Pathanamthitta local

റവന്യൂ ടവറിലേക്കുള്ള ജലവിതരണ പദ്ധതി ഉദ്ഘാടനം നാളെ

തിരുവല്ല: റവന്യൂ ടവറിലും താലൂക്ക് ആശുപത്രിയിലും പുതിയ പദ്ധതിയിലൂടെ കുടിവെള്ളം എത്തിത്തുടങ്ങി. ജലവിതരണ പദ്ധതിയുടെ ഉദ്ഘാടനം നാളെ രാവിലെ 11ന് റവന്യൂ ടവറില്‍ മാത്യു ടി തോമസ് എംഎല്‍എ നിര്‍വഹിക്കും. വര്‍ഷങ്ങളായി റവന്യൂ ടവറിലും താലൂക്ക് ആശുപത്രിയിലും അനുഭവിച്ചിരുന്ന ജലദൌര്‍ലഭ്യത്തിനാണ് പുതിയ പദ്ധതിയിലൂടെ പരിഹാരമാവുന്നത്.
മാത്യു ടി തോമസ് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നു 50ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി യാഥാര്‍ഥ്യമാക്കിയത്. വാട്ടര്‍ അതോറിറ്റിയുടെ തിരുവല്ലയിലെ ശുദ്ധീകരണശാലയില്‍ നിന്നു റവന്യൂ ടവറിലേക്കും താലൂക്ക് ആശുപത്രിയിലേക്കും നേരിട്ട് പൈപ്പ്‌ലൈന്‍ സ്ഥാപിച്ച് കുടിവെള്ളം എത്തിക്കുന്ന പദ്ധതിയാണിത്. ജലത്തിന് കൂടുതല്‍ പ്രഷര്‍ ലഭിക്കും. മാത്രമല്ല തകരാര്‍ ഉണ്ടായാല്‍ തന്നെ ഉടനടി പരിഹരിക്കാനും പുതിയ പദ്ധതിയിലൂടെ സാധിക്കും. അടിക്കടിയുണ്ടാവുന്ന പൈപ്പിലെ തകരാറും ജലത്തിന്റെ പ്രഷര്‍ കുറവും കാരണം ഉയര്‍ന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന താലൂക്ക് ആശുപത്രിയിലും റവന്യൂ ടവറിലും നിലവിലെ ലൈനിലൂടെ കൃത്യമായി കുടിവെള്ളം കിട്ടാത്ത സ്ഥിതിയായിരുന്നു.
റോഡ് മുറിച്ച് പൈപ്പ് സ്ഥാപിക്കാന്‍ കെഎസ്ടിപി അനുമതി നല്‍കാതിരുന്നത് പദ്ധതി ഏറെ വൈകിപ്പിച്ചു. വാട്ടര്‍ അതോറിറ്റി കെഎസ്ടിപിക്ക് അപേക്ഷ നല്‍കി കാത്തിരുന്നെങ്കിലും പലവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അനുമതി നിരസിക്കുകയായിരുന്നു. ഇതുകാരണം താലൂക്ക് ആശുപത്രിയിലെയും റവന്യൂ ടവറിലെയും കുടിവെള്ളപ്രശ്‌നം അനന്തമായി നീണ്ടുപോയി. താലൂക്ക് സഭയിലും പലതവണ ഈ പ്രശ്‌നം ഉന്നയിക്കപ്പെട്ടിരുന്നു. നാളെ റവന്യൂ ടവര്‍ ടെനന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന യോഗത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് പി പ്രദീപ് അധ്യക്ഷത വഹിക്കും.
നഗരസഭാ ചെയര്‍മാന്‍ കെ വി വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തും. കെ ആര്‍ പ്രതാപ ചന്ദ്രവര്‍മ്മ, വിക്ടര്‍ ടി തോമസ്, ചെറിയാന്‍ പോളച്ചിറയ്ക്കല്‍, ആര്‍ ജയകുമാര്‍, ഷാജി തിരുവല്ല, ഷീലാ വര്‍ഗീസ്, അഡ്വ. ഡി ശ്രീകുമാര്‍, അഡ്വ. ഫ്രാന്‍സിസ് വി ആന്റണി, അഡ്വ. രതീഷ്‌കുമാര്‍, അഡ്വ. എം ബി നൈനാന്‍, സാന്‍ലി എം അലക്‌സ്, എം സലിം, വി ഉണ്ണികൃഷ്ണന്‍, വിനോദ് സെബാസ്റ്റ്യന്‍, പി  എസ് ജോസ് സംസാരിക്കും.
Next Story

RELATED STORIES

Share it