ്ധവിമാനത്തില്‍ നിന്നുള്ള വെടിയേറ്റ് തകര്‍ന്നത്. വിമാനത്തില്‍ നിന്ന് പാരഷൂട്ട് വഴി ഇറങ്ങിയ പൈലറ്റ് വെടിയേറ്റാണ് മരിച്ചതെന്ന് വിമതവിഭാഗം വക്താവ് ഫാദി അഹ്മദ് അറിയിച്ചു. എന്നാല്‍, വ്യോമാതിര്‍ത്തി ലംഘിച്ചെന്ന ആരോപണം റഷ്യന്‍ പ്രതിരോധ മന്ത്രാലയം നിഷേധിച്ചു. വിമാനം സിറിയന്‍ വ്യോമാതിര്‍ത്തിക്കുള്ളിലായിരുന്നെന്നും മന്ത്രാലയം അവകാശപ്പെട്ടു. വ്യോമാതിര്‍ത്തി ലംഘിച്ചതിന് പത്തു തവണ മുന്നറിയിപ്പു നല്‍കിയതിനു ശേഷമാണ് വിമാനം വെടിവച്ചിട്ടതെന്നാണ് തുര്‍ക്കി സേന പറയുന്നത്. രണ്ടു റഷ്യന്‍ പോര്‍വിമാനങ്ങള്‍ അതിര്‍ത്തി ലംഘിച്ചു പറന്നതായും അതില്‍ ഒരു വിമാനമാണ് വെടിവച്ചിട്ടതെന്നും തുര്‍ക്കി സേന വ്യക്തമാക്കി.
സിറിയയില്‍ ഐ.എസിനെതിരേ റഷ്യന്‍ വ്യോമസേന സപ്തംബര്‍ 30 മുതല്‍ വ്യോമാക്രമണം നടത്തി വരികയാണ്. പോര്‍വിമാനം തകര്‍ന്നുവീണു തീപിടിച്ച ദൃശ്യം വിവിധ ടിവി ചാനലുകളും സാമൂഹിക മാധ്യമങ്ങളും സംപ്രേഷണം ചെയ്തിട്ടുണ്ട്. വിമാനത്തിലെ ഒരു പൈലറ്റ് വടക്കന്‍ സിറിയയിലെ അക്രമികളുടെ പിടിയില്‍ അകപ്പെട്ടതായി റിപോര്‍ട്ടുണ്ട്.
പൈലറ്റുമാരെ തിരഞ്ഞു ചില റഷ്യന്‍ ഹെലികോപ്റ്ററുകള്‍ സംഭവസ്ഥലത്ത് താഴ്ന്നുപറന്നതായും പറയപ്പെടുന്നു. സിറിയയില്‍ റഷ്യന്‍ പോര്‍വിമാനത്തെ വെടിവച്ചത് ഏറ്റവും ഗുരുതരമായ സംഭവമായാണ് ക്രെംലിന്‍ വക്താവ് വിശേഷിപ്പിച്ചത്.
റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവിന്റെ ബുധനാഴ്ചത്തെ തുര്‍ക്കി സന്ദര്‍ശനം റദ്ദാക്കിയിട്ടുണ്ട്.
തങ്ങളുടെ വിമാനത്തെ സിറിയയില്‍ തുര്‍ക്കി വെടിവച്ചിട്ട സംഭവത്തില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ മുന്നറിയിപ്പു നല്‍കി. പിന്നില്‍ നിന്നു കുത്തുന്ന നടപടിയാണിത്. ഭീകരര്‍ക്കെതിരായ പ്രവര്‍ത്തനത്തിലായിരുന്നു തങ്ങള്‍. അത് തുര്‍ക്കിക്ക് ഭീഷണിയായിരുന്നില്ല- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ നാറ്റോ അടിയന്തര യോഗം വിളിച്ചു.
Next Story

RELATED STORIES

Share it