wayanad local

റവന്യൂ ഭൂമിയില്‍ അനധികൃത പാറ ഖനനം

കല്‍പ്പറ്റ: റവന്യൂ ഭൂമിയില്‍ അനധികൃത പാറ ഖനനം നടത്തുന്നതായി പരാതി. വെള്ളമുണ്ട പഞ്ചായത്തിലെ വാളാരംകുന്ന് കൊയറ്റ് പാറക്കുന്നിലാണ് അത്താണി ബ്രിക്‌സ് ആന്‍ഡ് മെറ്റല്‍സ് കമ്പനി ഉടമയുടെ ക്വാറി അനധികൃതമായി പ്രവര്‍ത്തിപ്പിക്കുന്നുവെന്ന് പരാതി ഉയര്‍ന്നിരിക്കുന്നത്. 75 ആദിവാസി കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്താണ് ക്വാറി അനധികൃതമായി പ്രവര്‍ത്തിപ്പിക്കുന്നത്.
ക്വാറിയുടെ 50 മീറ്റര്‍ പരിധി വരെ വീടുകളുണ്ട്. പകല്‍ സമയത്ത് തുടര്‍ച്ചയായി സ്‌ഫോടനം നടത്തി കല്ല് പൊട്ടിക്കുന്നതു കാരണം വീടുകളില്‍ താമസിക്കാന്‍ ആദിവാസികള്‍ ഭയപ്പെടുകയാണ്. കോളനിയിലേക്കുള്ള ഏകവഴിയായ വാളാരംകുന്ന്, കൊയറ്റ്പാറ റോഡിലെ ടിപ്പറുകളുടെ മരണപ്പാച്ചിലും വിദ്യാര്‍ഥികളടക്കമുള്ളവര്‍ക്ക് ഭീഷണിയാകുകയാണ്. നിരന്തര പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ കലക്ടര്‍ ക്വാറിക്ക് സ്‌റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. ഇതിനെതിരേ ക്വാറിയുടമ ഹൈക്കോടതിയില്‍ നിന്ന് സ്‌റ്റേ സമ്പാദിച്ച് സമീപവാസികളെ ദുരിതത്തിലാക്കും വിധം ക്വാറി പ്രവര്‍ത്തനം തുടരുന്നതായി വാളാരംകുന്ന് ക്വാറി ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ക്വാറിക്കനുവദിക്കപ്പെട്ട സ്ഥലത്തല്ല പ്രവര്‍ത്തിക്കുന്നത്. വെള്ളമുണ്ട വില്ലേജില്‍ സര്‍വേ നമ്പര്‍ 622/1എ-യില്‍ പെട്ട പട്ടയ സ്‌കെച്ചുകള്‍ പ്രകാരം പതിച്ചു കിട്ടിയ ചീനിക്കോട്ടില്‍ നാരായണന്‍, ടി കെ കണ്ണന്‍, പി പി കുട്ടപ്പന്‍ എന്നിവരുടെ ഭൂമികള്‍ എല്ലാംകൂടി നാല് ഏക്കര്‍ 15 സെന്റിനാണ് ക്വാറിക്ക് അനുമതി ലഭിച്ചിട്ടുള്ളത്. എന്നാല്‍ പരസ്പരം അതിര്‍ത്തി പങ്കിടാത്ത ഈ ഭൂമികള്‍ക്ക് റവന്യു ഉദ്യോഗസ്ഥര്‍ ഒരു പ്ലോട്ടായി സ്‌കെച്ച് വരച്ച് ക്വാറിക്ക് അനുമതി ലഭിക്കുവാന്‍ കൂട്ട് നില്‍ക്കുകയായിരുന്നു. ഈ മൂന്ന് പട്ടയസ്‌കെച്ച് പ്രകാരമുള്ള ഭൂമിയില്‍ പെടാത്ത ആദിവാസികള്‍ കൈവശം വെക്കുന്ന സ്ഥലത്താണ് ഇത്രയും വര്‍ഷം ക്വാറി പ്രവര്‍ത്തിച്ചിരുന്നത്.
ഇതുസംബന്ധിച്ച് ഹൈക്കോടതിയില്‍ ഉണ്ടായിരുന്ന കേസില്‍ ക്വാറിയിംഗ് ലീസിന് അനുവദിക്കപ്പെട്ട ഭൂമിയുടെ ബൗണ്ടറി നിശ്ചയിക്കാന്‍ തഹസില്‍ദാരെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ പട്ടയ സ്‌കെച്ച് പ്രകാരം ലീസിന് ലഭിച്ച ഭൂമി അളക്കാതെ ലൊക്കേഷന്‍ സ്‌കെച്ച് കൊണ്ട് ഭൂമി അളന്ന് റിപോര്‍ട്ട് നല്‍കുകയാണുണ്ടായത്. കോടതി ഉത്തരവ് പ്രകാരം ലീസിന് അനുവദിച്ച പട്ടയസ്‌കെച്ച് പ്രകാരമുള്ള പ്രകാരമുള്ള ഭൂമി അളക്കുകയാണെങ്കില്‍ ക്വാറിയെ സംബന്ധിച്ച അനധികൃത കൈയേറ്റം കണ്ടെത്താന്‍ കഴിയും. ഇതിനു മുമ്പ് നാല് പ്രാവശ്യത്തോളം ക്വാറിയെ സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അളവുകള്‍ നടത്തിയിട്ടുണ്ടെങ്കിലും തെറ്റായ റിപോര്‍ട്ടുകളും സ്‌കെച്ചുകളുമാണ് മേലുദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്നത്. കോടതി ഉത്തരവ് പ്രകാരം പട്ടയസ്‌കെച്ച് പ്രകാരമുള്ള പ്രകാരമുള്ള ഭൂമി അളക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
വാര്‍ത്താസമ്മേളനത്തില്‍ വാളാരംകുന്ന് ക്വാറി ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ഇ കെ രാധാകൃഷ്ണന്‍, ചെയര്‍മാന്‍ കെ അണ്ണന്‍, പി കെ രാജന്‍, ഹരിദാസ് പങ്കെടുത്തു.
Next Story

RELATED STORIES

Share it