റയല്‍-മാഞ്ചസ്റ്റര്‍ സിറ്റി, ബയേണ്‍-അത്‌ലറ്റികോ സെമി

മാഡ്രിഡ്/ലിസ്ബണ്‍: യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ 10 തവണ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡ് കന്നി ഫൈനല്‍ ലക്ഷ്യമിടുന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ എതിരിടും.
ടൂര്‍ണമെന്റിന്റെ രണ്ടാം സെമി ഫൈനലില്‍ അഞ്ച് തവണ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്ക് രണ്ട് തവണ റണ്ണേഴ്‌സപ്പായ അത്‌ലറ്റികോ മാഡ്രിഡുമായി കൊമ്പുകോര്‍ക്കും. സെമി ഫൈനലിന്റെ ഒന്നാംപാദം ഈ മാസം 26, 27 തിയ്യതികളിലായി നടക്കും. രണ്ടാംപാദം അടുത്തമാസം മൂന്ന്, നാല് തിയ്യതികളിലാണ് അരങ്ങേറുക.
ഇരുപാദങ്ങളിലായി നടന്ന ക്വാര്‍ട്ടര്‍ ഫൈനലുകളില്‍ റയല്‍ വോള്‍ഫ്‌സ്ബര്‍ഗിനെയും ബയേണ്‍ ബെന്‍ഫിക്കയെയും സിറ്റി പിഎസ്ജിയെയും 3-2ന് എന്ന സ്‌കോറിന് മറികടന്നപ്പോള്‍ നിലവിലെ ചാംപ്യന്‍മാരായ ബാഴ്‌സലോണയെ ഇതേ സ്‌കോറിന് അത്‌ലറ്റികോ ഞെട്ടിക്കുകയായിരുന്നു.
ഗ്രീസ്മാന് മുന്നില്‍ ബാഴ്‌സ വീണു
സ്വന്തം തട്ടകത്തില്‍ നടന്ന വാശിയേറിയ മല്‍സരത്തില്‍ ബാഴ്‌സയ്‌ക്കെതിരേ ആക്രമണാത്മക ഫുട്‌ബോള്‍ കാഴ്ചവച്ചാണ് 53,000ത്തോളം കാണികളെ സാക്ഷി നിര്‍ത്തി അത്‌ലറ്റികോ സെമിയിലേക്ക് ജൈത്രയാത്ര നടത്തിയത്. ഇരട്ട ഗോള്‍ നേടിയ ഫ്രഞ്ച് സ്‌ട്രൈക്കര്‍ അന്റോണിയോ ഗ്രീസ്മാനാണ് കിരീട ഫേവറിറ്റുകളായ ബാഴ്‌സയുടെ അന്തകനായത്. 36, 88 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം. ഇതില്‍ 88ാം മിനിറ്റില്‍ പെനാല്‍റ്റി കിക്കിലൂടെയാണ് ഗ്രീസ്മാന്‍ വലകുലുക്കിയത്.
സ്വന്തം തട്ടകത്തില്‍ നടന്ന ആദ്യപാദത്തില്‍ 2-1ന് ലീഡ് പിടിച്ചതിനു ശേഷമാണ് ബാഴ്‌സ സെമി കാണാതെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായത്. സീസണില്‍ ബാഴ്‌സയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വി കൂടിയാണിത്. നേരത്തെ സ്പാനിഷ് ലീഗില്‍ റയല്‍ സോസിഡാഡിനോടും ബാഴ്‌സ അപ്രതീക്ഷിത പരാജയമേറ്റുവാങ്ങിയിരുന്നു.
എല്‍ ക്ലാസിക്കോയില്‍ ബദ്ധവൈരികളായ റയലിനോടേറ്റ തോല്‍വിയില്‍ നിന്ന് ബാഴ്‌സ ഇതുവരെ മുക്തരായിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു മല്‍സരഫലം. പന്തടക്കത്തില്‍ മുന്‍തൂക്കം നേടാനായെങ്കിലും അത്‌ലറ്റികോയുടെ ഗോള്‍ വല ചലിപ്പിക്കാന്‍ കഴിയാതെ പോയതാണ് ബാഴ്‌സയ്ക്ക് വിനയായത്. ബാഴ്‌സയുടെ ത്രിമൂര്‍ത്തികളായ ലയണല്‍ മെസ്സി-ലൂയിസ് സുവാറസ്-നെയ്മര്‍ എന്നിവരുടെ മുന്നേറ്റങ്ങള്‍ പ്രതിരോധ നിരയില്‍ തട്ടി ലക്ഷ്യം തെറ്റിയതും ബാഴ്‌സയ്ക്ക് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തേക്കുള്ള വഴി തെളിയിക്കുകയായിരുന്നു.
ബെന്‍ഫിക്കയെ പൂട്ടി ബയേണ്‍
ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം നടത്തിയതിനു ശേഷമാണ് പോര്‍ച്ചുഗീസ് ക്ലബ്ബായ ബെന്‍ഫിക്ക ടൂര്‍ണമെന്റിന്റെ സെമി ബെര്‍ത്ത് കാണാതെ പുറത്തായത്. സ്വന്തം തട്ടകത്തില്‍ 1-0ന്റെ നേരിയ ലീഡ് നേടിയ ബയേണ്‍ രണ്ടാംപാദത്തില്‍ ബെന്‍ഫിക്കയെ 2-2ന് പിടിച്ചു കെട്ടുകയായിരുന്നു.
ബെന്‍ഫിക്കയുടെ തട്ടകത്തില്‍ നടന്ന രണ്ടാംപാദത്തില്‍ ഒരു ഗോളിന് പിന്നില്‍ നിന്നതിനു ശേഷമാണ് ബയേണിന്റെ തിരിച്ചുവരവ്. അര്‍ത്യുറോ വിദാല്‍ (38ാം മിനിറ്റ്), തോമസ് മുള്ളര്‍ (52) എന്നിവരാണ് ബയേണനു വേണ്ടി സ്‌കോര്‍ ചെയ്തത്. റൗള്‍ ജിമെനസ് (27ാം മിനിറ്റ്), ആന്‍ഡേഴ്‌സന്‍ ടാലിസ്‌ക (76) എന്നിവരാണ് ബെന്‍ഫിക്കയുടെ സ്‌കോറര്‍മാര്‍.
Next Story

RELATED STORIES

Share it