റമാദിയില്‍ ഐഎസിന് തിരിച്ചടി

ബഗ്ദാദ്: ഇറാഖിലെ സുന്നി ഭൂരിപക്ഷ പ്രദേശമായ റമാദിയില്‍ ഐഎസിനു തിരിച്ചടി. അഞ്ചു ദിവസം നീണ്ട പോരാട്ടത്തിനൊടുവില്‍ റമാദിയുടെ ഭൂരിഭാഗം പ്രദേശങ്ങളും ഇറാഖ് സൈന്യം തിരിച്ചുപിടിച്ചു. റമാദിയിലെ സുപ്രധാന സര്‍ക്കാര്‍ ഓഫിസിന് 500 മീറ്റര്‍ മാത്രം അകലെയാണ് ഇറാഖ് സൈന്യം ഇപ്പോഴുള്ളത്. പ്രദേശത്ത് കനത്ത പോരാട്ടം തുടരുകയാണ്.
ഐഎസിന് ഇറാഖില്‍ ലഭിക്കുന്ന ഏറ്റവും വലിയ തിരിച്ചടിയാണിത്. മെയിലാണ് ഐഎസ് റമാദി കീഴടക്കിയത്. ഇറാഖ് സൈന്യത്തിനു ലഭിച്ച ഏറ്റവും വലിയ തിരിച്ചടിയായിരുന്നു റമാദിയുടെ വീഴ്ച. ബഗ്ദാദിന് 90 കിലോമീറ്റര്‍ പടിഞ്ഞാറാണ് റമാദി. ഐഎസിന്റെ ശക്തികേന്ദ്രമായ ഹാവൂസ് തങ്ങള്‍ കീഴടക്കിയതായി ഇറാഖ് സൈനിക ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടു. അന്‍ബാര്‍ മേഖലയുടെ ഭരണസിരാകേന്ദ്രമാണിത്. പോലിസ് ഡയറക്ടറേറ്റും ഇവിടെയാണുള്ളത്. നഗരത്തില്‍ തങ്ങളുടെ മുന്നേറ്റം തടയാന്‍ ഐഎസ് നിരവധി കെണികള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും തങ്ങള്‍ മുന്നേറ്റം തുടരുകയാണെന്ന് സംയുക്ത ഓപറേഷന്‍ കമാന്‍ഡ് വക്താവ് ബ്രിഗേഡിയര്‍ യഹ്‌യ റസൂല്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു.
തങ്ങള്‍ നിരവധി ഐഎസ് പോരാളികളെ കൊലപ്പെടുത്തിയതായി പോലിസ് ക്യാപ്റ്റന്‍ അഹ്മദ് അല്‍ ദുലൈമി അവകാശപ്പെട്ടു. നഗരത്തില്‍ 300 ഐഎസ് പോരാളികള്‍ ഇപ്പോഴും ബാക്കിയുണ്ടെന്നും അവര്‍ സാധാരണക്കാരെ തടവുകാരാക്കിയതായി സംശയമുണ്ടെന്നും സൈനികവൃത്തങ്ങള്‍ വ്യക്തമാക്കി. നഗരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഐഎസ് സര്‍ക്കാര്‍ അനുകൂലികളെത്തേടി നിരവധി റെയ്ഡുകള്‍ നടത്തിയിരുന്നു. റമാദി തിരിച്ചുപിടിക്കാന്‍ കഴിഞ്ഞ നവംബറില്‍ സര്‍ക്കാര്‍ സൈന്യം നീക്കം തുടങ്ങിയിരുന്നെങ്കിലും മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. ശിയാ ഭൂരിപക്ഷമുള്ള ശക്തരായ അര്‍ധസൈനിക വിഭാഗത്തെ പോരാട്ടത്തില്‍ പങ്കെടുപ്പിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതോടെയായിരുന്നു ഇത്.
Next Story

RELATED STORIES

Share it