kasaragod local

റവന്യൂ ജില്ലാ സ്‌കൂള്‍ കായികമേള: കാസര്‍കോട് ഉപജില്ല മുന്നില്‍

കാലിക്കടവ്: കാസര്‍കോട് റവന്യൂ ജില്ല സ്‌കൂള്‍ കായികമേളക്ക് പിലിക്കോട് പഞ്ചായത്തിലെ കാലിക്കടവ്‌മൈതാനിയില്‍ തിരിതെളിഞ്ഞു. ഏഴു ഉപജില്ലയില്‍ നിന്നുള്ള കായിക പ്രതിഭകള്‍ മാറ്റുരക്കുന്ന മേള കാഞ്ഞങ്ങാട് ഡിവൈഎസ്പി എം ഹരിശ്ചന്ദ്രനായക് ഉദ്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടര്‍ ഇന്‍ ചാര്‍ജ് പി കെ രഘുനാഥ് അധ്യക്ഷത വഹിച്ചു. കഴിഞ്ഞ ദിവസം കാസര്‍കോട് ബിഇഎം സ്‌കൂളില്‍ നിന്ന് കൊളുത്തി ചന്തേര ഇസ്സത്തുല്‍ ഇസ്‌ലാം എഎല്‍പി സ്‌കൂളില്‍ അണയാതെ സൂക്ഷിച്ച ദീപശിഖ മൈതാനിയില്‍ തെളിയിച്ചതോടെയാണ് രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന കായിക മേളയുടെ തുടക്കം കുറിച്ചത്.
സംസ്ഥാന സ്‌കൂള്‍ ഷോട്ട്പുട്ട് താരം ഡോണ ജോയ്, ദേശീയ സ്‌കൂള്‍ കബഡി താരങ്ങളായ എ വൈശാഖ്, പി പുനിത്, സി പി അന്‍ജിത എന്നിവര്‍ ചേര്‍ന്നാണ് ദീപശിഖ കൊളുത്തിയത്. തുടര്‍ന്ന് നടന്ന കായിക താരങ്ങളുടെ മാര്‍ച്ച് പാസ്റ്റില്‍ ഡിവൈഎസ്പി ഹരിശ്ചന്ദ്രനായക് സല്യൂട്ട് സ്വീകരിച്ചു.
പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ടി വി ശ്രീധരന്‍, കാഞ്ഞങ്ങാട് ഡിഇഒ മഹാലിംഗേശ്വര രാജ്, സംഘാടകസമിതി കോ-ഓഡിനേറ്റര്‍ കെ എം ബല്ലാള്‍, ഓര്‍ഗനൈസിങ് സെക്രട്ടറി വിജയകൃഷ്ണന്‍, കെ ഡി മാത്യു, കെ പി പ്രകാശ് കുമാര്‍ സംസാരിച്ചു. 56 ഇനങ്ങളിലെ മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 97 പോയിന്റുകളോടെ കാസര്‍കോട് ഉപജില്ല മുന്നിട്ടു നില്‍ക്കുന്നു. 75 പോയിന്റുകള്‍ നേടിയ ചെറുവത്തൂരാണ് രണ്ടാം സ്ഥാനത്ത്. 58 പോയിന്റോടെ ചിറ്റാരിക്കാല്‍ ഉപജില്ല മൂന്നാം സ്ഥാനത്തുണ്ട്. സ്‌കൂളുകളില്‍ ചീമേനി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ 32 പോയിന്റുകളോടെ ഒന്നാം സ്ഥാനത്തുണ്ട്. 21 പോയിന്റോടെ ജിഎംആര്‍എച്ച്എസ് കാസര്‍കോട് രണ്ടാം സ്ഥാനത്തെത്തി. 19 പോയിന്റുകള്‍ വീതം നേടി ജിഎച്ച്എസ്എസ് കുണ്ടംങ്കുഴിയും സിഎച്ച്എസ് കാസര്‍കോടും മൂന്നാം സ്ഥാനത്തുണ്ട്.
Next Story

RELATED STORIES

Share it