റവന്യൂ വരുമാനം വര്‍ധിപ്പിക്കാന്‍ ഊര്‍ജിതശ്രമം

തിരുവനന്തപുരം: സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം. ഇതില്‍നിന്നു കരകയറാനുള്ള ദൗത്യമാണ് സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്.
കഴിഞ്ഞ മൂന്നുവര്‍ഷമായി കേരളജനത നിയമസഭയിലൂടെ അംഗീകരിച്ച വാര്‍ഷിക പദ്ധതികളുടെ നടപ്പാക്കല്‍ സ്തംഭിച്ചിരിക്കുകയാണ്. ഇക്കാലയളവിലെ വാര്‍ഷിക പ്ലാന്‍ ബജറ്റുകളില്‍ പ്രഖ്യാപിക്കപ്പെട്ട നിരവധി പദ്ധതികളുടെ യഥാര്‍ഥ ചെലവ് നിയമസഭ അംഗീകരിച്ച ബജറ്റിന്റെ 60-70 ശതമാനം മാത്രമായിരിക്കുന്നു. ഇത് സമൂഹത്തിലെ പാവപ്പെട്ട വിഭാഗങ്ങളെ കൂടുതല്‍ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. കയര്‍, മല്‍സ്യബന്ധനം അടക്കമുള്ള പരമ്പരാഗത മേഖലകളിലെ ഗുണഭോക്താക്കള്‍ക്കും തൊഴിലാളികള്‍ക്കും ലഭിക്കുന്ന ധനസഹായത്തെയും പ്രതിസന്ധി ബാധിച്ചു.
റോഡുകള്‍, പാലങ്ങള്‍, വന്‍കിട അടിസ്ഥാനസൗകര്യ പദ്ധതികള്‍ എന്നിവയ്ക്കു വേണ്ടിയുള്ള മൂലധനച്ചെലവിന് യാതൊരു ഫണ്ടും ശേഷിക്കുന്നില്ല. പ്രതിസന്ധി മറികടക്കുന്നതിന് സര്‍ക്കാരിനു മുന്നിലുള്ള വഴികള്‍ പരിമിതമാണ്. അതുകൊണ്ട് അഴിമതിയും കെടുകാര്യസ്ഥതയും ഉന്മൂലനംചെയ്ത് റവന്യൂവരുമാനം വര്‍ധിപ്പിക്കാനുള്ള ഊര്‍ജിതശ്രമങ്ങള്‍ നടത്തും. സംസ്ഥാനത്തിന് അനുവദിച്ച വായ്പാപരിധി കഴിഞ്ഞതിനാല്‍ കേന്ദ്രത്തില്‍നിന്ന് വായ്പയെടുക്കുന്നതിനോട് അവര്‍ വിമുഖത പ്രകടിപ്പിച്ചിരിക്കുകയാണ്. കാര്‍ഷിക, പരമ്പരാഗത മേഖലകളെ ബാധിക്കുമെന്നതിനാല്‍ ട്രഷറി നിയന്ത്രണം ഒഴിവാക്കും. റവന്യൂവരുമാനം വര്‍ധിപ്പിക്കുന്നതോടൊപ്പം പാഴ്‌ച്ചെലവ് അവസാനിപ്പിക്കും. മൂലധനച്ചെലവിനായി വിപണിയില്‍നിന്ന് ഫണ്ട് സ്വരൂപിക്കുന്നതിന് ബജറ്റില്‍ വ്യവസ്ഥ കൊണ്ടുവരും. അടിസ്ഥാനസൗകര്യ വികസനത്തിന് പണം സ്വരൂപിക്കുന്നതിന് നൂതനമാര്‍ഗങ്ങള്‍ അവലംബിക്കും. ഇതിനായി അടുത്ത സഭാസമ്മേളനത്തില്‍ ആവശ്യമായ നിയമനിര്‍മാണ ചട്ടക്കൂട് കൊണ്ടുവരും. വിദേശത്തുനിന്ന് വായ്പ സമാഹരിക്കാന്‍ സംസ്ഥാനത്തെ രണ്ട് ധനകാര്യസ്ഥാപനങ്ങള്‍ എന്‍ബിഎഫ്‌സികളായി പുനസ്സംഘടിപ്പിക്കും. ഇത് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (എസ്ഇബിഐ) റെഗുലേഷനുകളും (ആര്‍ബിഐ) റെഗുലേഷനുകളും അനുസരിച്ചു ബന്ധിപ്പിക്കും.
Next Story

RELATED STORIES

Share it