റവന്യൂ വില്ലേജ്, ഗ്രാമപ്പഞ്ചായത്ത്അതിര്‍ത്തികള്‍ ഏകീകരിക്കണം

തിരുവനന്തപുരം: റവന്യൂ വില്ലേജുകളുടെയും ഗ്രാമപ്പഞ്ചായത്തുകളുടെയും അതിര്‍ത്തികള്‍ ഏകീകരിക്കണമെന്ന് കെ ശശിധരന്‍ നായര്‍. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്ഥാനത്തുനിന്ന് വിരമിക്കുന്നതിനു മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പഞ്ചായത്തുകളുടെ അതിര്‍ത്തി നിയമസഭാ നിയോജക മണ്ഡലത്തിന്റേതാക്കി മാറ്റുകയും പോളിങ് ബൂത്ത് അടിസ്ഥാനത്തില്‍ വാര്‍ഡുകള്‍ രൂപീകരിക്കുകയും ചെയ്താല്‍ എല്ലാ തിരഞ്ഞെടുപ്പുകള്‍ക്കും ഒറ്റ വോട്ടര്‍പട്ടിക സാധ്യമാവുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ 7,000 പേരുള്ള ഗ്രാമപ്പഞ്ചായത്തുകളും 70,000പേരുള്ള ഗ്രാമപ്പഞ്ചായത്തുകളുമുണ്ട്. റവന്യൂ വില്ലേജ് അടിസ്ഥാനത്തില്‍ ഗ്രാമപ്പഞ്ചായത്ത് വന്നാല്‍ ഭരണകാര്യങ്ങള്‍ക്ക് ഏറെ സൗകര്യമുണ്ടാവുമെന്ന് മാത്രമല്ല, ജനസംഖ്യാപരമായുള്ള ഈ അസന്തുലിതാവസ്ഥ പരിഹരിക്കാനുമാവും. എല്ലാ അഞ്ച് വര്‍ഷം കൂടുമ്പോഴും നടത്തിവരുന്ന വാര്‍ഡ് അതിര്‍ത്തി പുനര്‍നിര്‍ണയവും ഒഴിവാക്കാം. ബ്ലോക്കുകള്‍ നിയമസഭാ നിയോജകമണ്ഡല അടിസ്ഥാനത്തിലായാല്‍ എണ്ണത്തില്‍ അല്‍പം കുറവ് വരുമെങ്കിലും ഭരണപരമായി സൗകര്യമാണ്. ബ്ലോക്കുകള്‍ ഗ്രാന്റിലാണ് പ്രവര്‍ത്തിക്കുന്നത്. ബ്ലോക്ക് നിയമസഭാ മണ്ഡലാടിസ്ഥാനത്തിലായാല്‍ എംഎല്‍എമാര്‍ക്ക് വികസനത്തിന് കൂടുതല്‍ ഇടപെടാം. തിരഞ്ഞെടുപ്പിന് ഒരുവര്‍ഷം മുമ്പെങ്കിലും പുനര്‍നിര്‍ണയ നടപടികള്‍ പൂര്‍ത്തിയാവണം. എന്നാല്‍ ഇക്കുറി തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മൂന്ന് ദിവസം മുമ്പ് മാത്രമാണ് നടപടി പൂര്‍ത്തിയായത്. ഇത് ഏറെ പ്രയാസം സൃഷ്ടിച്ചെന്നും അദ്ദേഹം പറഞ്ഞു.
അംഗങ്ങളുടെ അയോഗ്യതയുമായി ബന്ധപ്പെട്ട് 700 കേസുകള്‍ തന്റെ അടുത്തുവന്നിരുന്നു. 600 എണ്ണം തീര്‍പ്പാക്കി. ഗ്രാമസഭകള്‍ വിളിക്കാത്തതിന് രണ്ട് ഗ്രാമപ്പഞ്ചായത്തുകളിലെ മുഴുവന്‍ അംഗങ്ങളെയും അയോഗ്യരാക്കേണ്ടി വന്നതായും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it