റയലിന്റെയും പുതുവര്‍ഷം പിഴച്ചു

മാഡ്രിഡ്: നിലവിലെ ചാംപ്യന്‍മാരും ബദ്ധവൈരികളുമായ ബാഴ്‌സലോണയ്ക്കു പിറകെ ഗ്ലാമര്‍ ടീം റയല്‍ മാഡ്രിഡിന്റെയും പുതുവര്‍ഷത്തിലെ തുടക്കം പാളി. സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ റയലിനെ വലന്‍സിയ 2-2നു പിടിച്ചുകെട്ടുകയായിരുന്നു. ശനിയാഴ്ച ബാഴ്‌സലോണയെ എസ്പാന്യാള്‍ ഗോള്‍രഹിതമായി കുരുക്കിയിരുന്നു.
പോയിന്റ് പട്ടികയിലെ രണ്ടാംസ്ഥാനക്കാരായ ബാഴ്‌സയ്‌ക്കൊപ്പമെത്താനുള്ള സുവര്‍ണാവസരമാണ് സമനിലയോടെ റയല്‍ നഷ്ടപ്പെടുത്തിയത്. റയലിന് 37ഉം ബാഴ്‌സയ്ക്ക് 39ഉം പോയിന്റാണുള്ളത്. റയലിനേക്കാള്‍ ഒരു മല്‍സരം കുറച്ചാണ് ബാഴ്‌സ കളിച്ചത്.
എവേ മല്‍സരത്തില്‍ ഓരോ തവണ യും പിന്നില്‍ നിന്ന ശേഷമാണ് തിരിച്ചടിച്ച് വലന്‍സിയ റയലിനെ തളച്ചത്. 16ാം മിനിറ്റില്‍ കരീം ബെന്‍സെമയുടെ ഗോളില്‍ റയല്‍ മുന്നില്‍ കടന്നെങ്കിലും ഒന്നാംപകുതിയുടെ ഇഞ്ചുറിടൈമില്‍ ഡാനിയേല്‍ പെറേജോ പെനല്‍റ്റിയിലൂടെ വലന്‍സിയയെ ഒപ്പമെത്തിച്ചു. 82ാം മിനിറ്റില്‍ സൂപ്പര്‍ താരം ഗരെത് ബേലിന്റെ ഗോള്‍ റയലിന് ജയം സമ്മാനിക്കുമെന്ന് കരുതിയെങ്കിലും വലന്‍സിയ വിട്ടുകൊടുത്തില്ല. തൊട്ടടുത്ത മിനിറ്റില്‍ത്തന്നെ റയലിനെ സ്തബ്ധരാക്കി വലന്‍സിയ സമനില പിടിച്ചുവാങ്ങി. പാകോ അല്‍കാസറാണ് സ്‌കോറര്‍. 69ാം മിനിറ്റില്‍ മറ്റെയോ കൊവാസിച്ച് നേരിട്ടു ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായതിനെത്തുടര്‍ന്ന് അവസാന അരമണിക്കൂര്‍ 10 പേരെ വച്ചാണ് റയല്‍ പോരാടിയത്.
ലീഗിലെ മറ്റു മല്‍സരങ്ങളില്‍ വിയ്യാറയല്‍ 2-1ന് ഡിപോര്‍ട്ടീവോ ലാ കൊരുണയെയും ഗ്രനാഡ 2-1ന് സെവിയ്യയെയും ഐബര്‍ 4-0ന് റയല്‍ ബെറ്റിസിനെയും പരാജയപ്പെടുത്തി. അത്‌ലറ്റിക് ബില്‍ബാവോ- ലാസ് പാല്‍മസ്, റയോ വല്ലെക്കാനോ-റയല്‍ സോസിഡാഡ് മല്‍സരങ്ങള്‍ 2-2നു സമനിലയില്‍ പിരിയുകയായിരുന്നു.
വലന്‍സിയക്കെതിരായ സമനില റയല്‍ കോച്ച് റാഫേല്‍ ബെനിറ്റസിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കും. താരനിബിഢമായ റയല്‍ തുടര്‍ച്ചയായി ര ണ്ടാം മല്‍സരത്തിലും ശരാശരി പ്രകടനമാണ് കാഴ്ചവച്ചത്.
വലന്‍സിയക്കെതി രേ കൊളംബിയന്‍ സ്റ്റാര്‍ ജെയിംസ് റോഡ്രിഗസിനെ സൈഡ് ബെഞ്ചിലിരുത്തി കൊവാസിച്ചിനെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയ ബെനിറ്റസിന്റെ നീക്കം പാളുകയായിരുന്നു.
Next Story

RELATED STORIES

Share it