റയലിന് സെവിയ്യ ബ്രേക്കിട്ടു; ബാഴ്‌സ തലപ്പത്ത്

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ നിലവിലെ ചാംപ്യന്‍മാരായ ബാഴ്‌സലോണ വിജയകുതിപ്പ് തുടര്‍ന്നപ്പോള്‍ മുന്‍ ജേതാക്കളായ റയല്‍ മാഡ്രിഡിന്റെ അപരാജിത കുതിപ്പിന് ബ്രേക്ക്. സൂപ്പര്‍ താരം ലയണല്‍ മെസ്സിയില്ലാതെ വിജയഗാഥ തുടരുന്ന ബാഴ്‌സലോണ 3-0ന് വിയ്യാറയലിനെയാണ് തകര്‍ത്തത്. എന്നാല്‍, റയലിനെ 2-3ന് സെവിയ്യ ഞെട്ടിക്കുകയായിരുന്നു.
സീസണില്‍ കഴിഞ്ഞ 10 മല്‍സരങ്ങളില്‍ അപരാജിത കുതിപ്പ് തുടര്‍ന്ന റയലിന്റെ ആദ്യ തോല്‍വി കൂടിയാണിത്. ലീഗിലെ മറ്റു മല്‍സരങ്ങളില്‍ അത്‌ലറ്റികോ മാഡ്രിഡ് 1-0ന് സ്‌പോര്‍ട്ടിങ് ഗിജോണിനെയും അത്‌ലറ്റിക് ബില്‍ബാവോ 2-1ന് എസ്പാന്യോളിനെയും തോല്‍പ്പിച്ചു.
ഇരട്ട ഗോള്‍ നേടിയ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറാണ് വിയ്യറായലിനെതിരേ ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍ ജയം നേടിക്കൊടുത്തത്. 60, 85 മിനിറ്റുകളിലായിരുന്നു നെയ്മറിന്റെ ഗോള്‍ നേട്ടം.
ഇതില്‍ നെയ്മറിന്റെ രണ്ടാം ഗോള്‍ മനോഹരമായിരുന്നു. ലൂയിസ് സുവാറസ് നല്‍കിയ പാസ് നെഞ്ച് കൊണ്ട് തടുത്ത നെയ്മര്‍ ഫഌക്ക് ചെയ്തതിനു ശേഷം വോളി ഷോട്ടിലൂടെ നിറയൊഴിക്കുകയായിരുന്നു. 70ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ സുവാറസും ബാഴ്‌സയ്ക്കു വേണ്ടി ലക്ഷ്യം കണ്ടിരുന്നു.
വിജയത്തോടെ പോയിന്റ് പട്ടികയില്‍ ബാഴ്‌സ തലപ്പത്തേക്ക് കയറുകയും ചെയ്തു. 11 മല്‍സരങ്ങളില്‍ നിന്ന് 27 പോയിന്റാണ് ബാഴ്‌സയ്ക്കുള്ളത്. രണ്ടാമതുള്ള റയലിന് ഇത്രയും കളികളില്‍ നിന്ന് 24 പോയിന്റാണുള്ളത്.
അതേസമയം, ഒരു ഗോളിന് മുന്നിട്ടു നിന്നതിനു ശേഷമാണ് സെവിയ്യക്കെതിരേ റയല്‍ തോല്‍വി വഴങ്ങിയത്. കരീം ബെന്‍സെമയുടെ അഭാവവും പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നിറംമങ്ങിയതും റയലിന് വിനയായി.
സിര്‍കോ ഇമോബില്‍ (36ാം മിനിറ്റ്), എവര്‍ ബാനിജ (61), ഫെര്‍ണാണ്ടോ ലോറെന്റെ (74) എന്നിവരാണ് സ്വന്തം തട്ടകത്തില്‍ സെവിയ്യക്കു വേണ്ടി സ്‌കോര്‍ ചെയ്തത്. റയലിന്റെ ഗോള്‍ സെര്‍ജിയോ റാമോസും (22ാം മിനിറ്റ്) ജെയിംസ് റോഡ്രിഗസും (90) നേടി.
എന്നാല്‍, 90ാം മിനിറ്റില്‍ ആന്റോണിയോ ഗ്രീസ്മാന്‍ നേടിയ ഗോളിലാണ് അത്‌ലറ്റികോ ഗിജോണിനെ പരാജയപ്പെടുത്തിയത്. വിജയത്തോടെ സെല്‍റ്റാവിഗോയെ പിന്തള്ളി അത്‌ലറ്റികോ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറി. 11 കളികളില്‍ നിന്ന് 23 പോയിന്റാണ് അത്‌ലറ്റികോയ്ക്കുള്ളത്.
Next Story

RELATED STORIES

Share it