റയലിനു ഷോക്ക്...

ബെര്‍ലിന്‍/ പാരിസ്: 11ാം കിരീടം ലക്ഷ്യമിട്ടെത്തിയ സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിനു യുവേഫ ചാംപ്യന്‍സ് ലീഗിന്റെ ആദ്യപാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഞെട്ടിക്കുന്ന തോല്‍വി. ജര്‍മന്‍ ക്ലബ്ബായ വോ ള്‍ഫ്‌സ്ബര്‍ഗ് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് റയലിന്റെ കഥ കഴിക്കുകയായിരുന്നു.
മറ്റൊരു ഗ്ലാമര്‍ പോരാട്ടത്തി ല്‍ ഫ്രഞ്ച് ജേതാക്കളായ പിഎസ്ജിയും ഇംഗ്ലീഷ് അതികായ ന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയും 2-2നു പിരിഞ്ഞു.
ക്ലാസികോയ്ക്കു ശേഷം കാലിടറി റയല്‍
ബദ്ധവൈരികളായ ബാഴ്‌സലോണയ്‌ക്കെതിരേ ദിവസങ്ങള്‍ക്കു മുമ്പ് നടന്ന എല്‍ ക്ലാസിക്കോയില്‍ നേടിയ സ്വപ്‌നവിജയത്തിനു ശേഷമാണ് റയലിന് കാലിടറിയത്. ജര്‍മന്‍ ലീഗില്‍ ഫോം കണ്ടെത്താനാവാതെ വിഷമിക്കുന്ന വോള്‍ഫ്‌സ്ബര്‍ഗിനെതിരേ റയല്‍ അനായാസജയം നേടുമെന്നായിരുന്നു നേരത്തേയുള്ള വിലയിരുത്തല്‍. എന്നാല്‍ താരനിബിഢമായ റയലിനെതിരേ വാശിയോടെ പോരാടി വോള്‍ഫ്‌സ്ബര്‍ഗ് അവിശ്വസനീയ ജയം കൊയ്യുകയായിരുന്നു.
ഒന്നാംപകുതിയില്‍തന്നെ രണ്ടു തവണ റയലിന്റെ വലയി ല്‍ പന്തെത്തിച്ച് വോള്‍ഫ്‌സ്ബ ര്‍ഗ് കളി വരുതിയിലാക്കിയിരുന്നു. റിക്കാര്‍ഡോ റോഡ്രിഗസ് (18ാം മിനിറ്റ്), മാക്‌സിമിലിയന്‍ ആര്‍നോള്‍ഡ് (25) എന്നിവരാണ് വോള്‍ഫ്‌സിന്റെ സ്‌കോറര്‍മാര്‍.
സ്‌കോര്‍ സൂചിപ്പിക്കുന്നതുപോലെ ഏകപക്ഷീയമായിരുന്നില്ല വോള്‍ഫ്‌സിന്റെ വിജയം. ഗോള്‍ നേടാന്‍ നിരവധി സുവര്‍ണാവസരങ്ങള്‍ റയലിനു ലഭിച്ചെങ്കിലും ഒന്നുപോലും മുതലെടുക്കാനായില്ല. വോള്‍ഫ്‌സാവട്ടെ കൗണ്ടര്‍അറ്റാക്കുകളിലൂടെയാണ് ഗോള്‍ നേടി റയലിനെ സ്തബ്ധരാക്കിയത്.
സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഗരെത് ബേല്‍, കരീം ബെന്‍സെമ എന്നിവരടങ്ങുന്ന ശക്തമായ ടീമിനെയാണ് റയല്‍ കോച്ച് സൈനുദ്ദീന്‍ സിദാന്‍ കളത്തിലിറക്കിയത്. രണ്ടാം മിനിറ്റില്‍ത്തന്നെ ക്രിസ്റ്റിയാനോ റയലിനായി പന്ത് വലയ്ക്കുള്ളിലാക്കിയെങ്കിലും റഫറി ഓഫ്‌സൈഡ് വിധിച്ചു.
12ാം മിനിറ്റിലാണ് വോള്‍ഫ്‌സിന്റെ ആദ്യ ഗോള്‍നീക്കം കണ്ടത്. ഇടതുമൂലയില്‍ നിന്ന് ജൂലിയന്‍ ഡ്രാക്‌സ്‌ലര്‍ ബോക്‌സിനുള്ളിലേക്കു നല്‍കിയ ക്രോസില്‍ ബ്രൂണോ ഹെന്റിക്വെ പിന്റോയുടെ ക്ലോസ്‌റേഞ്ച് ഹെഡ്ഡര്‍ റയല്‍ ഗോളി കെയ്‌ലര്‍ നവാസിന്റെ കൈകളില്‍ അവസാനിച്ചു.
രണ്ടു മിനിറ്റിനകം ബെന്‍സെമയ്ക്ക് റയലിനു ലീഡ് നേടിക്കൊടുക്കാനുള്ള അവസരം ലഭിച്ചു. പന്തുമായി ബോക്‌സിനുള്ളില്‍ കുതിച്ചെത്തിയ ബെന്‍സെമ ഡിഫന്റര്‍ ഡാന്റെയെ വെട്ടിയൊഴിഞ്ഞ് ഷോട്ടുതിര്‍ത്തെങ്കിലും വോള്‍ഫ്‌സ് ഗോളിയുടെ കാലില്‍ തട്ടി ഈ ശ്രമം വിഫലമായി.
18ാം മിനിറ്റില്‍ റയലിനെ ഞെട്ടിച്ച് വോള്‍ഫ്‌സ് മുന്നിലെത്തി. പെനല്‍റ്റിയുടെ രൂപത്തിലാണ് വോള്‍ഫ്‌സിനെത്തേടി ഭാഗ്യമെത്തിയത്. ആന്ദ്രെ ഷര്‍ലെയെ റയല്‍ ഡിഫന്‍ഡര്‍ കസേമിറോ ഫൗള്‍ ചെയ്തതിനെതുടര്‍ന്നായിരുന്നു പെനല്‍റ്റി. റോഡ്രിഗസ് പെനല്‍റ്റി അനായാസം വയലിലെത്തിക്കുകയും ചെയ്തു.
റയലിന്റെ തിരിച്ചുവരവ് പ്രതീക്ഷകള്‍ കൂടുതല്‍ ദുഷ്‌കരമാക്കി 25ാം മിനിറ്റില്‍ വോള്‍ഫ്‌സ് ലീഡുയര്‍ത്തി. ബോക്‌സിനു പുറത്തുവച്ച് ഡ്രാക്‌സ്‌ലര്‍ വലതുമൂലയിലേക്കു നല്‍കിയ ക്രോസ് പിന്റോയ്ക്ക്. ബോക്‌സിനു കുറുകെ പിന്റോ നല്‍കിയ ക്രോസ് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ആര്‍നോള്‍ഡ് അനായാസം വലയിലേക്ക് തട്ടിയിട്ടു.
33ാം മിനിറ്റില്‍ ആദ്യ ഗോള്‍ മടക്കാന്‍ ലഭിച്ച മികച്ച അവസരം ബെന്‍സെമ പാഴാക്കി. ഇടതുമൂലയില്‍ നിന്നു ബേല്‍ നല്‍കിയ ക്രോസ് ക്ലോസ്ആംഗിളില്‍ നിന്ന് ബെന്‍സെമ പുറത്തേക്ക് ഹെഡ്ഡ് ചെയ്യുകയായിരുന്നു.
രണ്ടാംപകുതിയില്‍ ലീഡുയര്‍ത്താന്‍ വോള്‍ഫ്‌സിനും ഗോള്‍ മടക്കാന്‍ റയലിനും അവസരങ്ങള്‍ ലഭിച്ചെങ്കിലും മുതലെടുക്കാന്‍ സാധിച്ചില്ല. ഈ തോല്‍വിയോടെ ഹോംഗ്രൗണ്ടില്‍ ഈ മാസം 12നു നടക്കാനിരിക്കുന്ന രണ്ടാംപാദ ക്വാര്‍ട്ട ര്‍ റയലിനു ജീവന്‍മരണപോരാട്ടമായി മാറി.
സെമി പ്രതീക്ഷയില്‍ സിറ്റി
ഫ്രഞ്ച് ലീഗ് ചാംപ്യന്മാരായ പിഎസ്ജിക്കെതിരേ പൊരുതിനേടിയ 2-2ന്റെ സമനില മാഞ്ചസ്റ്റര്‍ സിറ്റിക്ക് ആഹ്ലാദമേകും. കാരണം, പിഎസ്ജിയുടെ മൈതാനത്ത് നിര്‍ണായകമായ രണ്ടു എവേ ഗോളുകള്‍ നേടാനായത് സിറ്റിയുടെ കന്നി സെമി മോഹങ്ങള്‍ക്കു നിറംപകരുന്നുണ്ട്. അടുത്തയാഴ്ച ഹോംഗ്രൗണ്ടില്‍ നടക്കാനിരിക്കുന്ന രണ്ടാംപാദ ക്വാര്‍ട്ടറില്‍ 0-0നോ 1-1നോ സമനില വഴങ്ങിയാലും സിറ്റി സെമിയിലേക്കു മുന്നേറും.
14ാം മിനിറ്റില്‍ പിഎസ്ജിക്ക് അനുകൂലമായി പെനല്‍റ്റി ലഭിച്ചെങ്കിലും സ്റ്റാര്‍ സ്‌ട്രൈക്ക ര്‍ സ്ലാറ്റന്‍ ഇബ്രാഹിമോവിച്ചിന്റെ കിക്ക് സിറ്റി ഗോളി ജോ ഹര്‍ട്ട് വിഫലമാക്കി. 38ാം മിനിറ്റില്‍ കെവിന്‍ ഡിബ്രൂയ്‌നിലൂടെ സിറ്റിയാണ് ആദ്യം അക്കൗണ്ട് തുറന്നത്. 41ാം മിനിറ്റില്‍ ഇബ്രാഹിമോവിച്ച് സിറ്റിയെ ഒപ്പമെത്തിച്ചു. 59ാം മിനിറ്റില്‍ അഡ്രിയേന്‍ റാബിയറ്റ് പിഎസ്ജിക്കു ലീഡ് നേടിക്കൊടുത്തു. എന്നാല്‍ 72ാം മിനിറ്റില്‍ ഫെര്‍ണാണ്ടീഞ്ഞോയിലൂടെ സിറ്റി സമനില പിടിച്ചുവാങ്ങി.
Next Story

RELATED STORIES

Share it